ഇത് മകളുടെ സ്മരണയില്‍ അച്ഛന്‍ നല്‍കുന്ന ജീവജലം; വാക്കുപാലിച്ച് സുരേഷ് ഗോപി, ഊഷ്മളസ്വീകരണം


ഇടമലക്കുടിയിലെ ഇഡ്ഢലിപ്പാറക്കുടിയിൽ എത്തിയ മുൻ എം.പി. സുരേഷ് ഗോപിയെ പൂക്കൾ നൽകി സ്വീകരിക്കുന്നു. ഫോട്ടോ: ശ്രീജിത്ത് പി.രാജ്

ഇടമലക്കുടി: വാക്കുപറഞ്ഞ കുടിവെള്ളപദ്ധതി സ്വന്തം മകളുടെ പേരിലുള്ള ട്രസ്റ്റില്‍നിന്ന് ഏഴുലക്ഷം രൂപ മുടക്കി നടപ്പാക്കിയശേഷം ഇടമലക്കുടിയിലെത്തിയ സുരേഷ് ഗോപിക്ക് കുടിക്കാര്‍ ആവേശകരമായ സ്വീകരണം നല്‍കി. താളമേളങ്ങളുടെ അകമ്പടിയോടെ വനപുഷ്പങ്ങള്‍ നല്‍കിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ആദ്യമായാണ് അദ്ദേഹം ഇടമലക്കുടിയില്‍ എത്തുന്നത്.

സുരേഷ് ഗോപി തിങ്കളാഴ്ചതന്നെ അടിമാലിക്ക് സമീപമുള്ള ആനച്ചാലില്‍ എത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ സ്വന്തം വാഹനത്തില്‍ പെട്ടിമുടിയില്‍ എത്തി. രണ്ടുവര്‍ഷം മുന്‍പ് പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ ശവകുടീരങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി.അവിടെനിന്ന് ജീപ്പില്‍ ദുര്‍ഘടപാതയിലൂടെ എട്ടുകിലോ മീറ്റര്‍ അകലെയുള്ള ഇഡ്ഡലിപ്പാറക്കുടിയിലെത്തി. അദ്ദേഹത്തെ കാണിമാരുടെ പരമ്പരാഗതമായ തലപ്പാവണിയിച്ചാണ് സ്വീകരിച്ചത്. കുടിയുടെ ആചാരപ്രകാരം നൃത്തവും വാദ്യമേളങ്ങളും ഒരുക്കിയിരുന്നു. കുട്ടികള്‍ അദ്ദേഹത്തിന് പൂക്കള്‍ നല്‍കി.

കുടിക്കാരുമായി ഏറെനേരം സംവദിച്ച സുരേഷ് ഗോപി അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു. കുടിയില്‍ തകര്‍ന്ന ടാര്‍പ്പക്കുളം ശരിയാക്കുന്നതിനാവശ്യമായ സാധനങ്ങളും വാങ്ങി നല്കി. കുടി കാണിമാരെയും തലൈവന്‍മാരെയും പഞ്ചായത്തംഗങ്ങളെയും ഷാളണിയിച്ച് ആദരിച്ചു. കുടിയില്‍നിന്ന് ഭക്ഷണം കഴിച്ചു. കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി റോഡ്, വൈദ്യുതി, മൊബൈല്‍ റേഞ്ച് എന്നിവയ്ക്കായി ശ്രമം നടത്തുമെന്നും ഉറപ്പ് നല്കിയാണ് അദ്ദേഹം മടങ്ങിയത്.

രാജ്യസഭാംഗമായിരിക്കുമ്പോള്‍ എം.പി.ഫണ്ടില്‍നിന്ന് ഇടമലക്കുടി പഞ്ചായത്തിലെ ഇഡ്ഡലിപ്പാറക്കുടിയിലേയ്ക്ക് 12 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ വനംവകുപ്പിന്റെ എതിര്‍പ്പും മറ്റ് സാങ്കേതിക കാരണങ്ങളുംമൂലം പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞില്ല. വനംവകുപ്പില്‍നിന്ന് അനുവാദം ലഭിക്കുവാന്‍ ഏറെ താമസിക്കുമെന്ന കാരണത്താല്‍ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. ആ 12 ലക്ഷം രൂപ മറ്റൊരു പദ്ധതിക്കായി നല്‍കി. എന്നാല്‍ ഇടമലക്കുടിക്കാര്‍ക്ക് നല്കിയ വാഗ്ദാനത്തില്‍നിന്ന് സുരേഷ് ഗോപി പിന്‍മാറിയില്ല. മകള്‍ ശ്രീലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റില്‍നിന്ന് ഏഴുലക്ഷം രൂപ നല്കി ഇഡ്ഡലിപ്പാറക്കുടിയില്‍ പദ്ധതി നടപ്പാക്കുകയായിരുന്നു.

കുടിവെള്ള ടാങ്ക് നിര്‍മിച്ചുനല്‍കും

ഇഡ്ഡലിപ്പാറക്കുടിയില്‍ കുടിവെള്ള ടാങ്ക് നിര്‍മിച്ചുനല്‍കുമെന്ന് മുന്‍ എം.പി. സുരേഷ് ഗോപി. കുടിയില്‍ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതിനുവേണ്ട സാഹചര്യങ്ങളൊരുക്കുന്നതിന് മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇടമലക്കുടിയിലേക്ക് നേതാക്കളല്ല, ഹൃദയങ്ങള്‍ എത്തണം -സുരേഷ് ഗോപി

ഇടമലക്കുടി: ഇടമലക്കുടിപോലെയുള്ള സമൂഹത്തിന്റെ അടിത്തട്ടിലെ ജീവിതങ്ങളിലേക്ക് ഭരണാധികാരികള്‍ ഓടിയെത്തിയില്ലെങ്കിലും അവരുടെ ഹൃദയങ്ങള്‍ എത്തിയാല്‍ മതിയെന്ന് രാജ്യസഭാ മുന്‍ എം.പി. സുരേഷ് ഗോപി. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ ഹൃദയങ്ങള്‍ എത്താത്തതുകൊണ്ടാണ് ആദിവാസിസമൂഹം ഇന്നും പിന്നാക്കാവസ്ഥയില്‍ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇഡ്ഡലിപ്പാറക്കുടിയില്‍ മകളുടെ പേരിലുള്ള ട്രസ്റ്റില്‍നിന്ന് അനുവദിച്ച കുടിവെള്ളപദ്ധതി യാഥാര്‍ഥ്യമാക്കിയശേഷം അവിടം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

രണ്ടുമണിക്കൂര്‍ മലകയറിയിറങ്ങി തോളില്‍ ചുമന്ന് ഇന്നും ഇടമലക്കുടിയില്‍ കുടിവെള്ളമെത്തിക്കേണ്ടിവരുന്നു. 75 വര്‍ഷത്തിലേക്ക് ഭാരതത്തിന്റെ സ്വാതന്ത്ര്യം വളര്‍ന്നുനില്ക്കുമ്പോള്‍ എന്തുകൊണ്ട് ശുദ്ധജലം ജനങ്ങള്‍ക്ക് നല്കുവാന്‍ കഴിയുന്നില്ല.

ഞാന്‍ വന്ന ജീപ്പിലാണ് ഇടമലക്കുടിയിലേക്കുള്ള സൗജന്യ അരി കൊണ്ടുവരുന്നത്. രണ്ടുവര്‍ഷമായി ജീപ്പിന്റെ കൂലിയായ 16 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ കൊടുത്തിട്ടില്ല. ഇവിടത്തെ വാഹന ഉടമകളൊന്നും അത്ര ധനാഢ്യരല്ല. എങ്ങനെ ജീവിക്കും ഈ മനുഷ്യര്‍. എവിടെയാണ് ഈ പണമൊക്കെ പോകുന്നത്. കുടിവെള്ള പദ്ധതിക്കായി എം.പി. ഫണ്ടില്‍നിന്ന് പന്ത്രണ്ടേമുക്കാല്‍ ലക്ഷം രൂപ ഞാന്‍ അനുവദിച്ചിരുന്നു. ഒരുവര്‍ഷം കഴിഞ്ഞാണ് അതിന് വനംവകുപ്പിന്റെയും മറ്റും തടസ്സമുണ്ടെന്ന് പറയുന്നത്. മകളുടെ പേരിലുള്ള ട്രസ്റ്റില്‍നിന്ന് പണം അനുവദിച്ചാണ് പദ്ധതി ഇപ്പോള്‍ യാഥാര്‍ഥ്യമാക്കിയത്.

മുന്‍പ് പറഞ്ഞതുപോലെയുള്ള തടസ്സങ്ങള്‍ പലതും ഞാന്‍വരുന്ന വഴിയിലും കണ്ടു. സര്‍ക്കാര്‍ പണംമുടക്കി പാലവും ഗര്‍ഡറും നിര്‍മിച്ച് നല്‍കിയിട്ടും അത് ഉപയോഗമില്ലാതെ കിടക്കുന്നു. ഇതിനുകാരണം പാലം റോഡുമായി ബന്ധിപ്പിക്കാനുള്ള വനംവകുപ്പിന്റെ തടസ്സമാണ്. വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തതിനാലാണ് ഇങ്ങനെയുണ്ടാകുന്നത്.

അട്ടപ്പാടിയിലെ പ്രശ്നങ്ങള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍ 30 ദിവസത്തിനകം ഗോത്രവിഭാഗത്തിന്റെ സ്ഥിതിവിശേഷ റിപ്പോര്‍ട്ട് നല്‍കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി. ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, മേഖല പ്രസിഡന്റ് എന്‍.ഹരി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വി.എന്‍.സുരേഷ്, വി.എസ്. രതീഷ്, ദേവികുളം മണ്ഡലം പ്രസിഡന്റ് അളകരാജ്, ജന. സെക്രട്ടറിമാരായ പി.പി. മുരുകന്‍, സ്‌കന്ദകുമാര്‍, ജില്ലാ ഭാരവാഹികളായ സി. സന്തോഷ്‌കുമാര്‍, സോജന്‍ ജോസഫ്, തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

Content Highlights: suresh gopi visits edamalakkudy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented