ആലത്തൂര്‍: ''അന്നുകണ്ട നിന്റെ മുഖം ഇപ്പോഴും ഓര്‍മയുണ്ട് മകളേ'' -സുരേഷ് ഗോപി പറഞ്ഞപ്പോള്‍ ഓര്‍മകളുടെ തിരതള്ളലില്‍ ശ്രീദേവി വിതുമ്പിക്കൊണ്ട് ആ നെഞ്ചോടുചേര്‍ന്നു. ഒരുനിമിഷം അവര്‍ അച്ഛനും മകളുമായി. പൊതിഞ്ഞുകൊണ്ടുവന്ന പലഹാരങ്ങള്‍ അവള്‍ക്ക് നല്‍കി. പൊതിതുറന്ന് ശ്രീദേവി മകള്‍ ശിവാനിക്ക് അത് കൊടുത്തപ്പോള്‍ മുത്തച്ഛനെപ്പോലെ സുരേഷ് ഗോപി നോക്കിയിരുന്നു. എല്ലാം ശരിയാകുമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ സങ്കടങ്ങള്‍മറന്ന് അവള്‍ പറഞ്ഞു -''സന്തോഷമായി, സ്വര്‍ഗംകിട്ടിയപോലെ. എനിക്ക് അച്ഛനും എല്ലാവരുമുണ്ട്.''

ഫ്‌ളാഷ്ബാക്ക്

സിനിമാക്കഥപോലെതന്നെയാണ് ശ്രീദേവിയുടെ ജീവിതവും. 25 വര്‍ഷംമുമ്പ് മലപ്പുറം കോട്ടയ്ക്കല്‍ പൂക്കിപ്പറമ്പിലെ കടത്തിണ്ണയില്‍ ഉറുമ്പരിച്ച് കൈകാലിട്ടടിച്ചുകരഞ്ഞ ചോരക്കുഞ്ഞായിരുന്നു അവള്‍. കോഴിച്ചന്ന കണ്ടംതിറയിലെ നാടോടിയായ തങ്കമ്മ എന്ന എണ്‍പതുകാരി അന്ന് മകളായി ഏറ്റെടുത്തു. പുറമ്പോക്കിലെ കുടിലില്‍ പ്രസവിച്ചുകിടന്നിരുന്ന തങ്കമ്മയുടെ മകള്‍ വേട്ടക്കാരി അവളെയും മുലയൂട്ടി. തങ്കമ്മ ആക്രിപെറുക്കിയും നാട്ടുകാരുടെ സഹായംകൊണ്ടും ശ്രീദേവിയെ വളര്‍ത്തി. നാടോടികള്‍ക്കൊപ്പം വളരുന്ന സുന്ദരിക്കുട്ടി മാധ്യമങ്ങളില്‍ വാര്‍ത്തയായി.

കോഴിച്ചന്ന എ.എം.എല്‍.പി. സ്‌കൂളില്‍ ശ്രീദേവിയെ ചേര്‍ത്തപ്പോള്‍ തങ്കമ്മയെ ഒരു ചിന്ത അലട്ടി. തന്റെ കാലശേഷം ഇവളെ ആര് സംരക്ഷിക്കും. ഭിക്ഷാടനവും ആക്രിശേഖരണവും നടത്തുന്ന നാടോടിക്കൂട്ടത്തിലെ ചിലര്‍ ശ്രീദേവിയെ ഉപദ്രവിച്ചുതുടങ്ങിയതും ഈ ആശങ്കയ്ക്ക് കാരണമായി. നടന്‍ ശ്രീരാമനില്‍നിന്ന് ഇക്കഥകള്‍ കേട്ടറിഞ്ഞ സുരേഷ് ഗോപി വീടുവെച്ച് കൊടുക്കാന്‍ ശ്രമംനടത്തിയെങ്കിലും അത് ഫലപ്രാപ്തിയിലെത്തിയില്ല.

മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അവളെ ആലുവയില്‍ ജോസ് മാവേലി നടത്തുന്ന ജനസേവാ ശിശുഭവന്റെ സംരക്ഷണയിലാക്കി. ഇവിടെയായിരിക്കുമ്പോഴാണ് ശ്രീദേവിയെ സുരേഷ് ഗോപി കാണുന്നത്. 'രാഷ്ട്രം' എന്ന ചലച്ചിത്രത്തിന്റെ ഒരുഭാഗം ജനസേവാ ശിശുഭവനില്‍ ചിത്രീകരിച്ചപ്പോഴാണിത്. ശിശുഭവന്റെ സംരക്ഷണയില്‍ പത്താംക്ലാസുവരെ പഠനം പൂര്‍ത്തിയാക്കി. 2015-ല്‍ വിവാഹംകഴിഞ്ഞ് പാലക്കാട് ആലത്തൂരിനടുത്ത് കാവശ്ശേരിയിലുള്ള ഭര്‍ത്തൃവീട്ടിലെത്തി.

ജീവിതമെന്ന പരീക്ഷണം

കാവശ്ശേരിസ്വദേശി സതീഷ് പത്രപ്പരസ്യം കണ്ടാണ് ശ്രീദേവിയെ വിവാഹമാലോചിച്ചത്. വീട്ടുകാര്‍ ആദ്യം എതിര്‍ത്തില്ലെങ്കിലും പിന്നീട് അഭിപ്രായവ്യത്യാസമായി. സതീഷ് കാവശ്ശേരി ഗ്രാമപ്പഞ്ചായത്തോഫീസിന് സമീപത്ത് ആരംഭിച്ച സ്റ്റേഷനറിക്കടയുടെ പിന്നിലുള്ള മുറിയിലേക്ക് ഇവര്‍ക്ക് താമസംമാറ്റേണ്ടിവന്നു. ഇത് വാടകക്കെട്ടിടമാണ്.

മകള്‍ ശിവാനി ഇവരുടെ ജീവിതത്തിലേക്കെത്തിയിട്ട് നാലരവര്‍ഷമായി. കടനടത്താന്‍ നാലുലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ട്. കോവിഡ് വന്നതോടെ കച്ചവടം കുറഞ്ഞതുമൂലം വായ്പ കുടിശ്ശികയായി. ഇവരുടെ ദുരിതം മനസ്സിലാക്കിയ ബി.ജെ.പി. സംസ്ഥാനസമിതി അംഗം സി.എസ്. ദാസാണ് സുരേഷ് ഗോപിയെ ഇക്കാര്യങ്ങള്‍ അറിയിച്ചത്. പഴയ ശ്രീദേവിയെ ഓര്‍മിച്ചെടുത്ത അദ്ദേഹം നേരില്‍വന്ന് കാണാന്‍ തീരുമാനിക്കയായിരുന്നു.

സ്വന്തംവീടില്ല, കടബാധ്യത തുടങ്ങിയ സങ്കടങ്ങളൊക്കെ അവള്‍ പറഞ്ഞു. എല്ലാം പരിഹരിക്കാനുള്ള വഴിതെളിയുമെന്ന അദ്ദേഹത്തിന്റെ വാക്കുകളിലാണ് ഇനി ഈ കുടുംബത്തിന്റെ പ്രതീക്ഷ. ബി.ജെ.പി. നേതാക്കളായ ഇ. കൃഷ്ണദാസ്, എന്‍. നാഗേഷ്, വി. വേണുഗോപാല്‍, ടി. ഹരിദാസ്, കെ. സദാനന്ദന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Content Highlights: Suresh gopi visit sreedevi