തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശബരിമല വിവാദം സൂചിപ്പിച്ച് നടന്‍ സുരേഷ് ഗോപി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഈ വിഷയം പരോക്ഷമായി സൂചിപ്പിച്ചത്. സംസ്ഥാനത്ത് ഇരുമുന്നണികളും ആരോപണങ്ങളില്‍ പെട്ടിരിക്കുന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
'അന്വേഷണങ്ങള്‍ എങ്ങനെയായി തീരുമെന്നും അതിന്റെ പരിണിതഫലങ്ങള്‍ എന്താകുമെന്നും ഇപ്പോള്‍ വ്യക്തമല്ല, എന്നാല്‍ ഞാന്‍ തികഞ്ഞ ഈശ്വര വിശ്വാസിയാണ്, ഒരാളുണ്ട് ആരെയും വെറുതെ വിടില്ല. ഞാന്‍ സ്ഥാനാര്‍ഥിയല്ല, അതുകൊണ്ട് നെഞ്ചത്ത് കൈവെച്ച് പറയുന്നു-എന്റെ അയ്യന്‍, എന്റെ അയ്യന്‍'. സുരേഷ് ഗോപി പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പിയ്ക്ക് അനുകൂലമായി മാനസികമായ മാറ്റം ജനങ്ങളിലുണ്ടാകണം. ശക്തമായ ഭരണം കാഴ്ചവെക്കാന്‍ സാധിക്കുന്ന തരത്തിലുള്ള മാറ്റമാണ് ഉണ്ടാകേണ്ടത്. കേരളത്തിലെവിടെയൊക്കെ ബി.ജെ.പിയ്ക്ക് ഭരണം ലഭിക്കുന്നുവോ അവിടെയൊക്കെ മികവ് നേരിട്ട് കാണാം. അതുതന്നെയാണ് മറ്റ് പാര്‍ട്ടികള്‍ ഭയക്കുന്നത്.
അതിനാല്‍ ജനങ്ങളുടെ ശത്രുക്കളെ നിഗ്രഹിക്കേണ്ടതുണ്ടെങ്കില്‍ ഈ തിരഞ്ഞെടുപ്പ് ജനങ്ങള്‍ക്ക് അതിനുള്ള അവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Suresh Gopi to media on matters regarding Sabarimala, Local Body Election etc.