'ആന്തരികമായ ബഹുമാനത്തിന്‍റെ ബാഹ്യമായ പ്രകടനം'- സല്യൂട്ട് എന്ന പദത്തിന്‍റെ അര്‍ത്ഥമിതാണ്. ഒല്ലൂരിൽ ആദിവാസി ഊര് സന്ദർശനത്തിനെത്തിയ സുരേഷ് ​ഗോപി എംപിയെ എസ്ഐ സല്യൂട്ട് ചെയ്യാതിരുന്നത് വിവാദമായി. തന്നെ കണ്ടിട്ടും ജീപ്പിൽ നിന്ന് ഇറങ്ങാതിരുന്ന എസ്ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിക്കുകയായിരുന്നു എംപി. താനൊരു എംപിയാണെന്നും സല്യൂട്ട് ആവാമെന്നും സുരേഷ് ​ഗോപി പറയുന്നതാണ് വീ‍ഡിയോയിലുള്ളത്. ഉടൻ തന്നെ വാഹനത്തിൽ നിന്നിറങ്ങി എംപിയെ എസ്ഐ സല്യൂട്ട് ചെയ്യുന്നതും കാണാം. 

എന്നാൽ സല്യൂട്ട് ചെയ്യിപ്പിച്ചു എന്നു പറയുന്ന പ്രയോഗം തന്നെ തന്റെ പ്രവര്‍ത്തനങ്ങളെ ഉന്നം വെച്ചുകൊണ്ടുള്ളതാണെന്നാണ് സുരേഷ് ​ഗോപി വിഷയത്തിൽ പ്രതികരിച്ചത്. വളരെ മാന്യമായിട്ടാണ് പെരുമാറിയതെന്നും എസ്.ഐയെ 'സര്‍' എന്നാണ് അഭിസംബോധന ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ചർച്ചയാവുകയാണ് സല്യൂട്ടിന്‍റെ വ്യവസ്ഥകള്‍. പ്രോട്ടോക്കോൾ പ്രകാരം പോലീസ് ആർക്കെല്ലാമാണ് സല്യൂട്ട് ചെയ്യേണ്ടതെന്നും ജനപ്രതിനിധികൾ അക്കൂട്ടത്തിൽ പെടുമോ എന്നുമെല്ലാം വാദങ്ങൾ ഉയരുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ  മുൻ​ഗണനാ പ്രോ‌ട്ടോക്കോൾ പട്ടിക പ്രകാരവും കേരള സർക്കാരിന്റെ പ്രോട്ടോക്കോൾ ഉത്തരവിലും എംപിയുടെ സ്ഥാനം ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും മുന്നേ 21ാം സ്ഥാനത്താണെന്നും ആയതിനാൽ എംപി എന്ന നിലയിൽ സുരേഷ് ​ഗോപി സല്യൂട്ട് ആവശ്യപ്പെട്ടതിൽ തെറ്റില്ലെന്നും വാദമുയർത്തുന്നവരുണ്ട്. പോലീസ് സ്റ്റാൻഡിങ് ഓർഡർ പ്രകാരം എംപിയെ പോലീസ് സല്യൂട്ട് ചെയ്യേണ്ടതുണ്ടോ? ചോദിച്ചു വാങ്ങേണ്ടതാണോ സല്യൂട്ട്? പരിശോധിക്കാം..

സല്യൂട്ട് ചോദിച്ചുവാങ്ങേണ്ടതല്ല- ആർ. പ്രശാന്ത് (കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്)

സല്യൂട്ടിനെ സംബന്ധിച്ച് പോലീസിന് കൃത്യമായ നിർദേശങ്ങൾ സർക്കുലർ മുഖാന്തരം നൽകിയിട്ടുണ്ട്. അതിൽ പ്രതിപാദിക്കുന്നവരെ പോലീസ് കൃത്യമായും സല്യൂട്ട് ചെയ്തിരിക്കണം. എന്നാൽ അതു ചോദിച്ചു വാങ്ങേണ്ടതുമല്ല. അർഹതപ്പെട്ടവർക്ക് സല്യൂട്ട് ചെയ്തിരിക്കണം. പോലീസ് സ്റ്റാൻ‍ഡിങ് ഓർഡർ പ്രകാരം എംപി, എംഎൽഎ ഒന്നും അതിൽപെടുന്നില്ല എന്നാണ് മനസ്സിലാകുന്നത്. ജനപ്രതിനിധി എന്ന നിലയിൽ തീർച്ചയായും ബഹുമാനിക്കപ്പെടേണ്ടവർ തന്നെയാണ് എംപിമാരും എംഎൽഎമാരും എന്നതിൽ തർക്കമില്ല.

സല്യൂട്ട് എന്നത് ഒരാചാരത്തിന്റെ ഭാ​ഗമാണെങ്കിൽപ്പോലും അത് വിവക്ഷിച്ചിട്ടുള്ളവർക്ക് മാത്രമേ നൽകാനാവൂ. ഒരു എംപിയെ കാണുമ്പോൾ ആദരിക്കുന്നതിൽ യാതൊരു തെറ്റുമില്ല. പക്ഷേ സല്യൂട്ട് മാത്രമല്ല ബഹുമാനത്തിന്റെ സൂചകം. ഒരാളെ കാണുമ്പോൾ എഴുന്നേറ്റു നിൽക്കുന്നതും വണങ്ങുന്നതുമൊക്കെ ആദരവിന്റെ സൂചകങ്ങളാണ്. അതിൽ എംപിയെന്നോ എംഎൽഎ എന്നോ പഞ്ചായത്ത് മെമ്പർ എന്നോ ഉള്ള വ്യത്യാസങ്ങളില്ല. ആരെയും ചെറുതാക്കി കാണുകയല്ല. പോലീസ് അസോസിയേഷനുകൾക്ക് ഇതിൽ യാതൊരു തീരുമാനവും എടുക്കാനാവില്ല.

ഞങ്ങളെ സംബന്ധിച്ചിടത്തോളം പോലീസ് ഉദ്യോ​ഗസ്ഥൻ രാപകലില്ലാതെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ചെയ്യുന്നവരാണ്. കൃത്യമായ, എഴുതിവച്ച നിയമങ്ങൾക്കനുസൃതമായേ പോലീസ് ഉദ്യേ​ഗസ്ഥർക്ക് പ്രവർത്തിക്കാനാവൂ. എസ്ഐയുടെ ഭാ​ഗത്തുനിന്ന് മനപ്പൂർവം തെറ്റുണ്ടായതായി കരുതുന്നില്ല. എംപി പറയുന്ന മാത്രയിൽ അദ്ദേഹം വണ്ടിയിൽ നിന്നിറങ്ങി സല്യൂട്ട് ചെയ്യുന്നുണ്ട്. യാതൊരു ബഹുമാനക്കുറവും കാണിച്ചതായി പ്രകടമാകുന്നില്ല. 

സല്യൂട്ട് വ്യക്തിക്കല്ല, ഭരണഘടനയ്ക്കാണ്-  വി. ശിവദാസൻ (രാജ്യസഭാ എംപി)

ജനാധിപത്യ സംവിധാനത്തിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സഭയിലെ അം​ഗങ്ങളായ ആളുകളോടുള്ള ഉദ്യോ​ഗസ്ഥരുടെ ബഹുമാന സൂചനകൾ ആ വ്യക്തിയോടുള്ള ആദരവല്ല. മറിച്ച് ഇന്ത്യൻ ഭരണഘടനയോടും ജനാധിപത്യ സംവിധാനത്തോടുമുള്ള ആദരവായാണ് കാണുന്നത്. അത് തിരിച്ചറിയാൻ ആദരവ് നൽകുന്നയാൾക്കും വാങ്ങുന്നയാൾക്കും കഴിയണം.

ആദരിക്കുന്നവരെ തിരിച്ച് ആദരിക്കുന്നത്, അല്ലെങ്കിൽ അഭിവാദ്യം ചെയ്യുമ്പോൾ പ്രത്യഭിവാദ്യം ചെയ്യുന്നത് ബഹുമാനിക്കുന്ന ഭരണഘടനയോടുള്ള ആദരവാണ്. ആരെങ്കിലും എന്നെ സല്യൂട്ട് ചെയ്താൽ അതെനിക്കുള്ള സല്യൂട്ടല്ല മറിച്ച് ഇന്ത്യൻ ഭരണഘടനയ്ക്ക് നൽകുന്ന സല്യൂട്ട് ആണ് എന്ന് തിരിച്ചറിവ് എനിക്കുണ്ട്. ഇപ്പോൾ ചർച്ചയാകുന്ന  വിഷയം എന്താണെന്ന് കണ്ടിട്ടില്ല, അതുകൊണ്ട് സൂക്ഷ്മാർഥത്തിൽ പ്രതികരിക്കാനില്ല. പൊതുസമീപനം മാത്രമാണ് സൂചിപ്പിക്കുന്നത്. 

salute

പ്രോട്ടോക്കോൾ പ്രകാരം പോലീസ് സല്യൂട്ട് ചെയ്യേണ്ടത് ആർക്കെല്ലാം?

 • രാഷ്ട്രപതി, ഉപരാഷ്ട്രപതി
 • ​ഗവർണർ
 • കേന്ദ്ര സംസ്ഥാന മന്ത്രിമാർ
 • ഡിജിപി, എഡിജിപി, ഐജിപി
 • ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്
 • സുപ്രീംകോടതി-ഹൈക്കോടതി ജഡ്ജിമാർ‌
 • ജില്ലാ പോലീസ് സൂപ്രണ്ടന്റ്, എസ്പി റാങ്കിലുള്ള ഉദ്യോ​ഗസ്ഥർ
 • യൂണിറ്റ് കമാൻ‍ഡന്റ്
 • സെഷൻ ജ‍ഡ്ജുമാർ
 • ജില്ലാ കളക്ടർ
 • ജില്ലാ മജിസ്ട്രേറ്റ്
 • യൂണിഫോമിലുള്ള ഫീൽഡ് റാങ്ക് ഉദ്യോ​ഗസ്ഥർ
 • മൃതദേഹങ്ങൾ
 • എസ്പി മുതൽ മുകളിലുള്ള ഉദ്യോ​ഗസ്ഥർ

Content Highlights: suresh gopi salute controversy