ഒല്ലൂര്‍: ഒല്ലൂര്‍ എസ്‌ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച്  സുരേഷ് ഗോപി എം.പി. തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്ന എസ്‌ഐയെ വിളിച്ചുവരുത്തിയാണ് സുരേഷ് ഗോപി സല്യൂട്ട് ചെയ്യിച്ചത്. തൃശൂര്‍ പുത്തൂരിനടുത്തുള്ള ഒരു ആദിവാസി ഊരില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് സംഭവം. 

ചുഴലിക്കാറ്റ് നാശം വിതച്ച സ്ഥലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു സുരേഷ് ഗോപി എം.പി. എന്നാല്‍ സുരേഷ് ഗോപി എത്തിയിട്ടും ജീപ്പില്‍ തന്നെ തുടര്‍ന്ന ഒല്ലൂര്‍ എസ്‌ഐയെ അദ്ദേഹം വിളിച്ചുവരുത്തി താനൊരു എം.പി ആണെന്ന് ഓര്‍മ്മിപ്പിക്കുകയും ഒരു സല്യൂട്ടൊക്കെ ആകാമെന്ന് പറയുകയുമായിരുന്നു.

സല്യൂട്ട് ചെയ്യണ്ട എന്ന തീരുമാനം പോലീസ് അസോസിയേഷന് എടുക്കാന്‍ സാധിക്കില്ലെന്നും കേരള സര്‍ക്കാര്‍ അങ്ങനെ ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ രാജ്യസഭാ ചെയര്‍മാനെ അവര്‍ അറിയിച്ച് അവിടെ നിന്നാണ് തങ്ങളെ അറിയിക്കുന്നതെന്നും സുരേഷ് ഗോപി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അങ്ങനെ ഒരു നോട്ടീസോ ഗവണ്‍മെന്റ് ഓര്‍ഡറോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

സല്യൂട്ട് ചെയ്യിപ്പിച്ചു എന്നു പറയുന്ന പ്രയോഗം തന്നെ തന്റെ പ്രവര്‍ത്തനങ്ങളെ ഉന്നം വെച്ചുകൊണ്ടുള്ളതാണെന്നും സുരേഷ് ഗോപി പറഞ്ഞു. വളരെ മാന്യമായിട്ടാണ് പെരുമാറിയതെന്നും എസ്.ഐയെ 'സര്‍' എന്നാണ് അഭിസംബോധന ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Suresh Gopi forces sub inspector to salute him