Suresh Gopi
പാലക്കാട്: മമ്പറത്ത് ആര്.എസ്.എസ്. പ്രവര്ത്തകന് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിനെതിരേ വിമര്‍ശനവുമായി സുരേഷ് ഗോപി എംപി. കൊലപാതകം ചെയ്തത് അറിഞ്ഞിട്ടും പോലീസ് ഒന്നും ചെയ്തില്ലെന്ന് പറഞ്ഞ അദ്ദേഹം പ്രതികള്‍ രക്ഷപെട്ടതിന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ഉത്തരം പറയണമെന്നും ആവശ്യപ്പെട്ടു. സഞ്ജിത്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
"കൊലപാതകത്തിന് ശേഷം പ്രതികള്‍ക്ക് ഇവിടെനിന്ന് രക്ഷപെടാനുള്ള പാതകളിലൊന്നും നിരീക്ഷണമില്ലേ? വിവരം പോലീസ് സ്റ്റേഷനിലെത്തിയ സമയത്ത് ആരൊക്കെ ഡ്യൂട്ടിയിലുണ്ടായിരുന്നു? പോലീസ് സ്റ്റേഷനുകളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഉത്തരം പറഞ്ഞേ മതിയാകൂ. സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ച് ഉത്തരം പറയിച്ചില്ലെങ്കില്‍ നമുക്ക് നോക്കാം, വെറെ വഴിയുണ്ട്", സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
സഞ്ജിത്തിനെ ഭാര്യയുടെ മുന്നില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസ് രാഷ്ട്രീയക്കൊലപാതകം തന്നെയെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയവിരോധത്താലുള്ള കൊലപാതകമാണെന്നാണ് പ്രഥമവിവരറിപ്പോര്ട്ടിലെ വിവരം. അതിനാല്‍ മുഴുവന്‍ തെളിവുകളും ശേഖരിച്ച് പഴുതടച്ച അന്വേഷണത്തിനാണ് നിര്‍ദേശം. എലപ്പുള്ളിയില്‍ നിലനിന്നിരുന്ന രാഷ്ട്രീയസംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായാണ് സഞ്ജിത്തിന്റെ കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസ്.
സംഭവത്തിനുപിന്നില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി. ആരോപിച്ചിരുന്നു. എന്നാല്‍, ഇത് എസ്.ഡി.പി.ഐ. നിഷേധിച്ചിട്ടുണ്ട്. നിലവില്‍ പോലീസിനു ലഭിച്ച തെളിവ് അക്രമിസംഘം സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങളാണ്. എന്നാല്‍, ഇവര്‍ എങ്ങോട്ടാണ് കടന്നതെന്ന് കൃത്യമായി തിരിച്ചറിഞ്ഞിട്ടില്ല. തമിഴ്നാട്ടിലേക്കും തൃശ്ശൂരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥിന്റെ നേതൃത്വത്തില്‍ 34 പേരടങ്ങിയ സംഘത്തിനാണ് അന്വേഷണച്ചുമതല.
Content Highlights: Suresh Gopi against police in killing of RSS workers in Palakkad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..