ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി തള്ളിയുള്ള സുപ്രീംകോടതിയുടെ വിധിപ്രസ്താവത്തില്‍ സര്‍ക്കാരിനെതിരേ അതിരൂക്ഷ പരാമര്‍ശങ്ങള്‍. കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ ജനങ്ങളോടുള്ള വഞ്ചനയാണെന്ന് കോടതി വിമര്‍ശിച്ചു. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക പരിരക്ഷ ക്രിമിനല്‍ കുറ്റത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള പരിരക്ഷയല്ലെന്നും കോടതിയുടെ വിധിപ്രസ്താവത്തില്‍ പറയുന്നു. 

ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ അതിര്‍വരമ്പ് എംഎല്‍എമാര്‍ ലംഘിച്ചു. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശങ്ങള്‍ അവരുടെ ഉത്തരവാദിത്തങ്ങള്‍ സഭയില്‍ നിര്‍ഭയം നിര്‍വഹിക്കുന്നതിനാണ്. ഈ അവകാശങ്ങള്‍ എംഎല്‍എമാരെ പൊതുനിയമങ്ങളില്‍ നിന്ന് ഒഴിവാകാനുള്ള കവാടമല്ല. പരിരക്ഷ ജനപ്രതിനിധികള്‍ എന്ന നിലയില്‍ മാത്രമാണ്. ക്രിമിനില്‍ നിയമങ്ങളില്‍ നിന്ന് അംഗങ്ങള്‍ക്ക് പരിരക്ഷയും അവകാശവും ഇല്ല. 

പൊതുമുതല്‍ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാവില്ല. നിയമസഭാ നടപടികള്‍ക്കിടെ ഇത്തരം സംഭവങ്ങളുണ്ടാകാന്‍ പാടില്ലായിരുന്നു. ഇത്തരം നടപടിക്കെതിരേ ശക്തമായ സന്ദേശം നല്‍കിയേ തീരു. എംഎല്‍എമാരുടെ പ്രവൃത്തി ഭരണഘടനയെ ചവിട്ടി മെതിച്ചു. കേസ് പിന്‍വലിക്കുന്നത് പൊതുനീതിയുടെയും നയത്തിന്റെയും ലംഘനമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. 

കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നടപടി തെറ്റാണ്. 184-ാം അനുച്ഛേദം തെറ്റായി വ്യാഖ്യാനിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, എംആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജി പിന്‍വലിക്കണമെന്ന് സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ആവശ്യപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടര്‍ക്കറെയും കോടതി വിമര്‍ശിച്ചു. പ്രോസിക്യൂട്ടര്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. 

സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി കോടതി തള്ളിയതോടെ മന്ത്രി വി. ശിവന്‍കുട്ടി, ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, കെ. കുഞ്ഞമ്മദ്, സി.കെ. സദാശിവന്‍, കെ. അജിത് എന്നിവര്‍ കേസില്‍ വിചാരണ നേരിടേണ്ടി വരും. 2015 മാര്‍ച്ച് 13-നാണ് വിവാദമായ നിയമസഭാ കയ്യാങ്കളി നടക്കുന്നത്. ബാര്‍ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട അന്നത്തെ ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന എല്‍.ഡി.എഫ്. എം.എല്‍.എമാരുടെ നിലപാടാണ് കയ്യാങ്കളിയില്‍ കലാശിച്ചത്‌.

content highlights: supreme court verdict on kerala assembly ruckus case