
Photo: Mathrubhumi
തിരുവനന്തപുരം: മീഡിയ വൺ സംപ്രേക്ഷണ വിലക്കിനെതിരെ ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നൽകിയ ഹർജി വ്യാഴാഴ്ച ഉചിതമായ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി. ഹർജി അടിയന്തിരമായി കേൾക്കണമെന്ന് മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവെ കോടതിയിൽ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ഹർജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അറിയിച്ചു. എന്നാൽ വെള്ളിയാഴ്ച വ്യക്തിപരമായ അസൗകര്യം ഉണ്ടെന്ന് ദുഷ്യന്ത് ദാവെ കോടതിയെ അറിയിച്ചതിനെ തുടർന്ന് വ്യാഴാഴ്ച ഹർജി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
പതിനൊന്ന് വർഷമായി പ്രവർത്തിക്കുന്ന ചാനൽ ആണ് മീഡിയ വൺ എന്ന് ദുഷ്യന്ത് ദാവെ കോടതിയിൽ ചൂണ്ടിക്കാട്ടി. ആഭ്യന്ത്രര മന്ത്രാലയത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ആണ് ചാനലിന് ലൈസൻസ് പുതുക്കി നൽകാത്തത്. ഹൈക്കോടതി സിംഗിൾ ബെഞ്ചും, ഡിവിഷൻ ബെഞ്ചും ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ആണ് മാനേജ്മെന്റ് നൽകിയ ഹർജി തള്ളിയത്. എന്നാൽ ആഭ്യന്തര മന്ത്രാലയത്തിന്റെ രഹസ്യ ഫയലുകളിൽ എന്താണ് ഉള്ളത് എന്ന് അറിയില്ല. കേസിൽ വാദം കേൾക്കൽ പൂർത്തിയായ ശേഷം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കക്ഷികളായ തങ്ങളെ അറിയിക്കാതെ ആഭ്യന്തര വകുപ്പിന്റെ ഫയലുകൾ നോട്ടീസ് അയച്ച് വിളിപ്പിച്ച് വരുത്തിയ ശേഷം പരിശോധിച്ചതിനെയും ദുഷ്യന്ത് ദാവെ വിമർശിച്ചു.
വ്യാഴാഴ്ച മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന് വേണ്ടി സീനിയർ അഭിഭാഷകരായ മുകുൾ റോത്തഗി, ദുഷ്യന്ത് ദാവെ, അഭിഭാഷകൻ ഹാരിസ് ബീരാൻ എന്നിവരാകും ഹാജരാകുക. കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജ് എന്നിവർ ഹാജരായേക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..