ന്യൂഡല്‍ഹി:  മരടിലെ ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഫ്ലാറ്റ് ഉടമകള്‍ക്ക് കിട്ടേണ്ട നഷ്ടപരിഹാത്തുകയുടെ പകുതി കോടതിയില്‍ കെട്ടിവെക്കണമെന്ന് നിര്‍ദേശമുണ്ട്. ഈ വിഷയത്തിലുള്ള നിലപാടും ഉടമകള്‍ ഇന്ന് സുപ്രീം കോടതിയെ അറിയിക്കും.

മരടിലെ പൊളിച്ച ഫ്ലാറ്റ് ഉടമകള്‍ക്ക് നാല് നിര്‍മാതാക്കളും കൂടി നല്‍കേണ്ടത് 61.5 കോടി രൂപയാണ്. എന്നാല്‍ ഇതുവരെ ലഭിച്ചത് 4.89കോടി രൂപ മാത്രമാണെന്ന് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സിമിതി സുപ്രീം കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഫ്‌ളാറ്റ് ഉടമകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തുകയുടെ പകുതിയെങ്കിലും കെട്ടിവെയ്ക്കാന്‍ ഫ്ലാറ്റ് നിര്‍മാതാക്കളോട് കോടതി നിര്‍ദേശിച്ചത്. പണം കെട്ടിവെയ്ക്കുന്നില്ലെങ്കില്‍ റവന്യൂ റിക്കവറിക്ക് ഉത്തരവിടുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

എന്നാല്‍ തീരദേശ ചട്ടവുമായി ബന്ധപ്പെട്ട എല്ലാ നിയമപ്രശ്‌നങ്ങളും അറിഞ്ഞുകൊണ്ടാണ് ഉടമകള്‍ ഫ്ലാറ്റ് വാങ്ങിയതെന്ന് വ്യക്തമാക്കി ഹോളിഫെയ്ത്ത് നിര്‍മാതാക്കള്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂല്യം സമര്‍പ്പിച്ചിട്ടുണ്ട്. ഫ്‌ളാറ്റ് ഉടമകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരത്തിന് അര്‍ഹത ഇല്ലെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മറ്റ് ഫ്ലാറ്റ് നിര്‍മാതാക്കള്‍ വിഷയത്തിലെ നിലപാട് ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. 

ജസ്റ്റിസുമാരായ നവീന്‍ സിന്‍ഹ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.