സുപ്രീം കോടതി | Photo: PTI
ന്യൂഡല്‍ഹി: ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ കൊല്ലം പുന്നത്തല സ്വദേശിനിയായ യുവതിക്ക് കൗണ്‍സിലിങ്ങിന് നിര്‍ദേശം നല്‍കിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. തങ്ങള്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ കൊല്ലം പുന്നത്തല സ്വദേശിനിയായ യുവതി മാതാപിതാക്കളുടെ തടങ്കലില്‍ ആണെന്നും ചൂണ്ടിക്കാട്ടി മങ്കാട് സ്വദേശിനിയായ യുവതി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
പുന്നത്തല സ്വദേശിനിയായ യുവതിയുമായി സ്‌നേഹത്തിലാണെന്നും തങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചതായും ചൂണ്ടിക്കാട്ടിയാണ് മങ്കാട് സ്വദേശിനിയുടെ ഹര്‍ജി. എന്നാല്‍ പുന്നത്തല സ്വദേശിനി നിലവില്‍ മാതാപിതാക്കളുടെ അന്യായതടങ്കലില്‍ ആണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
യുവതിയെ കൊല്ലത്തെ കുടുംബ കോടതിയില്‍ ഹാജരാക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. കുടുംബ കോടതിയില്‍ വെച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിന് സുപ്രീംകോടതി ഇ- കമ്മിറ്റി അംഗമായ സലീന വി.ജി. നായര്‍ മേല്‍നോട്ടം വഹിക്കും. കേരളത്തിലെ മിടുക്കിയായ ജുഡീഷ്യല്‍ ഓഫീസര്‍മാരില്‍ ഒരാളായതിനാലാണ് സലീനയെ ഈ ചുമതല ഏല്‍പ്പിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. സലീനയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്നും ബെഞ്ച് വ്യക്തമാക്കി.
പുന്നത്തല സ്വദേശിനിയെ വിട്ടുകിട്ടാന്‍ മങ്കാട് സ്വദേശിനി നേരത്തെ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഹൈക്കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പമുള്ള യുവതിയെ സന്ദര്‍ശിച്ച കൊല്ലം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി, യുവതി അന്യായതടങ്കലില്‍ അല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് അഞ്ച് ദിവസത്തോളം മനഃശാസ്ത്രജ്ഞന് മുന്നില്‍ കൗണ്‍സിലിങ്ങിനായി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. ഹര്‍ജിക്കാരിക്ക് വേണ്ടി അഭിഭാഷകരായ ശ്രീറാം പറക്കാട്, എം.എസ്. വിഷ്ണു, ലുക്ക് ഡി. ചിറയില്‍ എന്നിവര്‍ ഹാജരായി.
Content Highlights: Supreme Court stays Kerala High Court's order to send lesbian to counselling
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..