Photo: Mathrubhumi
ന്യൂഡല്‍ഹി: മീഡിയ വണ്‍ സംപ്രേക്ഷണ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സംപ്രേക്ഷണ വിലക്ക് സ്റ്റേ ചെയ്തത്. ചാനലിന് ഉടന്‍ പ്രക്ഷേപണം പുനരാരംഭിക്കാമെന്ന് കോടതി വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ മുദ്രവെച്ച കവറില്‍ നല്‍കിയ രണ്ട് ഫയലുകള്‍ പരിശോധിച്ച ശേഷമാണ് സംപ്രേക്ഷണ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തത്. മീഡിയ വണ്‍ ലൈഫ്, മീഡിയ വണ്‍ ഗ്ലോബല്‍ എന്നിവയുമായി ബന്ധപ്പെട്ട ഒരു ഫയലും മീഡിയ വണ്‍ ചാനലുമായി ബന്ധപ്പെട്ട മറ്റൊരു ഫയലുമാണ് കേന്ദ്ര സര്‍ക്കാര്‍ മുദ്ര വച്ച കവറില്‍ സുപ്രീം കോടതിക്ക് കൈമാറിയത്. വാദം കേള്‍ക്കല്‍ ഇരുപത് മിനിറ്റോളം നിർത്തിവെച്ച ശേഷം ചേമ്പറില്‍ പോയാണ് ജസ്റ്റിസ് മാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യ കാന്ത്, വിക്രം നാഥ് എന്നിവര്‍ ഫയലുകള്‍ പരിശോധിച്ചത്.
മുദ്ര വച്ച കവറില്‍ രേഖകള്‍ കൈമാറുന്ന ശൈലിയോട് തനിക്ക് വിയോജിപ്പാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വാദം കേള്‍ക്കലിനിടെ അഭിപ്രായപ്പെട്ടു. എന്ത് കൊണ്ടാണ് ലൈസെന്‍സ് നിഷേധിച്ചത് എന്ന് മീഡിയ വണ്ണിനെ അറിയിക്കേണ്ടതല്ലേയെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകരോട് ജസ്റ്റിസ് ചന്ദ്രചൂഡ് ആരാഞ്ഞു. ആരോപണം എന്താണെന്ന് അറിഞ്ഞാല്‍ അല്ലേ മറുപടി നല്‍കാന്‍ കഴിയൂ എന്നും ബെഞ്ച് വ്യക്തമാക്കി. ഫയലുകള്‍ ഹര്‍ജിക്കാര്‍ക്ക് കൈമാറാമോ എന്നതില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
സംപ്രേക്ഷണ വിലക്ക് ശരിവച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജിക്കെതിരെ യൂട്യൂബ് ചാനലിലൂടെ മീഡിയ വണ്‍ രൂക്ഷ വിമര്‍ശനം നടത്തിയതായി കേന്ദ്ര സര്‍ക്കാര്‍ കുറ്റപ്പെടുത്തി.
ഇതിന് മീഡിയ വണ്‍ മാപ്പ് പറയണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണം മീഡിയ വണ്ണിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ നിഷേധിച്ചു. കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മാരായ കെ എം നടരാജ്, എസ് വി രാജു എന്നിവരാണ് ഹാജരായത്.
മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് വേണ്ടി സീനിയര്‍ അഭിഭാഷകരായ ദുഷ്യന്ത് ദാവെ, മുകുള്‍ റോത്തഗി, അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവര്‍ ഹാജരായി. ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമനും മറ്റ് മുതിര്‍ന്ന രണ്ട് ജീവനക്കാര്‍ക്കും വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഹുഫേസ അഹമ്മദിയും ഹാജരായി.
Content Highlights: Supreme Court stays ban on Media One channel
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..