ന്യൂഡൽഹി: രാജ്യത്തെ ട്രിബ്യുണൽ അംഗങ്ങളുടെ നിയമനങ്ങളിൽ കേന്ദ്ര സർക്കാരിനോട് കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. ജഡ്ജിമാർ നേതൃത്വം നൽകുന്ന തിരഞ്ഞെടുപ്പ് സമിതികൾ നൽകുന്ന ശിപാർശകൾ അവഗണിച്ച് സർക്കാരിന് ഇഷ്ടമുളളവർക്ക് നിയമനം നൽകുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ നിയമവാഴ്ചയാണ് നിലനിൽക്കുന്നത്. ഇത്തരം നടപടികൾ അംഗീകരിക്കാൻ ആകില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം ശിപാർശകൾ നിരാകരിക്കാൻ ഉള്ള അധികാരം കേന്ദ്ര സർക്കാരിന് ഉണ്ടെന്ന് അറ്റോർണി ജനറൽ വാദിച്ചു.

ട്രിബ്യുണൽ അംഗങ്ങളുടെ നിയമനത്തിൽ കേന്ദ്ര സർക്കാരിനെ ഇന്നും സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. നാഷണൽ കമ്പനി ലോ ട്രിബ്യുണൽ, ഇൻകം ടാക്സ് അപ്പലെറ്റ് ട്രിബ്യുണൽ എന്നിവയിൽ അംഗങ്ങളെ നിയമിച്ച രീതിയിലുള്ള അതൃപ്തിയാണ് സുപ്രീം കോടതി രേഖപെടുത്തിയത്. രണ്ട് സുപ്രീം കോടതി ജഡ്ജിമാരും, രണ്ട് സെക്രട്ടറിമാരും അടങ്ങുന്ന സമിതി  നിയമനത്തിനായി നൽകിയ ശിപാർശ പട്ടികയിൽ പലർക്കും നിയമന ഉത്തരവ്‌ ലഭിച്ചിട്ടില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി.

നാഷണൽ കമ്പനി ലോ ട്രിബ്യുണലിൽ നിയമനത്തിനായി 9 ജുഡീഷ്യൻ അംഗങ്ങളുടെയും, 10 സാങ്കേതിക അംഗങ്ങളുടെയും പേരുകൾ തിരഞ്ഞെടുപ്പ് സമിതി കേന്ദ്ര സർക്കാരിന് കൈമാറിയിരുന്നതായി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. എന്നാൽ സർക്കാരിന് ഇഷ്ടപ്പെട്ടവർക്ക് മാത്രമാണ് നിയമന ഉത്തരവ് ലഭിച്ചത്.  ഇത് അംഗീകരിക്കാൻ കഴിയില്ല എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കോവിഡ് കാലത്ത് രാജ്യ വ്യാപകമായി സഞ്ചരിച്ചാണ് തിരെഞ്ഞെടുപ്പ് സമിതി പട്ടിക തയ്യാറാക്കിയത് എന്നും കോടതി ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് സമിതി നൽകുന്ന ശിപാർശകൾ നിരാകരിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം ഉണ്ടെന്ന് യു പി എസ് സി കേസിൽ സുപ്രീംകോടതി വിധിച്ചിട്ടുള്ളതായി അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ചൂണ്ടിക്കാട്ടി. ആ വിധിയുടെ അടിസ്ഥാനത്തിലാണ് വെയ്റ്റിംഗ് ലിസ്റ്റ് പട്ടികയിൽ നിന്ന് നിയമനം നടത്തിയത് എന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.  കോടതി ഉന്നയിച്ച വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ നിയമന ശിപാർശ പുനഃപരിശോധിക്കാൻ തയ്യാറാണെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.

വിശദമായ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിന് രണ്ട് ആഴ്ചത്തെ സമയവും സുപ്രീം കോടതി അനുവദിച്ചു.

Content Highlights: Supreme Court Slams Centre For Tribunal member selection