Photo: ANI
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കാന്‍ നടപടി തുടങ്ങിയെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന്. ഇതിനായി ജില്ലാ ആശുപത്രികള്‍ മെഡിക്കല്‍ കോളേജുകള്‍ ആക്കി ഉയര്‍ത്താന്‍ ആലോചിക്കുകയാണെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന് സുപ്രീംകോടതിയെ അറിയിച്ചു. ഇതിനിടെ സ്വകാര്യ മെഡിക്കല്‍ സീറ്റുകള്‍ക്ക് കേരളം എതിര് നില്‍ക്കരുതെന്ന് സുപ്രീംകോടതി വാക്കാല്‍ നിരീക്ഷിച്ചു.
വാളയാറില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിനുള്ള എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന വി.എന്‍. പബ്ലിക് ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ ഹര്‍ജി പരിഗണിക്കവെയാണ് ദേശീയ മെഡിക്കല്‍ കമ്മീഷന് തങ്ങളുടെ നിലപാട് സുപ്രീംകോടതിയെ അറിയിച്ചത്. കൗണ്‍സിലിന്റെ അഭിഭാഷകന് ഗൗരവ് ശര്‍മ്മയാണ് സര്‍ക്കാര്‍ മേഖലയിലെ മെഡിക്കല്‍ സീറ്റുകള്‍ ഉയര്‍ത്തുന്ന നടപടി തുടങ്ങിയതായി കോടതിയെ അറിയിച്ചത്.
രാജ്യത്ത് മെഡിക്കല്‍ ഫീസ് കൂടുതലായതിനാലാണ് വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ പഠനത്തിനായി യുക്രൈന് പോലുള്ള വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത് എന്ന് ജസ്റ്റിസ് ബി.ആര്. ഗവായ്, വിക്രംനാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. തങ്ങള്‍ക്ക് കോളേജ് തുടങ്ങാന്‍ അനുമതി നല്കിയാല് അമ്പത് ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസില്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുമെന്ന് ഹര്‍ജിക്കാരായ ട്രസ്റ്റിന് വേണ്ടി ഹാജരായ അഭിഭാഷകന് പി.വി. ദിനേശ് സുപ്രീംകോടതിയെ അറിയിച്ചു. തുടര്‍ന്നാണ് സ്വകാര്യ മെഡിക്കല്‍ സീറ്റുകള്‍ക്ക് കേരളം എതിര് നില്‍ക്കരുതെന്ന് സുപ്രീംകോടതി വാക്കാല്‍ നിരീക്ഷിച്ചത്.
വി.എന്‍. പബ്ലിക് ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റിന് ഈ വര്‍ഷം കോളേജ് തുടങ്ങുന്നതിന് അനുമതി നല്‍കണമെന്ന നിര്‍ദേശം നല്‍കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍, അടുത്ത വര്‍ഷം നിബന്ധനകളോടെ അനുമതി നല്കുന്ന കാര്യം പരിഗണയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ട്രസ്റ്റിന്റെ ഹര്‍ജി കോടതിയുടെ പരിഗണനയില്‍ നിര്‍ത്താനും കോടതി തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശി ഹാജരായി.
Content Highlights: Supreme Court said that Kerala should not stand against medical seats
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..