ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റില്ല. മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേരള സര്‍ക്കാരിന്റെ ഹര്‍ജികള്‍ പരിഗണിച്ചത്.  ശബരിമല നിരീക്ഷണ സമിതിയ്‌ക്കെതിരായ ഹര്‍ജിയുൾപ്പെടെ ശബരിമലയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിലെ 33 ഹര്‍ജികളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.

നിരീക്ഷണ സമിതിയുടെ ചില നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തില്‍ കടന്നുകയറുന്നതാണ് എന്നതായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഇത് പരിഗണിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി വിഷയത്തില്‍ ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.

content highlights:  sabarimala, supreme court, kerala high court, kerala government