സുപ്രീം കോടതി : ഫോട്ടോ : പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
ന്യൂഡൽഹി: ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം നടപ്പാക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്ന് കേരളത്തോട് സുപ്രീം കോടതി. അർഹതപ്പെട്ടവർക്ക് തസ്തിക കണ്ടെത്തി നിയമനം നൽകണം. നിയമനം നടത്തിയതിന്റെ തൽസ്ഥിതി റിപ്പോർട്ട് ജൂലൈ രണ്ടാം വാരം സമർപ്പിക്കണമെന്നും സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു.
ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം നടപ്പാക്കാൻ 2021 സെപ്റ്റംബറിൽ സുപ്രീം കോടതി കേരളത്തിന് നാല് മാസത്തെ സമയം അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി 40 വകുപ്പുകളിലായി 380 തസ്തികകൾ നിയമനത്തിനായി കണ്ടെത്തിയതായി സംസ്ഥാന സർക്കാരിന്റെ സ്റ്റാന്റിങ് കോൺസൽ സി.കെ ശശി സുപ്രീം കോടതിയെ അറിയിച്ചു. നിയമനം നടത്തുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ, സംസ്ഥാന സർക്കാർ വളരെക്കുറച്ച് തസ്തികകൾ മാത്രമേ ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണത്തിനായി കണ്ടെത്തുന്നുള്ളുവെന്ന് ഹർജിക്കാരനായ കെ. എന്‍. ആനന്ദിനു വേണ്ടി ഹാജരായ അഭിഭാഷകർ കുര്യാക്കോസ് വർഗീസ്, ശ്യാം മോഹൻ എന്നിവർ വാദിച്ചു. തസ്തികകൾ കണക്കാക്കുന്നതും ശരിയായ രീതിയിൽ അല്ലെന്നും ഇരുവരും ചൂണ്ടിക്കാട്ടി. തുടർന്നാണ് ജൂലൈ രണ്ടാം വാരം കോടതി ഉത്തരവ് നടപ്പിലാക്കിയതിന്റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നിർദേശിച്ചത്.
സംസ്ഥാന സർക്കാർ സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ച് ഭിന്നശേഷിക്കാരായ സർക്കാർ അർദ്ധ സർക്കാർ ജീവനക്കാരുടെ സംഘടനയായ ഡിഫറന്റ്ലി ഏബ്ൾഡ് എംപ്ലോയീസ് അസോസിയേഷൻ കേരള സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എന്‍ ആനന്ദും മറ്റു ചിലരും നൽകിയ കോടതി അലക്ഷ്യ ഹർജിയിലാണ് സുപ്രീം കോടതി നിർദേശം. മറ്റ് ഹർജിക്കാർക്കുവേണ്ടി അഭിഭാഷക മാലിനി പൊതുവാൾ ആണ് ഹാജരായത്. ജൂലൈ മൂന്നാം വാരമാണ് ഇനി സുപ്രീം കോടതി ഹർജി പരിഗണിക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..