
ദിലീപ് | ഫോട്ടോ: മാതൃഭൂമി
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് നീട്ടിനല്കാന് ആകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആവശ്യമെങ്കില്‍ വിചാരണ കോടതി ജഡ്ജിക്ക് സുപ്രീം കോടതിയെ സമീപിക്കാം. കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളെ സംബന്ധിച്ച് അന്വേഷണം ആവശ്യമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം ഇപ്പോള്‍ നടക്കുന്നത് സര്‍ക്കാരിന്റെ മാധ്യമ വിചാരണയാണെന്ന് ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ ആരോപിച്ചു.
സുപ്രീം കോടതിയില്‍ ഇന്ന് നടന്ന വാദ പ്രതിവാദങ്ങള്‍
ജയ്ദീപ് ഗുപ്ത (സംസ്ഥാന സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകന്) : കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയാണിത്.
മുകുള്‍ റോത്തഗി (ദിലീപിന്റെ അഭിഭാഷകന്) : ഞങ്ങള്‍ ഈ ആവശ്യത്തെ എതിര്‍ക്കുകയാണ്.
ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ : വിചാരണ പൂര്‍ത്തിയാക്കേണ്ടത് ഉണ്ട്. മിസ്റ്റര്‍ റോത്തഗി , നിങ്ങള്‍ എന്തിനാണ് ഇതിനെ എതിര്‍ക്കുന്നത്?
മുകുള്‍ റോത്തഗി : വിചാരണ നീട്ടി കൊണ്ട് പോകാനാണ് ഈ അപേക്ഷ. വിചാരണ കോടതി ജഡ്ജിയെ മാറ്റാനായിരുന്നു ആദ്യ ശ്രമം. അത് പരാജയപെട്ടു. പ്രോസിക്യുട്ടറുടെ രാജി ആയിരുന്നു അടുത്തത്. വിചാരണ കോടതി ജഡ്ജി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നാല് തവണ വിചാരണയ്ക്ക് സമയം നീട്ടി നല്‍കിയതാണ്. ഇപ്പോള്‍ സര്‍ക്കാര്‍ കളിക്കുന്നത് വികൃതമായ കളിയാണ്.
ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ : വിചാരണ കോടതി ജഡ്ജിയും കൂടുതല്‍ സമയം ആവശ്യപെട്ടില്ലേ ?
റോത്തഗി : ഇല്ല. വിചാരണ കോടതി ജഡ്ജി ആവശ്യപ്പെട്ടില്ല.
ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ : സര്‍ക്കാര്‍ ആവശ്യം പരിഗണിച്ച് ഞങ്ങള്‍ സമയം കൂട്ടിനല്കില്ല. വിചാരണ കോടതി ജഡ്ജി റിപ്പോര്‍ട്ട് നല്കട്ടെ. സമയം കൂടുതല്‍ ആവശ്യമാണെങ്കില്‍ വിചാരണ ജഡ്ജിയാണ് ആവശ്യപ്പെടേണ്ടത്.
ജയ്ദീപ് ഗുപ്ത : സുപ്രീം കോടതി വിചാരണയ്ക്ക് സമയപരിധി നിശ്ചയിച്ചിട്ടുള്ളതിനാല്‍ പുതിയ സാക്ഷികളെ വിസ്തരിക്കുന്നത് ഉള്‍പ്പടെയുള്ള പ്രോസിക്യുഷന് ആവശ്യം പരിഗണിക്കാന്‍ വിചാരണ കോടതി ജഡ്ജിക്ക് കഴിയുന്നില്ല. കഴിഞ്ഞ തവണ ഹൈക്കോടതിയെ സമീപിക്കാന്‍ ഞങ്ങളോട് പറഞ്ഞു. ഹൈക്കോടതിയാണ് പുതിയ സാക്ഷികളെ വിസ്തരിക്കാന്‍ അനുമതി നല്‍കിയത്. അന്വേഷണത്തിന് എതിരെ ഇത് ആദ്യമായാണ് ആരോപണം ഉന്നയിക്കുന്നത്.
ജസ്റ്റിസ് സി ടി രവികുമാര്‍ : വിചാരണ പൂര്‍ത്തിയാക്കാന്‍ ഫെബ്രുവരി 16 വരെ സമയം ഉണ്ട്. വിചാരണ കോടതി ജഡ്ജിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.
ജയ്ദീപ് ഗുപത : സുപ്രീം കോടതി സമയ പരിധി നിശ്ചയിച്ചിരിക്കുന്നതിനാല്‍ വിചാരണ കോടതി ജഡ്ജിക്ക് പരിമിതികള്‍ ഉണ്ട്. ഞങ്ങളുടെ അപേക്ഷയില്‍ ഒമ്പതാം ഖണ്ണിക കോടതി വായിക്കണം. ചില സുപ്രധാന വെളിപ്പെടുത്തലുകള്‍ കേസുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. അതിനെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്.
റോത്തഗി : വിചാരണ വൈകിപ്പിക്കാന്‍ ആണ് പുതിയ അന്വേഷണം. വെളിപ്പെടുത്തലുകള്‍ വിശ്വാസയോഗ്യമല്ല.
ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ : വിചാരണ കോടതി ജഡ്ജിക്ക് ഉചിതമായ തീരുമാനം എടുക്കാം. വിചാരണ കോടതി ജഡ്ജി എത്തിയാല്‍ സമയം നീട്ടി നല്കുന്ന കാര്യം പരിഗണിക്കാം.
ജയ്ദീപ് ഗുപ്ത : വിചാരണ കോടതി ജഡ്ജിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടണം.
ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ : റിപ്പോര്‍ട്ട് തേടില്ല. ആവശ്യമുണ്ടെങ്കില്‍ വിചാരണ കോടതി ജഡ്ജി റിപ്പോര്‍ട്ട് നല്‍കും.
ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ :സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം പരിഗണിച്ച് വിചാരണ നീട്ടി നല്‍കുന്നില്ല. മറ്റ് വിഷയങ്ങളിലേക്ക് ഞങ്ങള്‍ കടക്കുന്നില്ല. സര്‍ക്കാരിന്റെ അപേക്ഷ തീര്‍പ്പാക്കുകയാണ്. വിചാരണ കോടതി ജഡ്ജിക്ക് ഉചിതമായ തീരുമാനമെടുക്കാം.
ജയ്ദീപ് ഗുപ്ത : പുതിയ വെളിപ്പെടുത്തലുകളില്‍ അന്വേഷണം നടക്കുകയാണ്. ഞങ്ങളുടെ അപേക്ഷ നിലനിറുത്തണം.
ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ : ഇല്ല. ഇത് അപേക്ഷ തീര്‍പ്പാക്കുകയാണ്. അപേക്ഷ നിലനിറുത്തിയാല്‍ അത് വിചാരണ കോടതിക്ക് തെറ്റായ സന്ദേശമാണ് നല്‍കുക.
മുകുള്‍ റോത്തഗി : സംസ്ഥാന സര്‍ക്കാര്‍ മാധ്യമ വിചാരണ നടത്തുകയാണ്. അറിയപ്പെടുന്ന ചലച്ചിത്ര താരം കൂടിയായ എന്റെ കക്ഷി ഇതെല്ലം അനുഭവിക്കുകയാണ്.
ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ : വിചാരണ കോടതി ജഡ്ജിക്ക് നീതി നിര്‍വ്വഹണത്തിന് ഉള്ള സ്വാതന്ത്ര്യം ഉണ്ടാക്കട്ടെ.
Content Highlights: Supreme Court on actress assault case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..