ന്യൂഡല്‍ഹി: മുസ്ലിം ലീഗ് നേതാവും മുസ്ലിം എജ്യൂക്കേഷണല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ സയ്യദ് സാദിഖലി ശിഹാബ് തങ്ങള്‍ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഉന്നതര്‍ക്കെതിരേ സുപ്രീം കോടതി നോട്ടീസ് അയച്ചു. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം. കെ. ജയരാജ്  ഉള്‍പ്പടെ മൂന്ന് പേര്‍ക്കാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ജൂലൈ ആദ്യ വാരത്തിന് മുമ്പ് നോട്ടീസിന് മറുപടി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.

ആര്‍കിടെക്ചര്‍ കൗണ്‍സിലിന്റെ അനുമതി ലഭിച്ചാല്‍ മലപ്പുറം പട്ടിക്കാട് സ്ഥിതിചെയ്യുന്ന മുസ്ലിം എഡ്യൂക്കേഷണല്‍ അസോസിയേഷന്റെ കോളേജില്‍ ആര്‍കിടെക്ചര്‍ കോഴ്സ് തുടങ്ങാമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ അനുമതി നല്‍കണമെങ്കില്‍ കോളേജ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ അംഗീകൃത പ്ലാന്‍ ഉള്‍പ്പടെ ഹാജരാക്കണമെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല നിര്‍ദേശിച്ചിരുന്നു. ഇത് കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സയ്യദ് സാദിഖലി ശിഹാബ് തങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കോളേജ് കെട്ടിടം പരിശോധിച്ച ശേഷമാണ് ആര്‍കിടെക്ചര്‍ കൗണ്‍സില്‍ അനുമതി നല്‍കിയതെന്ന് സയ്യദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ ഹാരിസ് ബീരാനും മുഷ്താഖ് സലീമും വാദിച്ചു. സര്‍വകലാശാല രജിസ്ട്രാര്‍, ജോയിന്റ് രജിസ്ട്രാര്‍ എന്നിവരുടെ നിലപാട് കോടതിയലക്ഷ്യമാണെന്നും ഇരുവരും ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്നാണ് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസയച്ചത്.

കാലിക്കറ്റ് സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. ജോഷി സി.എല്‍., ജോയിന്റ് രജിസ്ട്രാര്‍ പ്രവീണ ആര്‍. എന്നിവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ സുപ്രീം കോടതി നോട്ടീസ് കൈപ്പറ്റി. അഭിഭാഷകരായ പി.വി. ദിനേശ്, രശ്മി സിങ്, ബിനീഷ് കെ. എന്നിവരാണ് രജിസ്ട്രാര്‍, ജോയിന്റ് രജിസ്ട്രാര്‍ എന്നിവര്‍ക്കുവേണ്ടി ഹാജരായത്. എന്നാല്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജന് വേണ്ടി ആരും ഹാജരായിരുന്നില്ല.

Content Highlights: Supreme Court issues notice to Calicut University Vice-Chancellor on contempt of court petition