Photo-PTI
ന്യൂഡൽഹി: റാങ്ക് ലിസ്റ്റുകളുടെ കാലാവധി 3 മാസമെങ്കിലും നീട്ടണമെന്ന ഹൈക്കോടതി വിധിക്കെതിരെ പി.എസ്.സി നൽകിയ ഹർജിയിൽ സുപ്രീം കോടതി എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. റാങ്ക് ലിസ്റ്റ് നീട്ടാനുള്ള പി.എസ്.സിയുടെ അധികാരത്തിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്ന് ആരോപിച്ചാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. റാങ്ക് ലിസ്റ്റുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി നിർദേശിച്ചു.
കോവിഡ് സമയത്ത് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാതിരുന്നത് കണക്കിലെടുത്ത് 2021 ഫെബ്രുവരി അഞ്ചിനും ഓഗസ്റ്റ് മൂന്നിനും ഇടയിൽ കാലാവധി അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളും ഓഗസ്റ്റ് 4 വരെ നീട്ടാൻ പി.എസ്.സി. തീരുമാനിച്ചിരുന്നു. എന്നാൽ റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയപ്പോള്‍ ഓരോ റാങ്ക് പട്ടികയ്ക്കും കുറഞ്ഞത് മൂന്നുമാസം സമയം നീട്ടി നല്‍കണമായിരുന്നെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഇക്കാലയളവില്‍ കാലാവധി കഴിഞ്ഞ റാങ്ക് പട്ടികകള്‍ക്ക് മൂന്നുമാസംകൂടി നീട്ടിനല്‍കിയതായി കണക്കാക്കണം. ആ സമയത്ത് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളില്‍ ഹര്‍ജിക്കാരുടെ ക്ലെയിം പരിഗണിച്ച് രണ്ടുമാസത്തിനകം നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.
എന്നാൽ ഹൈക്കോടതിയുടെ ഈ നടപടി പി.എസ്.സി. ചട്ടങ്ങൾക്ക് വിരുദ്ധം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരിക്കുന്നത്. റാങ്ക് പട്ടിക നീട്ടാൻ കോടതിക്ക് അധികാരം ഇല്ലെന്ന് പി.എസ്.സിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വിപിൻ നായർ വാദിച്ചു. പഴയ ലിസ്റ്റ് വീണ്ടും നീട്ടിയാല്‍ അത് പുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതേ തുടർന്നാണ് പി.എസ്.സിയുടെ ഹർജിയിൽ ഉദ്യോഗാർഥികൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചത്.
കോവിഡ് പ്രമാണിച്ച് പി.എസ്.സി. അധിക കാലാവധി അനുവദിച്ചത് 490 റാങ്ക് പട്ടികകൾക്ക് ആണ്. ഒരു ദിവസംമുതല്‍ മൂന്നുമാസംവരെ അധികസമയം ലഭിച്ച പട്ടികകളുണ്ട്. 14 ജില്ലകളിലെയും ലാസ്റ്റ് ഗ്രേഡ് സെർവന്റ്, വനിതാ സിവിൽ പൊലീസ് ഓഫിസർ, എച്ച്എസ്ടി അറബിക്–കാസർകോട്, എച്ച്എസ്ടി നാച്ചുറൽ സയൻസ്–മലപ്പുറം, ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 പാലക്കാട്, അസി. സെയിൽസ്മാൻ–തൃശൂർ തുടങ്ങി വിവിധ ലിസ്റ്റുകൾ ഇതിൽപ്പെടും.
Content Highlights: Supreme Court, issues notice, PSC petition
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..