സുപ്രീം കോടതി | Photo: PTI
ന്യൂഡല്‍ഹി: പള്ളികളുടെ ഭൂമിയും ആസ്തിയും വില്ക്കാന് ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഉത്തരവില്‍ ഹൈക്കോടതി സ്വീകരിക്കുന്ന തുടര്‍നടപടികളിലെ കടുത്ത അതൃപ്തി വ്യക്തമാക്കി സുപ്രീംകോടതി. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹൈക്കോടതി ലക്ഷ്മണരേഖ കടന്നെന്ന് അഭിപ്രായപ്പെട്ടു. ക്രിമിനല്‍ നടപടി ചട്ടത്തിലെ 482-ാം വകുപ്പ് പ്രകാരം കേസ് റദ്ദാക്കാന്‍ നല്കുന്ന ഹര്‍ജിയില്‍ കോവിഡ് സംബന്ധിച്ച് പോലും ഹൈക്കോടതി നിര്‍ദേശം നല്‍കുമോ എന്ന് സുപ്രീം കോടതി ആരാഞ്ഞു.
സഭാ ഭൂമിയിടപാടിലെ കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് പള്ളികളുടെ ഭൂമിയും ആസ്തിയും വില്ക്കാന് ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വിധിച്ചത്. എന്നാല്‍, ക്രിമിനല്‍ നടപടി ചട്ടത്തിലെ 482-ാം വകുപ്പ് പ്രകാരം കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഹൈക്കോടതിക്ക് എങ്ങനെ തുടര്‍നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് സുപ്രീംകോടതി ആരാഞ്ഞു. ഹര്‍ജി തള്ളിയതോടെ ആ ഹൈക്കോടതിയുടെ നടപടി അവസാനിച്ചു. കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പടെയുള്ള കക്ഷികളോട് തുടര്‍നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി നടപടിയിലും സുപ്രീംകോടതി അത്ഭുതം രേഖപ്പെടുത്തി.
പള്ളി ഭൂമികള്‍ പൊതു ട്രസ്റ്റിന്റെ ഭാഗമായി വരുമെന്നും സിവില്‍ നടപടി ചട്ടത്തിലെ 92-ാം വകുപ്പ് ബാധകമായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കത്തോലിക്കാ സഭയെ കേള്‍ക്കാതെയാണ് വിധി പറഞ്ഞ ജഡ്ജി റോസ്റ്റര്‍ മാറിയിട്ടും തുടര്‍നടപടികള്‍ സ്വീകരിക്കുന്നുവെന്ന് സീറോ മലങ്കര സഭയുടെ ബത്തേരി രൂപതയും, സീറോ മലബാര്‍ സഭയുടെ താമരശ്ശേരി രൂപതയും സുപ്രീംകോടതിയില്‍ ആരോപിച്ചിരുന്നു.
Content Highlights: Supreme Court displeasure High Court bishops authority sell land and assets of churches
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..