Photo: Mathrubhumi
തിരുവനന്തപുരം: കേരളത്തിലെ എയ്ഡഡ് കോളേജുകളിലെ അധ്യാപകരുടെ വിരമിക്കൽ പ്രായം അറുപത്തി അഞ്ച് ആയി ഉയർത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, ജെ.കെ. മഹേശ്വരി എന്നിവർ അടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഹർജി തള്ളിയത്. വിരമിക്കൽ പ്രായം തീരുമാനിക്കുന്നത് സർക്കാരിന്റെ നയപരമായ വിഷയം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹർജി തള്ളിയത്.
2010 ലെ യു.ജി.സി. ചട്ടങ്ങൾ പ്രകാരം കോളേജ് അധ്യാപകർക്കുള്ള ശമ്പളം സംസ്ഥാന സർക്കാർ വർധിപ്പിച്ചിരുന്നു. എന്നാൽ ചട്ടത്തിൽ വിരമിക്കൽ പ്രായം അറുപത്തി അഞ്ച് ആയി ഉയർത്താൻ നിഷ്കർഷിച്ചിരുന്നു എന്നും അത് സർക്കാർ നടപ്പിലാക്കിയില്ല എന്നും ചൂണ്ടിക്കാട്ടി ആയിരുന്നു ഹർജി. യു.ജി.സി. രൂപീകരിച്ച ശമ്പള കമ്മീഷനും അധ്യാപകരുടെ വിരമിക്കൽ പ്രായം ഉയർത്താൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചിരുന്നു.
എന്നാൽ കോളേജ് അധ്യാപകരുടെ വിരമിക്കൽ പ്രായം ഉയർത്താൻ ശുപാർശ ചെയ്യുന്ന സർക്കുലർ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം 2012 ൽ പിൻവലിച്ചതായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചു. വിരമിക്കൽ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട നയപരമായ വിഷയത്തിൽ സംസ്ഥാന സർക്കാരിന് തീരുമാനം എടുക്കാമെന്നും കേന്ദ്രം അറിയിച്ചിട്ടുള്ളതായി സർക്കാർ വ്യക്തമാക്കിയിരുന്നു. സമാനമായ ആവശ്യം ഉന്നയിച്ച് ബിഹാറിൽ നിന്നുള്ള അധ്യാപകർ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയ കാര്യവും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
വിരമിക്കൽ പ്രായം അറുപത്തി അഞ്ച് ആയി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് എയ്ഡഡ് കോളേജ് അധ്യാപകർ നൽകിയ ഹർജി നേരത്തെ കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും, ഡിവിഷൻ ബെഞ്ചും തള്ളിയിരുന്നു. ഈ ഉത്തരവുകളിൽ ഇടപെടാൻ ആകില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ചിന്റെ വിധി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..