തിരുവനന്തപുരം: സപ്ലൈകോ ഭക്ഷ്യവസ്തുക്കള്‍ക്ക് വില വര്‍ദ്ധിപ്പിച്ചത് സാധാരണ നടപടി മാത്രമാണെന്ന് സി.എം.ഡി: പി. എം. അലി അസ്ഗര്‍ പാഷ അറിയിച്ചു. സപ്ലൈകോ നിലവില്‍ സബ്‌സിഡി പ്രകാരം നല്‍കുന്ന 13 ഇനം ഭക്ഷ്യവസ്തുക്കള്‍ക്ക് വിലയില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാമാസവും ഇ-ടെണ്ടര്‍ മുഖേന വാങ്ങുന്ന 38 ഇനം ഭക്ഷ്യവസ്തുക്കള്‍ക്ക് വാങ്ങല്‍വിലയുടെ അടിസ്ഥാനത്തില്‍ വില നിശ്ചയിക്കാറുണ്ട്. ഈ വിധത്തില്‍ കഴിഞ്ഞ മാര്‍ച്ച് മാസം അവസാന വാരത്തെ ഇ- ടെണ്ടറില്‍ വാങ്ങിയ സാധനങ്ങളില്‍ ഏഴ് ഇനങ്ങള്‍ക്ക് വാങ്ങല്‍വിലയുടെ അടിസ്ഥാനത്തില്‍ ചില്ലറവില്‍പനവിലയില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ 2020 ഏപ്രില്‍ ഏഴിലെ സംസ്ഥാന ശരാശരി പ്രകാരം ചെറുപയര്‍ -125 രൂപ, ഉഴുന്നുപരിപ്പ്-120 രൂപ, കടല -81 രൂപ, മല്ലി-97 രൂപ, മുളക്-185 രൂപ, വന്‍പയര്‍ - 79 രൂപ. പഞ്ചസാര 41 രൂപ. എന്നിങ്ങനെയാണ് വില നിലവാരം. 

സബ്‌സിഡി ഇല്ലാത്ത മുകളില്‍ പറഞ്ഞ ഭക്ഷ്യവസ്തുക്കള്‍ക്ക് ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് തയ്യാക്കുന്ന സംസ്ഥാനത്തെ ശരാശരി വിലകള്‍ കൂടി അവലോകനം ചെയ്തശേഷമാണ് സപ്ലൈകോ വില നിശ്ചയിച്ചിട്ടുള്ളത്.

അപ്രകാരമുള്ള സപ്ലൈകോ വിലനിലവാരം ഇങ്ങനെയാണ്: ചെറുപയര്‍ - 98 രൂപ, ഉഴുന്നുപരിപ്പ് - 95 രൂപ, കടല -61 രൂപ, മല്ലി - 83 രൂപ, മുളക് 158 രൂപ,വന്‍പയര്‍ 70 രൂപ, പഞ്ചസാര 39 രൂപ. എങ്കിലും തുവരപരിപ്പിന് വിലയില്‍ മാറ്റം വരുത്തിയിട്ടില്ല, കൂടാതെ പീസ്പരിപ്പിന് വിലയില്‍ കുറവ് വന്നിട്ടുമുണ്ട്. ഇ ടെണ്ടര്‍ മുഖേന വാങ്ങുന്ന 38 ഇനങ്ങളില്‍ ഏഴ് ഇനങ്ങള്‍ക്ക് മാത്രമേ വിലയില്‍ നേരിയ വിലവ്യത്യാസം വരുത്തിയിട്ടുള്ളൂ. മേല്‍വിലകള്‍ സംസ്ഥാന ശരാശരിയേക്കാള്‍ കുറഞ്ഞ വിലയാണ്.അതു കൊണ്ടു തന്നെ സപ്ലൈകോ വില വര്‍ദ്ധിപ്പിച്ചത് സ്വാഭാവിക നടപടിയാണെന്ന് സി.എം.ഡി. അറിയിച്ചു.

content highlights: supplyco cmd on price hike