സുനിൽ പി.ഇളയിടം| ഫോട്ടോ: കെ.കെ സന്തോഷ്
കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി സിലബസ് തയ്യാറാക്കിയതിൽ നിരവധി പ്രശ്നങ്ങളുണ്ടെന്ന് സുനിൽ പി ഇളയിടം. ഇത്തരത്തിലുള്ള ആശയങ്ങളോ അതുൾക്കൊള്ളുന്ന പാഠഭാഗങ്ങളോ പഠിച്ചു കൂടെന്നോ പഠിപ്പിച്ചു കൂടെന്നോ പറയാനാവില്ല. പക്ഷെ അത് എങ്ങനെ പഠിപ്പിക്കണം എന്ന കാര്യത്തിൽ ഈ സിലബസിന് വ്യക്തത ഉള്ളതായി തോന്നുന്നില്ല. വിമർശനാത്മക പഠനത്തിന്റെ പരിപ്രേക്ഷ്യം ഇതിൽ കാണാനില്ല. അതു കൊണ്ട് ആ ഭാഗം ഹിന്ദുത്വത്തിന്റെ പഠന യൂണിറ്റായി മാറാനുള്ള എല്ലാ സാഹചര്യവും ഉണ്ടെന്ന് സുനിൽ പി ഇളയിടം പറഞ്ഞു.
സിലബസിൽ ഇത്തരം വിഷയങ്ങൾ ഉൾപ്പെടുത്തുമ്പോൾ അത് വിമർശനാത്മകമായിട്ടുള്ള പഠനത്തിനാണ് എന്നത് ഉറപ്പാക്കാൻ കഴിയണം. അത് സിലബസ് രൂപീകരണത്തിന്റെ പരിപ്രേക്ഷ്യത്തിൽ വരണം. അത് പ്രധാന കാര്യമാണ്. നിലവിൽ ഗാന്ധിയുടേയും നെഹ്രുവിന്റേയും ഗോൾവാൾക്കറുടേയും സവർക്കറിന്റേയും എല്ലാം പാഠങ്ങൾ ഒരേ പ്രാധാന്യത്തോടെ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. അതിന് തുല്യ പരിഗണനയും പ്രാധാന്യവും സിലബസിൽ കൊടുത്തതായിട്ടാണ് വായിച്ചതിൽ നിന്ന് വ്യക്തമാകുന്നത്. അത് സവർക്കറുടെയും മറ്റും മഹത്വവത്കരണത്തിലാണ് ചെന്നെത്തുക. ചരിത്രപരമായിട്ടും വൈജ്ഞാനികമായും രാഷ്ട്രീയമായും അത് ശരിയല്ല.
ഇത്തരത്തിലുള്ള പാഠഭാഗങ്ങൾ പഠിക്കരുത് എന്നല്ല. മറിച്ച് എങ്ങനെയാണ് പഠിക്കേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായുള്ള ഒരു വീക്ഷണം സിലബസിൽ ഉണ്ടോ എന്നതാണ്. ഇവിടെയുള്ളത് സിലബസ് ഫ്രെയിമിങ്ങിന്റെ പ്രശ്നമാണ്. നിലവിൽ സിലബസിൽ ഹിന്ദുത്വത്തിന് ചരിത്രപരമായും നൈതികമായും കൊടുത്തു കൂടാത്ത വലിയ പ്രാധാന്യമാണ് കൊടുത്തിട്ടുള്ളത്. അത് അംഗീകരിക്കാവുന്ന കാര്യമല്ല.
Read More - കാവിവത്കരണമല്ല; വിവാദത്തില്‍ ദുഃഖമുണ്ട്: വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നു-സിലബസ് സമിതി കണ്‍വീനര്‍
സവർക്കറുടേയും ഗോൾവാൾക്കറുടേയും ആശയങ്ങൾ എന്താണ് എന്നത് മനസ്സിലാക്കുന്നതിലോ അതിനെ വിമർശനാത്മകമായി പഠിപ്പിക്കുന്നതിലോ തെറ്റില്ല. പഠിപ്പിക്കുന്നത് വിമർശനാത്മക ബോധത്തോടെ ആണ് എന്നത് സിലബസിൽ ഉറപ്പാക്കാനാകണം. അതിന് ഗാന്ധിജിയോടൊപ്പം സവർക്കറെയും നെഹ്രുവിനോടൊപ്പം ഗോൾവാൾക്കറേയും ചേർത്ത് വെച്ചു ഒരു പട്ടിക നൽകിയാൽ പോര.
സിലബസ് ഒരു റീഡിംഗ് ലിസ്റ്റ് അല്ല
ഒരു റീഡിംഗ് ലിസ്റ്റല്ല സിലബസ്. അത്തരത്തിലുള്ള ഒന്നിന് ഹിന്ദുത്വത്തിന്റെ മതരാഷ്ട്രപരമായ വ്യാഖ്യാനത്തിൽ ചെന്നെത്താൻ ഒരു പ്രയാസവുമില്ല. ഇപ്പോഴത്തെ രൂപത്തിൽ ഹിന്ദുത്വവാദിയായ ഒരാൾക്ക് മതരാഷ്ട്രദർശനത്തെ ഉറപ്പിച്ചെടുക്കാനുള്ള ഒരിടം ഉണ്ടെന്നാണ് വായിച്ചതിലൂടെ മനസ്സിലാകുന്നത്. അത്തരമൊരു സാഹചര്യം സിലബസിൽ ഉണ്ടാക്കിക്കൊടുക്കുന്നത് ശരിയല്ല.
കുറച്ചു പാഠഭാഗങ്ങളുടെ പേരു നൽകലല്ല സിലബസ് ചെയ്യേണ്ടത്. അത് ഒരു വിഷയത്തെ എങ്ങനെ സമീപിക്കണം, എന്തൊക്കെ കാഴ്ചപ്പാടുകളാണ് വേണ്ടത്, കോഴ്സ് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥിക്ക് ഏത് തരത്തിലുള്ള ഉൾക്കാഴ്ചയാണ് ഉണ്ടായിരിക്കേണ്ടത്, എന്തെല്ലാം വിവരങ്ങളും വസ്തുതകളും അയാൾ അറിയണം തുടങ്ങിയവയൊക്കെ സിലബസിന്റെ പരിഗണനയിൽ ഉണ്ടായിരിക്കണം. അത്തരത്തിലായിരിക്കണം സിലബസ് നിർമ്മാണം.
വിവാദ സിലബസ്
നിലവിലെ കണ്ണൂർ യൂണിവേഴ്സിറ്റി സിലബസ് ബോധപൂർവ്വം ചെയ്തതാണോ അതോ വേണ്ടത്ര ജാഗ്രതയില്ലാതെയാണോ എന്നറിയില്ല. എന്ത് തന്നെയായാലും സിലബസ് തയ്യാറാക്കിയതിൽ പ്രശ്നങ്ങളുണ്ട് .
ദേശീയതയെക്കുറിച്ചുള്ള വ്യത്യസ്ത വീക്ഷണങ്ങൾ വേറെയുമുണ്ട്. സോഷ്യലിസ്റ്റുകൾ, മുഹമ്മദ് ഇഖ്ബാലിനെപ്പോലുള്ളവർ, കമ്യൂണിസ്റ്റുകാർ എന്നിങ്ങനെ എത്രയോ വീക്ഷണഭേദങ്ങൾ ഇനിയുമുണ്ട്. പാർഥാ ചാറ്റർജിയെപ്പോലുള്ള വലിയ ചിന്തകരുണ്ട്. അത്തരം വീക്ഷണങ്ങളെല്ലാം ഇതിൽ വരേണ്ടതുണ്ട്. അങ്ങനെയാണ് ഇതിന് ചരിത്രപരമായ സാധുതയും വിമർശനാത്മക പരിപ്രേക്ഷ്യവും ഉണ്ടാവുക.
Read More - വിവിധ ആശയങ്ങൾ പഠിക്കാന്‍ വിദ്യാർഥികള്‍ക്ക് അവസരമുണ്ടാകണം- കണ്ണൂര്‍ സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍
Read More - ഹിന്ദുത്വ ദേശീയവാദം പഠിപ്പിക്കാന്‍ അഞ്ച് പുസ്തകം ഉള്‍പ്പെടുത്തിയതിന് എന്തു ന്യായീകരണം?- ഡോ. ആസാദ്
Read More - ബ്രണ്ണന്‍ കോളേജിലെ സിലബസിനെ സംഘി സിലബസ് എന്ന അര്‍ഥത്തില്‍ മാത്രമല്ല കാണേണ്ടത്-കെ.എന്‍. ഗണേശ്
Content Highlights: Sunil p ilayidam talk about kannur university syllabus issue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..