ബത്തേരി ടൗണിലിറങ്ങിയ ആന | Photo: Screengrab/CCTV Visuals
സുൽത്താൻബത്തേരി: തമിഴ്നാട്ടിലെ കൊലയാളിയായ കാട്ടാന ബത്തേരി ടൗണിലും ജനവാസകേന്ദ്രങ്ങളിലുമെത്തി. ജനവാസമേഖലയിലിറങ്ങിയ കാട്ടാന നാടിനെയും നാട്ടുകാരെയും മണിക്കൂറുകളോളം ഭീതിയുടെ മുൾമുനയിലാക്കി.
വെള്ളിയാഴ്ച പുലർച്ചെ സ്വകാര്യബസിനുനേരെ ചീറിയടുത്ത കാട്ടാന കാൽനടയാത്രക്കാരനെ തട്ടിയെറിഞ്ഞ് പരിക്കേൽപ്പിച്ചു. പള്ളിക്കണ്ടി സ്വദേശി സുബൈർകുട്ടിക്കാണ് (തമ്പി-57) പരിക്കേറ്റത്. ഇയാൾ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. റോഡും നടപ്പാതയും തമ്മിൽ വേർതിരിക്കുന്ന ഹാൻഡ് റെയിൽ ഉള്ളതുകൊണ്ട് ഭാഗ്യത്തിലാണ് സുബൈർകുട്ടി രക്ഷപ്പെട്ടത്.
ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാന വീടിനുനേരെയും ചീറിയടുത്തു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ നാടിറങ്ങിയ കാട്ടാനയെ മണിക്കൂറുകൾനീണ്ട പരിശ്രമത്തിനൊടുവിൽ വെള്ളിയാഴ്ച രാവിലെയാണ് വനത്തിലേക്ക് തുരത്തിയോടിച്ചത്. അപകടകാരിയായ ആനയാണിതെന്നാണ് വനംവകുപ്പ് പറയുന്നത്. പന്തല്ലൂരിൽ രണ്ടുപേരെ കൊല്ലുകയും നൂറോളം വീടുകൾ ആക്രമിച്ചുതകർക്കുകയും ചെയ്ത പി.എം.ടു. എന്ന മോഴയാനയാണ് ബത്തേരിയിലിറങ്ങിയത്.
സ്ഥിരംശല്യക്കാരനായ കാട്ടാനയെ പിടികൂടി റേഡിയോകോളർ ഘടിപ്പിച്ച് ഉൾവനത്തിൽ തുറന്നുവിട്ടിരുന്നതാണ്. രണ്ടാഴ്ചമുമ്പ് ഈ മോഴയാനയെ മുത്തങ്ങയിൽ കണ്ടിരുന്നു. പിന്നീട് തിരികെപ്പോയി മൂന്നുദിവസങ്ങൾക്കുമുമ്പ് കട്ടയാട്ട് പ്രത്യക്ഷപ്പെട്ടു. ഈസമയം പ്രദേശവാസികൾ ബഹളംവെച്ചും പടക്കംപൊട്ടിച്ചുമാണ് തിരികെക്കയറ്റിയത്. പിന്നീട് വ്യാഴാഴ്ചയാണ് ആന കേരളത്തിലേക്ക് കടന്നതായി തമിഴ്നാട് വനംവകുപ്പിൽനിന്ന് സന്ദേശം ലഭിച്ചത്.
ഗൂഡല്ലൂരിൽനിന്നുള്ള സംഘവും ആനയെ പിടികൂടാനായി സുൽത്താൻബത്തേരിയിൽ എത്തിയിട്ടുണ്ട്. കാട്ടാനയിറങ്ങിയതോടെ ബത്തേരി നഗരസഭയിലെ ടൗൺ ഉൾപ്പെടെയുള്ള പത്ത് ഡിവിഷനുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
നാട്ടിലിറങ്ങിയ കാട്ടാനയെ പ്രതിരോധിക്കുന്നതിനായി കേരളാ വനംവകുപ്പ് അധികൃതർ മുത്തങ്ങ ആനപ്പന്തിയിലെ സുരേന്ദ്രൻ, സൂര്യൻ എന്നീ കുങ്കിയാനകളെ സ്ഥലത്തെത്തിച്ചു.
ബത്തേരിയിൽ കാട്ടാനയിറങ്ങിയതോടെ, കഴിഞ്ഞദിവസം പാലക്കാട്ടെ പി.ടി. സെവൻ എന്ന കാട്ടാനയെ പിടികൂടാനായി വയനാട്ടിൽനിന്നുപോയ ഫോറസ്റ്റ് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സഖറിയ ഉൾപ്പെടെയുള്ള വനപാലകസംഘം വെള്ളിയാഴ്ച പുലർച്ചെയോടെ തിരിച്ചെത്തി.
അരി പ്രധാന വീക്ക്നെസ്, പേര് അരസിരാജ
സുൽത്താൻബത്തേരി: അരിയാണ് സുൽത്താൻബത്തേരിയെ വിറപ്പിച്ച അരസിരാജയെന്ന കാട്ടാനയുടെ പ്രധാന ‘വീക്ക്നെസ്’. പേരുവീണതും ഈ അരിഭ്രാന്തുകൊണ്ടുതന്നെ. അരിതിന്നാനായി പത്തുവയസ്സിനിടെ ‘അരസിരാജ’ ഗൂഡല്ലൂർ മേഖലയിൽ നൂറോളം വീടുകൾ അക്രമിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. കഴിഞ്ഞമാസം അക്രമണത്തിനിടെയാണ് ഒരു സ്ത്രീ വീട് തകർന്നുവീണ് മരിച്ചത്.
മറ്റൊരു സ്ത്രീ ചവിട്ടേറ്റും മരിച്ചു. പന്തല്ലൂർ മേഖലയിൽ സ്ഥിരംഭീഷണിയായി തീർന്നതോടെ തമിഴ്നാട്ടിലെ വനംവകുപ്പ് പിടികൂടിയശേഷം റേഡിയോകോളർ ഘടിപ്പിച്ച് മുതുമല ഫോറസ്റ്റിൽതന്നെ തുറന്നുവിടുകയായിരുന്നു. ഒരുമാസം മുൻപ് യാത്രതുടങ്ങിയ ആന 170 കിലോമീറ്റർ താണ്ടിയാണ് സുൽത്താൻബത്തേരിയിലെത്തിയത്. ഇതിനിടെ രണ്ടാഴ്ചമുൻപ് വനംവകുപ്പ് മുത്തങ്ങയിൽനിന്ന് ഇതിനെ തിരികെ തുരത്തിയോടിക്കുകയും ചെയ്തിരുന്നു.
മുതുമല വന്യജീവിസങ്കേതത്തിലെ സത്യമംഗലം വനത്തിൽനിന്ന് പുറപ്പെട്ട് ബന്ദിപ്പൂർ ഫോറസ്റ്റിലൂടെ കേരള അതിർത്തി കടന്ന് ആദ്യം കുപ്പാടിയിലെത്തി. പിന്നീട് കുറിച്യാട് ഫോറസ്റ്റ് റേഞ്ചിലേക്ക് പ്രവേശിച്ചു. മൂന്നുദിവസം കുറിച്യാട് മേഖലയിലുണ്ടായിരുന്നു. കട്ടയാട്ടുനിന്നാണ് വെള്ളിയാഴ്ച പുലർച്ചെ സുൽത്താൻബത്തേരി ടൗണിലേക്ക് കടന്നതും വഴിയാത്രക്കാരനെ അക്രമിക്കുന്നതും. രാത്രിയിൽ ഒരു ജൂവലറിയുടെ മതിലും ആന തകർത്തിട്ടുണ്ട്. അക്രമത്തിനുശേഷം വീണ്ടും വനത്തിനുള്ളിലൂടെ താഴെകുപ്പാടിക്ക് സമീപത്തെത്തി. വൈകീട്ട് കട്ടയാട്ട് വനത്തിനോട് ചേർന്ന ഒരു റിസോർട്ടിന്റെ നാനൂറുമീറ്ററോളം അടുത്തെത്തി.
ചപ്പകൊല്ലിയിലും കട്ടയാട്ട് വനത്തിനുള്ളിലുമായി കറങ്ങിനടക്കുകയാണ്. ജനവാസമേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. റേഡിയോകോളർ ഘടിപ്പിച്ചതുകൊണ്ട് മുഴുവൻസമയം നീരിക്ഷിക്കാൻ കഴിയും. മയക്കുവെടിവെച്ച് പിടികൂടുന്നതിന് പകരം കുങ്കിയാനകളെ ഉപയോഗിച്ച് കർണാടകവനത്തിനുള്ളിലേക്ക് തിരികെ തുരത്താനാണ് പദ്ധതി. സാധാരണ അതിർത്തികടന്നെത്തുന്ന ആനകൾ കുറിച്യാട് റേഞ്ചിൽനിന്ന് തിരികെപ്പോവാറാണുള്ളതെങ്കിലും മറ്റ് ആനകൾ അക്രമിച്ചതുകൊണ്ടാവാം അവിടെനിന്ന് ജനവാസമേഖലയിലെത്തിയതെന്നാണ് കരുതുന്നതെന്ന് വനംവകുപ്പ് പറയുന്നു. സുൽത്താൻബത്തേരി കെ.എസ്.ആർ.ടി.സി. മുതൽ പൂതാടി മൂടക്കൊല്ലിവരെ റെയിൽഫെൻസിങ് സ്ഥാപിച്ചിട്ടുണ്ട്. ഈ വേലി കടന്നുപോകുന്ന കട്ടയാട് ഭാഗത്താണ് കാട്ടാന ഇറങ്ങിയത്. കട്ടയാട് വനാതിർത്തിയിൽ റെയിൽഫെൻസിങ് സ്ഥാപിച്ച ഭാഗത്ത് മഴവെള്ളപ്പാച്ചിലിലുണ്ടായ കിടങ്ങിലൂടെ ഊർന്നിറങ്ങിയാണ് കാട്ടാന ജനവാസകേന്ദ്രത്തിലും പിന്നീട് സുൽത്താൻബത്തേരി ടൗണിലും എത്തിയതെന്നാണ് പറയുന്നത്.
ബത്തേരിടൗണിൽ നടപ്പാതയും റോഡും വേർതിരിക്കുന്ന ഹാൻഡ് റെയിലാണ് തന്റെ ജീവൻ രക്ഷിച്ചതെന്ന് പരിക്കേറ്റ സുബൈർകുട്ടി പറയുന്നു. തുമ്പിക്കൈകൊണ്ട് തട്ടിയിടുകയായിരുന്നു. ഹാൻഡ് റെയിൽ ഉള്ളതുകൊണ്ടുമാത്രമാണ് ചവിട്ടേൽക്കാതിരുന്നത്. നടന്നുപോവുന്നതിനിടെ എന്തോ ഒന്ന് പിറകിൽനിന്ന് വരുന്നതായി തോന്നി. തിരിഞ്ഞുനോക്കുമ്പോഴേക്കും ആനയുടെ അടിവീണെന്ന് സുബൈർകുട്ടി പറയുന്നു.
കല്ലൂരിലും കാട്ടാനയുടെ വിളയാട്ടം
സുൽത്താൻബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ കല്ലൂർ ടൗണിനോട് ചേർന്നും കാട്ടാനയിറങ്ങി. സംവിധായകൻ ശരത്ചന്ദ്രൻ വയനാടിന്റെ കൃഷിയിടത്തിലെ മൂന്നൂറിലധികം വാഴകൾ കാട്ടാന നശിപ്പിച്ചു. പ്രദേശത്ത് മറ്റുകർഷകരുടെ കൃഷികളും കാട്ടാന നശിപ്പിച്ചിട്ടുണ്ട്.
ആർ.ആർ.ടി.യെ പാതിരാത്രിയിൽ തിരികെവിളിച്ചു
ബത്തേരിയിൽ ആനയിറങ്ങിയതോടെ പാലക്കാട് ധോണിയിലെ ആനയെ തളയ്ക്കാൻപോയ വയനാട്ടിലെ റാപ്പിഡ് റെസ്പോൺസ് ടീമിനെ വെള്ളിയാഴ്ച പുലർച്ചെതന്നെ തിരികെവിളിച്ചു.
മൂന്നുദിവസം മുൻപ് ഇവിടെനിന്ന് തിരിച്ച സംഘത്തെ വെള്ളിയാഴ്ച മൂന്നുമണിയോടെയാണ് അടിയന്തരമായി തിരികെയെത്തണമെന്ന് പറഞ്ഞ് വിളിച്ചത്. 12 പേർ മടങ്ങി. ബാക്കി പത്തുപേർ അവിടെ തുടരുകയാണ്. നിരന്തരം വന്യമൃഗശല്യമുണ്ടാകുന്ന സാഹചര്യത്തിൽ വയനാട്ടിലെ ആർ.ആർ.ടി. സംഘത്തെ മുഴുവൻ പാലക്കാട്ടെ ദൗത്യത്തിന് കൊണ്ടുപോയതിനെതിരേ ശക്തമായ വിമർശനമുണ്ടായിരുന്നു. ആ വിമർശനം ശരിവെക്കുന്നരീതിയിലായി വെള്ളിയാഴ്ചത്തെ സംഭവങ്ങൾ.
Content Highlights: sulthan bathery town wild elephant pm 2 arasiraja rice weakness
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..