കാട്ടാനയാക്രമണത്തിന്റെ സി.സി.ടി.വി. ദൃശ്യം, സുബൈർ കുട്ടി | Photo: Screengrab/CCTV Visuals, Mathrubhumi News
സുല്‍ത്താന്‍ ബത്തേരി: ടൗണിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഇടുക്കി നെടുങ്കണ്ടം സ്വദേശി സുബൈര്‍ കുട്ടി ബത്തേരി താലൂക്ക് ആശുപത്രയില്‍ ചികിത്സയില്‍. ഇയാളുടെ പരിക്കുകള്‍ സാരമുള്ളതല്ല. കച്ചവടാവശ്യത്തിനായി വയനാട്ടിലെത്തിയതാണ് സുബൈര്‍ കുട്ടി. അതിനിടെയാണ് വെള്ളിയാഴ്ച പുലർച്ചെ ബത്തേരി ടൗണില്‍വെച്ച് അപ്രതീക്ഷിതമായി കാട്ടാനയുടെ ആക്രമണമുണ്ടായത്.
ഇടതുകാലിന് മാത്രമാണ് പരിക്കുപറ്റിയത്. നടക്കാനും കാല്‍മുട്ട് മടക്കാനും ബുദ്ധിമുട്ടുണ്ടെന്ന് സുബൈര്‍ കുട്ടി പറഞ്ഞു. ശരീരത്തിന്റെ ഇടതുഭാഗത്താണ് ആനയിടിച്ചത്. നടപ്പാതയിലെ കമ്പിയില്‍ തട്ടിയാണ് കാലിന് പരിക്കുപറ്റിയതെന്നും ഇദ്ദേഹം പറഞ്ഞു.
സുബൈര്‍ കുട്ടി പറഞ്ഞത്:
കടുംകാപ്പി കുടിച്ച് വരുമ്പോള്‍ ഇതാരാ വലിയൊരാള് എന്നോർത്ത് ഞാന്‍ പിറകോട്ട് നോക്കി. എന്റെ ശരീരത്തില്‍ ഒരു കമ്പിളിപ്പുതപ്പുണ്ടായിരുന്നു. തിരിഞ്ഞുനോക്കുമ്പോഴേക്കും ആന അടിച്ചുകഴിഞ്ഞിരുന്നു. ഞാന്‍ ഉരുണ്ടുരുണ്ട് മാറി. കൂടെയുണ്ടായിരുന്ന ഹംസയോട് ആനവരുന്നുണ്ട് എന്ന് വിളിച്ചുപറഞ്ഞു. പിന്നെ ആന കയറിപ്പോയി.
ആന എന്നെ തുമ്പികൈക്ക് ഒരു ചാമ്പ് ചാമ്പിയതേയുള്ളൂ. നടപ്പാതയിലെ കമ്പിയില്‍ തട്ടിയാണ് കാലിന് പരിക്കുപറ്റിയത്. ശരീരത്തിന്റെ ഇടതുഭാഗത്താണ് ആന അടിച്ചിട്ടത്. വേറെ കുഴപ്പമൊന്നും പറ്റിയിട്ടില്ല. ആ അടിയില്‍ ഫുട്പാത്തിലേക്ക് വീണു. അതുകൊണ്ട് രക്ഷപ്പെട്ടു. പത്താനയുള്ള വീട്ടിലെ കുഞ്ഞാണ് ഞാനും. അങ്ങനെയുള്ള ആളുടെയടുത്താണോ ശല്യം ചെയ്യുന്നതെന്ന് ചോദിച്ചു. അപ്പോഴേക്കും ഒരു തിരിച്ചില്‍ തിരിഞ്ഞ് ആന ഓടി.
കൊല്ലി ബാറിന്റെ ഭാഗത്തുനിന്നും ക്രോസ് ചെയ്തായിരുന്നു പിന്നിലൂടെ ആന വന്നത്. ഞാന്‍ പുതപ്പിട്ട് നടക്കുകയായിരുന്നു. അതിനിടെയാണ് തുമ്പിക്കൈയുടെ അടി കിട്ടിയത്. കൂട്ടുകാര്‍ വന്ന് തട്ടിയതായിരിക്കുമെന്നാണ് ഞാന്‍ ഓര്‍ത്തത്. ഇടതുകാലിന് മാത്രമാണ് പരിക്കുപറ്റിയത്. വലിച്ചു നടക്കാന്‍ ബുദ്ധിമുട്ടുണ്ട്, മടക്കാനും കഴിയുന്നില്ല. പെട്ടെന്ന് കറുത്തൊരു സാധനത്തെ കണ്ടപ്പോള്‍ ഭയന്നുപോയി ഞാന്‍.
Content Highlights: sultan bathery wild elephant at town attacked subair kutty says about attack
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..