കൊച്ചി: ഗാര്‍ഹിക പീഡന പരാതി നല്‍കിയതിനു പിന്നാലെ ആത്മഹത്യചെയ്ത എല്‍എല്‍.ബി. വിദ്യാര്‍ഥിനി മൊഫിയ പര്‍വീണിന്റെ ആരോപണത്തില്‍ ആലുവ സി.ഐ സുധീറിനെതിരേ ഉടന്‍ നടപടിക്ക് സാധ്യത. ഇതുമായി ബന്ധപ്പെട്ട നീക്കങ്ങളുടെ ഭാഗമായി ഡി.ഐ.ജി നീരജ്കുമാര്‍ ഗുപ്ത റൂറല്‍ എസ്.പിയുടെ ഓഫീസിലെത്തി. വിഷയത്തില്‍ സി.ഐയുടെ വിശദീകരണം തേടിയിരുന്നു. 

ഇതുവരേയും സി.ഐക്കെതിരെ ഒരു നടപടിയും ഉണ്ടാകാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പില്‍ പെണ്‍കുട്ടി ഭര്‍തൃവീട്ടുകാര്‍ക്കെതിരേയും സി.ഐ സുധീറിനെതിരേയും ആരോപണം ഉന്നയിച്ചിരുന്നു. ഭര്‍തൃവീട്ടുകാര്‍ക്കെതിരേ കേസ് എടുത്തിരുന്നെങ്കിലും സി.ഐ സുധീറിനെതിരേ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നു.

സി.ഐക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തണമെന്ന ആവശ്യം ശക്തമാണ്. മകള്‍ക്ക് പോലീസിന്റെ ഭാഗത്തുനിന്ന് അല്‍പം കരുണയാണ് വേണ്ടിയിരുന്നതെന്നും അത് കിട്ടിയിരുന്നെങ്കില്‍ മകള്‍ ആത്മഹത്യ ചെയ്യില്ലായിരുന്നുവെന്നും മൊഫിയയുടെ പിതാവ് ദില്‍ഷാദ് പറഞ്ഞിരുന്നു. 

സി.ഐ സുധീറിനെ സ്റ്റേഷന്‍ ചുമതലകളില്‍നിന്ന് നീക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ നടപടി സ്വീകരിച്ചിട്ടില്ലെന്ന് റൂറല്‍ എസ്.പി വ്യക്തമാക്കി. സി.ഐ ബുധനാഴ്ച രാവിലെ ഡ്യൂട്ടിക്ക് എത്തുകയും ചെയ്തു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. തുടര്‍ന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരവും നടത്തി.