കണ്ണൂര്‍: പാപ്പിനിശ്ശേരി തുരുത്തിയില്‍ സ്ഥലം ഏറ്റെടുക്കാന്‍ ദേശീയ പാതാ അധികൃതര്‍ എത്തിയതിനെത്തുടര്‍ന്ന് പ്രതിഷേധം. പ്രദേശവാസി ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പ്രദേശവാസിയായ രാഹുല്‍ കൃഷ്ണയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
പ്രദേശത്ത് പോലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രതിഷേധത്തെതുടർന്ന് സമരസമിതി നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ തന്നെ സ്ഥലമേറ്റെടുപ്പ് നടപടികള്‍ പ്രദേശത്ത് നടക്കുന്നുണ്ട്. സമ്മതം നല്‍കിയവരുടെ സ്ഥലവും ഭൂമിയുമാണ് ആദ്യഘട്ടത്തില്‍ അളക്കുന്നത്. പിന്നീട് ഉച്ചയോടുകൂടിയാണ് മറ്റ് ഭാഗങ്ങള്‍ അളക്കുന്നതിലേക്ക് കടന്നത്. ഈ സമയത്തായിരുന്നു രാഹുല്‍ കൃഷ്ണയുടെ ഭാഗത്ത് നിന്ന് അപ്രതീക്ഷിത നീക്കമുണ്ടായത്.
പ്രദേശത്ത് ആളുകളെ സംഘടിപ്പിച്ചതിനും പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതിനും സമരസമിതി നേതാവ് നിഷില്‍ കുമാറിനെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ വന്‍ പ്രതിഷേധം ഉണ്ടായി.
29 വീടുകളാണ് പരിസരത്തുള്ളത്. 12 വീട്ടുകാര്‍ സ്ഥലം വിട്ടുനൽകാൻ സമ്മതം നല്‍കിയിട്ടുണ്ട് എന്നാണ് റവന്യൂ അധികൃതര്‍ പറയുന്നത്. എന്നാല്‍ വ്യാജ സമ്മതപത്രമാണിതെന്നും അശാസ്ത്രീയമായി റോഡ് നിര്‍മ്മിക്കുന്നതിനെ തുടര്‍ന്ന് തങ്ങളുടെ കോളനി ഇല്ലാതാവുമെന്നുമാണ് നാട്ടുകാരുടെ ആരോപണം.
content highlights: suicide attempt in Kannur Thuruthi