വി.കെ.സനോജ്, കെ.സുധാകരൻ |ഫോട്ടോ:മാതൃഭൂമി
കണ്ണൂര്‍: ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ ആസൂത്രിതമായിട്ടാണ് കോണ്‍ഗ്രസ് കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ കലാപത്തിന് ആഹ്വാനം ചെയ്‌തെന്നും കൊലപാതകത്തില്‍ അറസ്റ്റിലായ നിഖില്‍ പൈലി കെ.എസ്.ബ്രിഗേഡിന്റെ ഇടുക്കിയിലെ തലവനാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ വി.കെ.സനോജ് പറഞ്ഞു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാമ്പസില്‍ യാതൊരു സംഘര്‍ഷവും ഉണ്ടായിട്ടില്ല. വോട്ടെടുപ്പ് കഴിഞ്ഞ് വിദ്യാര്‍ഥികള്‍ പുറത്തിറങ്ങിയതാണ്. ഈ സമയത്താണ് ഗുണ്ടകളുമായി എത്തി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലി വിദ്യാര്‍ഥികളെ കുത്തിവീഴ്ത്തുന്നതെന്നും സനോജ് പറഞ്ഞു.
സാധാരണ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ചെറിയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ട്. ഇവിടെ അത് പോലും ഉണ്ടായിട്ടില്ല. പുറത്ത് നിന്ന് വന്ന ആളുകളാണ് കൊലപാതകം നടത്തിയത്. വളരെ ബോധപൂര്‍വം ആ കോളേജിലെ എസ്എഫ്‌ഐയുടെ പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉള്‍പ്പടെയുള്ളവർ അവിടെ എത്തിയത്.
കേരളത്തെ ഞെട്ടിച്ച ഈ സംഭവത്തെ തള്ളിപ്പറയുന്നതിന് പകരം കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ കൊലപാതകത്തെ ന്യായീകരിച്ചു. കൊലയാളികളെ സംരക്ഷിക്കാനുള്ള നിലപാടുകളുമെടുത്തു.
കഴിഞ്ഞ കുറച്ചുകാലങ്ങളായി കെ.സുധാകരന്‍ പ്രത്യേക ലക്ഷ്യം വെച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നമ്മള്‍ കാണുകയാണ്. സുധാകരന്‍ നേതൃത്വത്തില്‍ വന്നാലുള്ള അപകടം കണ്ണൂര്‍ ഡിസിസി അധ്യക്ഷനായിരുന്ന പി.രാമകൃഷ്ണന്‍ നേരത്തെ വെളിപ്പെടുത്തിയതാണ്. ആ അപകടം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലാകെ കലാപത്തിനുള്ള ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇടുക്കിയിലെ സുധാകരന്‍ ബ്രിഗേഡിന്റെ തലവനാണ് നിഖില്‍ പൈലി. കൊലയാളികളെ പോലും നാണിപ്പിക്കുന്ന തരംതാണ പ്രചാരണങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നത്.
രക്തം ദാഹിച്ച് നടക്കുന്ന ഡ്രാക്കുളസംഘമായി കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് മാറികൊണ്ടിരിക്കുന്നുവെന്നും സനോജ് കൂട്ടിച്ചേര്‍ത്തു.
Content Highlights : Dheeraj's planned assassination, killer KS brigade chief - DYFI
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..