വ്യോമസേനാ വിമാനത്തിൽ ഇന്ത്യക്കാരെ ഒഴിപ്പിച്ചുതുടങ്ങിയപ്പോൾ | Photo - PTI
തിരുവനന്തപുരം: ആഭ്യന്തര കലാപവും സംഘര്‍ഷവും നിലനില്‍ക്കുന്ന സുഡാനില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലെത്തിക്കുന്ന മലയാളികളെ അതത് വിമാനത്താവളങ്ങളില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന്റെ ചിലവില്‍ കേരളത്തിലേക്ക് എത്തിക്കും. മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതുസംബന്ധിച്ച നടപടികള്‍ സ്വീകരിക്കാന്‍ കേരളീയ പ്രവാസികാര്യ വകുപ്പിനെ (നോര്‍ക്ക) ചുമതലപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കേരള മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്റെ കാലാവധി ഏപ്രില്‍ 28 മുതല്‍ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്‌സ്മാനായ ജസ്റ്റിസ് പി.എസ് ഗോപിനാഥിന് കേരള മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്‍ ചെയര്‍പേഴ്‌സന്റെ പൂര്‍ണ്ണ അധിക ചുമതല നല്‍കും. 2023-ലെ കേരള മെഡിക്കല്‍ വിദ്യാഭ്യാസം (സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും) കരട് ഭേദഗതി ബില്‍ മന്ത്രിസഭ അംഗീകരിച്ചു. കടവത്തൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എച്ച്.എസ്.എസ.ടി (അറബിക്) തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
ഓപ്പറേഷന്‍ കാവേരി എന്ന ദൗത്യത്തിലൂടെയാണ് സുഡാനില്‍നിന്ന് ഇന്ത്യക്കാരെ കേന്ദ്ര സര്‍ക്കാര്‍ തിരികെ എത്തിക്കുന്നത്. ഐഎന്‍എസ് സുമേധ എന്ന നാവികസേനാ കപ്പലും വ്യോമസേനാ വിമാനങ്ങളും അടക്കമുള്ളവ ഉപയോഗിച്ചാണ് സുഡാനില്‍നിന്നുള്ള ഒഴിപ്പിക്കല്‍. ഇന്ത്യക്കാരുടെ സംഘങ്ങള്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. അവിടെനിന്ന് വിമാനമാര്‍ഗം അവരെ ഇന്ത്യയിലെത്തിക്കും. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ജിദ്ദയില്‍ തങ്ങി ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. സുഡാനില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ളവരെ തിരികെ നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.
Content Highlights: sudan crisis operation kaveri cm pinarayi vijayan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..