തിരുവനന്തപുരം: അച്ഛനണിഞ്ഞത് പോലീസ് യൂണിഫോം, മകള്‍ ഒരുപടികടന്ന് സിവില്‍ സര്‍വീസില്‍. തിരുവനന്തപുരം കാര്യവട്ടം സ്വദേശിനി മിന്നുവിന്റെ സിവില്‍ സര്‍വീസ് കഥയാണിത്. കാര്യവട്ടം തുണ്ടത്തില്‍ ജെ.ഡി.എസ്. വില്ലയില്‍ പി.എം. മിന്നു. വഴുതക്കാട് പോലീസ് ആസ്ഥാനത്തെ ക്ലാര്‍ക്കാണ് മിന്നു. ഈ റാങ്ക് നേട്ടം സമര്‍പ്പിക്കുന്നത് സര്‍വീസിലിരിക്കെ മരിച്ച പോലീസുകാരനായ അച്ഛന്‍ പോള്‍രാജിന്റെ ഓര്‍മകള്‍ക്കുമുന്നിലാണ്.

ബയോകെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള മിന്നു 2013ലാണ് പോലീസ് വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചത്. അച്ഛന്റെ മരണത്തെത്തുടര്‍ന്ന് ആശ്രിത നിയമനമായിരുന്നു. അച്ഛന്‍ പോലീസിലായിരുന്ന കാലത്തൊക്കെ ഐപിഎസ്സുകാരെയും സിവില്‍ സര്‍വീസുകാരെയും പറ്റിയുള്ള കാര്യങ്ങള്‍ കേട്ടാണ് മിന്നു വളര്‍ന്നത്. 

എന്നാല്‍ അച്ഛന്റെ മരണശേഷം പോലീസ് ആസ്ഥാനത്തെ ജോലിക്കിടെ നിരവധി പോലീസുദ്യോഗസ്ഥരെ നേരില്‍ കണ്ടതോടെ സിവില്‍ സര്‍വീസ് മോഹം പതിയെ തളിരിടുകയായിരുന്നു. അങ്ങനെ 2016 ല്‍ ആദ്യത്തെ പരിശ്രമം നടത്തി. നിരാശയായിരുന്നു ഫലം. പിന്നീട് 2017ലും 18ലും പരാജയം സമ്മതിക്കാതെ വീണ്ടും പരീക്ഷയെഴുതി. ഒബിസി കാറ്റഗറിയിലായിരുന്നതിനാല്‍ കൂടുതല്‍ തവണ പരീക്ഷ എഴുതാന്‍ അവസരങ്ങളുണ്ടായിരുന്നു. അങ്ങനെ 2020 വരെ തുടര്‍ച്ചയായി പരീക്ഷ എഴുതി. 

ഇതിനിടെ വിവാഹിതയും അമ്മയുമായി. രണ്ടുതവണ അഭിമുഖ പരീക്ഷവരെ എത്തി പിന്മാറേണ്ടി വന്നു. രണ്ടുതവണ പ്രിലിമിനറി പോലും കയറിപ്പറ്റാത്ത അവസ്ഥയുണ്ടായി. എന്നിട്ടും തളരാതെ പൊരുതി നേടിയതാണ് ഈ വിജയം. ആറാമത്തെ പരിശ്രമത്തില്‍ 150-ാം റാങ്കാണ് മിന്നുവിന് ലഭിച്ചത്. ഒബിസി കാറ്റഗറി ആയതിനാല്‍ ചിലപ്പോള്‍ ഐഎഎസ് തന്നെ കിട്ടിയേക്കും.

പോലീസ് ആസ്ഥാനത്ത് ജോലി ചെയ്തിരുന്നുവെങ്കിലും അഡ്മിനിസ്ട്രേഷന്‍ ജോലികളായിരുന്നതിനാല്‍ യൂണിഫോം അണിയേണ്ടി വന്നിട്ടില്ല. പോലീസിലായിരുന്നപ്പോഴും പോലീസ് ജോലികളേക്കാള്‍ ഭരണപരമായ കാര്യങ്ങള്‍ ചെയ്തിരുന്നതിനാല്‍ ഐപിഎസിനേക്കാള്‍ ഐഎഎസ് ആണ് തനിക്ക് യോജിക്കുക എന്നാണ് മിന്നു കരുതുന്നത്. 

അച്ഛന്റെ മരണത്തിന് ശേഷം ലഭിച്ച ജോലി ആയതിനാല്‍ സ്വന്തമായി പഠിച്ച് ജോലി നേടണമെന്നതായിരുന്നു ആഗ്രഹം. അച്ഛന്റെ സ്വപ്നവും. അത് പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് മിന്നു. ഭര്‍ത്താവ് ജോഷി ഐ.എസ്.ആര്‍.ഒ.യില്‍ ഉദ്യോഗസ്ഥനാണ്. മകന്‍: ജര്‍മിയ ജോണ്‍ ജോഷി.