കോഴിക്കോട്:  മെഡിക്കല്‍ കോളേജില്‍ പിന്‍വാതില്‍ നിയമനം ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ തള്ളിക്കയറല്‍ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ മെഡിക്കല്‍കോളേജ് എസ്.ഐയുടെ ഭീഷണി.

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്താല്‍ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി സമരത്തിന്റെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരുടെ ഫോട്ടോയും എസ്.ഐ ഹബീബുള്ള തന്റെ മൊബൈല്‍ ഫോണില്‍ എടുത്തു. നേരത്തെ ദളിത് വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ ആരോപണ വിധേയനായ ആള്‍ കൂടിയാണ് ഹബീബുള്ള. അന്ന് എസ്.ഐക്കെതിരെ വിദ്യാര്‍ഥിയുടെ കുടുംബം സമരം നടത്തിയിരുന്നു. 

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പിന്‍വാതില്‍ നിയമനം ആരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. മാര്‍ച്ച് അക്രമാസക്തമാവുകയും ചെയ്തു. ഷൂട്ട് ചെയ്യാന്‍ സൂപ്രണ്ടിന്റെ അനുവാദമുണ്ടോയെന്ന് ചോദിച്ചായിരന്നു എസ്.ഐ യുടെ ആക്രോശം. ദളിത് വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ ആരോപണ വിധേയനായപ്പോള്‍ എസ്.ഐയെ പറ്റി അന്വേഷണം നടത്താമെന്ന സിറ്റി പോലീസ് കമ്മീഷണറുടെ ഉറപ്പിന്‍മേലായിരുന്നു അന്ന് വിദ്യാര്‍ഥിയുടെ കുടംബം സമരം അവസാനിപ്പിച്ചത്.