തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ എസ്‌ഐയ്ക്കു നേരെ ആക്രമണം. പേരൂര്‍ക്കട എസ്.ഐ നന്ദകൃഷ്ണനെയാണ് നാലംഗ സംഘം ആക്രമിച്ചത്. മാസ്‌ക് ധരിക്കാതെ കൂട്ടം കൂടി നിന്നത് ചോദ്യം ചെയ്തതിനാണ് എസ്‌ഐ നന്ദകൃഷ്ണനുനേരെ ആക്രമണമുണ്ടായത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ എസ്‌ഐ പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സയിലാണ്. 

രാത്രി ഒന്‍പത് മണിയോടെയാണ് എസ്.ഐക്ക് നേരെ ആക്രമണമുണ്ടായത്. നൈറ്റ് പെട്രോളിങ്ങിനിറങ്ങിയതായിരുന്നു നന്ദകൃഷ്ണന്‍. കുടപ്പനക്കുന്ന് ജംഗ്ഷന് സമീപം യുവാക്കള്‍ മാസ്‌ക് ധരിക്കാതെ കൂട്ടംകൂടി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനേ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യാനായി ഇവരുടെ പേര് വിവരങ്ങള്‍ പോലീസ് ചോദിച്ചു. എന്നാല്‍ അത് വെളിപ്പെടുത്താന്‍ തയ്യാറാകാതിരുന്ന അവര്‍ പോലീസിനോട് തട്ടിക്കയറുകയായിരുന്നു. 

തുടര്‍ന്ന് യുവാക്കള്‍ എസ്.ഐ. നന്ദകൃഷ്ണനെ മര്‍ദ്ദിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു. രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുടപ്പനക്കുന്ന് സ്വദേശി ജിതിന്‍ ജോസ്, പാതിരപ്പള്ളി സ്വദേശി ലിബിന്‍ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മറ്റ് രണ്ട് പേര്‍ ഓടി രക്ഷപെട്ടു. 

Content Highlights: Sub inspector attacked at Peroorkada, two arrested