കല്‍പ്പറ്റ: മരടിന് പിന്നാലെ വയനാട്ടിലും നിയം ലംഘിച്ച് നിര്‍മിച്ച ഫ്ളാറ്റ് പൊളിക്കാന്‍ ഉത്തരവ്. വൈത്തിരി താലൂക്കില്‍ നിലം നികത്തി നിര്‍മിച്ച ഫ്ളാറ്റ് സ്ഥിതി ചെയ്യുന്ന ഭൂമി പൂര്‍വ സ്ഥിതിയിലാക്കാന്‍ മാനന്തവാടി സബ് കളക്ടര്‍ നല്കിയ ഉത്തരവിന്റെ കോപ്പി മാതൃഭൂമി ന്യൂസിന് ലഭിച്ചു. ഭൂമി പൂര്‍വസ്ഥിതിയിലാക്കാന്‍ ഫ്ളാറ്റ് പൊളിച്ച് നീക്കേണ്ടി വരും.
വയനാട്ടില്‍ മൂന്ന് ബഹുനില ഫ്ളാറ്റുകളാണുള്ളത്. ഇതെല്ലാം അതീവ പരിസ്ഥിതി പ്രധാന്യമുള്ള വൈത്തിരി താലൂക്കിലെ വൈത്തിരി പഞ്ചായത്തിലാണുള്ളത്. ഇതില്‍ ഒരു ഫ്ളാറ്റിനെ കുറിച്ച് മാനന്തവാടി സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഒരു വര്‍ഷം മുന്‍പ് പുറത്തിറക്കിയ ഉത്തരവാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
കേരള ഭൂവിനിയോഗ നിയമപ്രകാരം ചുണ്ടേല്‍ വില്ലേജില്‍ നിര്‍മിച്ചിരിക്കുന്ന ഫ്ളാറ്റ് നിര്‍മിച്ചിരിക്കുന്ന ഭൂമി വയലാണെന്ന് കണ്ടെത്തിയതിന് ശേഷമാണ് സബ്കളക്ടര്‍ ഈ ഉത്തരവ് നല്‍കിയിരിക്കുന്നത്. ആ ഭൂമി പഴയപോലെ വയലാക്കി തന്നെ മാറ്റണമെന്ന ഉത്തരവാണ് കളക്ടര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. അതിന് വേണ്ടി സ്വാഭാവികമായും ഈ ഫ്ളാറ്റ് പൊളിച്ച് നീക്കേണ്ടി വരും.
കേരള ഭൂവിനിയോഗ നിയമപ്രകാരം ഫോം ഇ എന്ന ഉത്തരവ് കൂടി സബ്കളക്ടര്‍ നല്‍കിയിട്ടുണ്ട്. ഈ ഉത്തരവ് പ്രകാരം ഈ ഭൂമിയില്‍ നെല്‍കൃഷി നടത്തണമെന്നും സബ്കളക്ടര്‍ പറയുന്നു. ഇത് ഒരു വര്‍ഷം മുന്‍പ് ഇറങ്ങിയ ഉത്തരവാണെങ്കിലും വിവരങ്ങള്‍ പുറത്ത് വന്നിരുന്നില്ല. അതിന് ശേഷം ഉടമകള്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്ക് അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ തയ്യാറാകാതിരുന്ന ലാന്‍ഡ് റവന്യു കമ്മീഷണര്‍ ഉടമകളുടെ ഭാഗം കേട്ട് മൂന്ന് മാസത്തിനകം തീര്‍പ്പാക്കണം എന്ന ഉത്തരവാണ് നല്‍കിയത്.
ഈ നിലം നികത്താനുള്ള ഒരു അനുമതിയും റവന്യു വകുപ്പ് നല്‍കിയിട്ടില്ലെന്ന് ഉത്തരവില്‍ പറയുന്നു. മറ്റൊരു സ്ഥലത്തിന് മണ്ണിടാന്‍ നല്കിയ ഉത്തരവ് വെച്ചാണ് ഈ സ്ഥലം നികത്തിയിരിക്കുന്നത്. 2016 ല്‍ സി.എസ് ധര്‍മരാജ് എന്ന പരിസ്ഥിതി പ്രവര്ത്തകന് നല്കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ രണ്ട് പ്രളയത്തിലും കനത്ത നാശനഷ്ടം ഉണ്ടായ പ്രദേശമാണ് ഇത്.
content highlights: Sub collector's order to demolish flat in wayanad