തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ ഭരണപരിചയം കുറഞ്ഞ മന്ത്രിമാർക്ക് പരിശീലനം നൽകുന്നു. സെപ്റ്റംബര്‍ 20, 21, 22 തീയതികളില്‍ നിന്നായി ദിവസേനെ മൂന്നു ക്ലാസുകളാണ് മന്ത്രിമാര്‍ക്ക് വേണ്ടി നല്‍കുന്നത്. രാവിലെ 9.30 മുതല്‍ ഒരുമണിക്കൂര്‍ വീതമുള്ള മൂന്ന് ക്ലാസുകളാണ് പരിശീലനത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രമായ തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റാണ് (ഐഎംജി) മന്ത്രിമാരെ പഠിപ്പിക്കുക. മന്ത്രിമാര്‍ക്ക് ആവശ്യമായ ഭരണ പരിചയം പോരെന്നും പരിശീലനം നല്‍കണമെന്നും ഐഎംജി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാരിന്റെ നൂറ് ദിനത്തിനിടെ നടത്തിയ പ്രവര്‍ത്തനത്തിനിടെയാണ് മന്ത്രിമാര്‍ക്ക് ഭരണപരമായ കാര്യങ്ങളില്‍ അവഗാഹം കുറവാണെന്ന് കണ്ടെത്തിയത്. വിഷയങ്ങള്‍ പഠിച്ച് വേണ്ടരീതിയില്‍ കൃത്യമായി നടപ്പിലാക്കുന്നതിലും ഫയലുകള്‍ കാലതാമസം കൂടാതെ കൈകാര്യം ചെയ്യുന്നതിലും മന്ത്രിമാര്‍ പിന്നിലാണെന്ന് ഐഎംജി സര്‍ക്കാരിന് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. 

ഓഗസ്റ്റ് 30നാണ് ഇതുസംബന്ധിച്ച പ്രൊപ്പോസല്‍ ഐ.എം.ജി ഡയറക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്. നിര്‍ദ്ദേശം പരിഗണിച്ച് സെപ്റ്റംബര്‍ ഒന്നിലെ മന്ത്രിസഭായോഗം പരിശീലന പരിപാടിക്ക് അംഗീകാരം നല്‍കുകയും ഉത്തരവ് ഇറക്കുകയും ചെയ്തു. ഈ ഉത്തരവ് പ്രകാരം 20 മുതല്‍ 22 വരെ മൂന്ന് ദിവസങ്ങളിലായി മന്ത്രിമാര്‍ക്ക് ക്ലാസുകള്‍ നല്‍കും. 

ഭരണ സംവിധാനത്തെ പരിചയപ്പെടല്‍, ദുരന്തകാലത്തെ നേതൃവെല്ലുവിളികള്‍, ടീം ലീഡറായി എങ്ങനെ മന്ത്രിക്ക് പ്രവര്‍ത്തിക്കാം, പരിവര്‍ത്തനത്തിനുള്ള ഉപാധിയായി ഇ-ഗവേണന്‍സ് ഉപയോഗിക്കല്‍, മന്ത്രിയെന്ന നിലയില്‍ എങ്ങനെ കാര്യക്ഷമത വര്‍ധിപ്പിക്കാം, പദ്ധതി നിര്‍വഹണത്തിലെ വെല്ലുവിളികള്‍, സമൂഹമാധ്യങ്ങളിലെ അപകടങ്ങളും സാധ്യതകളും തുടങ്ങിയവയൊക്കെയാണ് മന്ത്രിമാര്‍ക്ക് നല്‍കുന്ന ക്ലാസുകള്‍.  

ഓണ്‍ലൈന്‍ ഓഫ്​ലൈൻ ക്ലാസുകളായി നടത്തുന്ന പരിശീലനം 22ന് ഉച്ചയോടെ അവസാനിക്കും. ഇതിന് മുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാര്‍ക്ക് ഐഎംജിയില്‍ പരിശീലനം നല്‍കിയിരുന്നു. എന്നാല്‍ അത് ഒരു ദിവസത്തേക്ക് മാത്രമായിരുന്നു. ഇത്രയും ദീര്‍ഘവും സമയക്രമവും വിഷയങ്ങളും ഉള്‍ക്കൊള്ളിച്ച് വിശദമായി പരിശീലനം നല്‍കുന്നത് മന്ത്രിമാരുടെ പ്രവര്‍ത്തനം ഉദ്ദേശിച്ച തരത്തില്‍ ഉയര്‍ന്നിട്ടില്ലെന്ന് കണ്ടാണെന്ന് വ്യക്തം.

content highlights: study class organized for state ministers