കൊച്ചി: പഠിപ്പുമുടക്കി സമരം പാടില്ലെന്ന് ഹൈക്കോടതി. സമരം മൂലം ക്ലാസുകള്‍ നഷ്ടമായത് കാരണം പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് കുസാറ്റിലെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. 

സമരങ്ങള്‍ കാരണം വേണ്ടതില്‍ പകുതി മണിക്കൂറുകള്‍ മാത്രമേ തങ്ങള്‍ക്ക് ക്ലാസ് ലഭിച്ചിട്ടുള്ളുവെന്നും അതിനാല്‍ പരീക്ഷക്ക് പഠിക്കാന്‍ ആവശ്യമായ സമയം ലഭിക്കാത്തതിനാല്‍ പരീക്ഷ നീട്ടിവെക്കണമെന്നുമായിരുന്നു വിദ്യാര്‍ത്ഥികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് നഷ്ടമായതിന് കാരണം അനാവശ്യ സമരങ്ങളായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ട് ഒരു വിദ്യാര്‍ത്ഥിയെയും സമരത്തിന് നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് കോടതി പറഞ്ഞു. 

സമരത്തില്‍ പങ്കെടുക്കേണ്ടവര്‍ക്ക് പങ്കെടുക്കാം പക്ഷെ താത്പര്യമില്ലാത്തവരെ നിര്‍ബന്ധിച്ച് സമരം ചെയ്യിക്കാന്‍ പാടില്ല. സമര ദിവസങ്ങളിലും ക്ലാസ് നടത്താന്‍ ടീച്ചര്‍ക്ക് അവകാശമുണ്ട്. പഠനാവകാശം സംരക്ഷിക്കപ്പെടണമെന്നും കോടതി പറഞ്ഞു. അതുകൊണ്ട് ഇനിമുതല്‍ പഠിപ്പു മുടക്കി സമരം ചെയ്യാന്‍ ആരെങ്കിലും നിര്‍ബന്ധിക്കുന്ന പക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പ്രിന്‍സിപ്പലിന് പരാതി നല്‍കാനും പ്രിന്‍സിപ്പലിന് പോലീസില്‍ പാരാതിപ്പെടാനും കഴിയും