കൊല്ലം: കാറിടിച്ച് രണ്ടു സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്. ഒരു വിദ്യാര്‍ഥിയുടെയും ഒന്നര വയസ്സുകാരിയുടെയും നില ഗുരുതരം. കൊല്ലം അഞ്ചലില്‍ രാവിലെ പത്തു മണിയോടെയാണ് സംഭവം. ഗവണ്‍മെന്റ് ഏറം സ്‌കൂളിലെ വിദ്യാര്‍ഥികളെയും അവരുടെ അമ്മമാരെയുമാണ് കാറിടിച്ചത്.

ഒന്നാംക്ലാസ് വിദ്യാര്‍ഥികളായ നൂര്‍ജഹാന്‍,  ബിസ്മി, ബിസ്മിയുടെ ഒന്നര വയസ്സുള്ള സഹോദരി സുമയ്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ബിസ്മിയെയും സുമയ്യയെയും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമ്മമാര്‍ക്കൊപ്പം സ്‌കൂളിലേയ്ക്ക് പോകുകയായിരുന്ന വിദ്യാര്‍ഥികളെ പിന്നില്‍നിന്നെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അമ്മമാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒരു കുട്ടിയെയും രണ്ട് അമ്മമാരെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടം നടന്ന സ്ഥലത്ത് പോലീസെത്തി പരിശോധന നടത്തി.

Content Highlights: students injured in car accident, kollam