റാന്നി: മന്ദമരുതി മാടത്തരുവിയിൽ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂൾ വിദ്യാർഥികൾ മുങ്ങി മരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർഥികളായ ചേത്തയ്ക്കല്‍ പിച്ചനാട്ട് കണ്ടത്തില്‍ പി.എസ്. പ്രസാദിന്റെ (ഫയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥന്‍, കഞ്ഞിരപ്പള്ളി) മകൻ അഭിഷേക്(ശബരി-14),പത്മവിലാസം അജിത്ത്കുമാറിന്റെ മകന്‍ അഭിജിത്ത്(ജിത്തു-14) എന്നിവരാണ് മരിച്ചത്. അഭിജിത്ത് റാന്നി സിറ്റഡൽ സ്‌കൂൾ വിദ്യാർഥിയും അഭിഷേക് കൊല്ലമുള ലിറ്റിൽ ഫ്‌ളവര് സ്‌കൂൾ വിദ്യാർഥിയുമാണ്.

വ്യാഴാഴ്ച പകൽ ഒരു മണിയോടെയാണ് സംഭവം. ഇരുവരും സുഹൃത്ത് കുളത്തുങ്കൽ ദുർഗ്ഗാദത്തും ചേർന്നാണ് മൂന്നുകിലോമീറ്ററോളം അകലെയുള്ള മാടത്തരുവിയിൽ കുളിക്കാനെത്തിയത്. മൂന്നുപേരും അയല്‍വാസികളാണ്‌. മാടത്തരുവിയിലെ മരുതിക്കുഴി എന്നറിയപ്പെടുന്ന ഭാഗത്താണിവർ കുളിക്കാനിറങ്ങിയത്. ഈ ഭാഗത്തെങ്ങും ആൾ താമസമില്ല. 

സെല്‍ഫിയെടുക്കുന്നതിനായി മോബൈൽ ഫോൺ എടുക്കുന്നതിനായി ദുർഗ്ഗാദത്ത് കരയിലേക്ക് പോയി. തിരികെ വന്നപ്പോൾ  അഭിഷേകിനെയും അഭിജിത്തിനെയും കണ്ടില്ല. വിളിച്ചു നോക്കിയിട്ടും ഫലമില്ലാത്തതിനെ തുടർന്ന് ചേത്തയ്ക്കലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവരം അറിയിച്ചു. ആദ്യമെത്തിയ ദുർഗ്ഗാദത്തിന്റെ അച്ഛന്റെ സഹോദരൻ ജിനേഷാണ് മാടത്തരുവിക്ക് താഴെയുള്ള കയത്തിൽ നിന്നു ഇരുവരെയും കരയ്‌ക്കെടുത്തത്.

ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ അഭിഷേകിനെ മന്ദമരുതിയിലെയും അഭിജിത്തിനെ റാന്നിയിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് ഫയര്‍ഫോഴ്‌സും റാന്നി പോലീസും സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാരിവരെ ആശുപത്രിയിലെത്തിച്ചിരുന്നു. മൃതദേഹങ്ങൾ ‌റാന്നിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്നു. കോവിഡ് പരിശോധനയ്ക്കുശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

പഴവങ്ങാടി പ്രാഥമീകാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയർ ജീവനക്കാരിയായ ജയയാണ് അഭിഷേകിന്റെ അമ്മ. ഗൗരി പ്രസാദ് സഹോദരിയും. അഭിജിത്തിന്റെ അമ്മ: പ്രസീജ, സഹോദരന്: ആകാശ്.