കോഴിക്കോട്: യുഎപിഎ കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് മാവോവാദി ബന്ധമുണ്ടെന്ന് സിപിഎം. കോഴിക്കോട്ടെ ലോക്കല്‍ കമ്മിറ്റികളില്‍ പാര്‍ട്ടി ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തു. വിദ്യാര്‍ഥികളുടെ രാഷ്ട്രീയ വ്യതിയാനം മനസിലാക്കാന്‍ കഴിയാതെ പോയത് സ്വയം വിമര്‍ശനമായി കരുതണമെന്നും സിപിഎം റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദ്യാര്‍ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത് സംസ്ഥാനത്താകെ ചര്‍ച്ചാവിഷയമായിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലയില്‍ അടിയന്തരമായി ലോക്കല്‍കമ്മിറ്റി യോഗങ്ങള്‍ വിളിച്ചുചേര്‍ത്തത്. തിങ്കളാഴ്ചയാണ് അലന്‍ ഷുഹൈബ് അംഗമായ മീഞ്ചന്ത ബ്രാഞ്ച് ഉള്‍പ്പെടുന്ന പന്നിയങ്കര ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നത്.
ഈ യോഗത്തില്‍ അറസ്റ്റിലായ രണ്ടുപേര്‍ക്കും മാവോവാദി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടാണ് സിപിഎം നല്‍കിയിരിക്കുന്നത്. യുവാക്കള്‍ക്കുണ്ടായ രാഷ്ട്രീയ വ്യതിയാനം മനസിലാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. ഇക്കാര്യത്തില്‍ ആത്മപരിശോധന വേണമെന്ന തരത്തിലാണ് റിപ്പോര്‍ട്ടിങ് നടന്നത്.
അറസ്റ്റിലായ രണ്ടുപേരേയും തെറ്റുതിരുത്തി പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ തിരിച്ചുവരാനുള്ള അവസരം പാര്‍ട്ടി നല്‍കണമെന്ന അഭിപ്രായവും ലോക്കല്‍ കമ്മിറ്റി യോഗത്തിലുണ്ടായി.
ബുധനാഴ്ചയാണ് അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക. ജാമ്യത്തെ ശക്തമായി എതിര്‍ക്കാന്‍ തന്നെയാണ് പ്രാസിക്യൂഷന്റെ തീരുമാനം. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കോടതിയിൽ ഹാജരാക്കാനാണ് പോലീസിന്റെ നീക്കം.
Content Highlights: Students arrested in UPA case Maoists,says CPM