പാലക്കാട്: പാലക്കാട് കുഴല്‍മന്ദം ജി.എച്ച്.എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ സ്‌നേഹയ്ക്ക് ഇപ്പോഴും അമ്പരപ്പ് മാറിയിട്ടില്ല. താന്‍ എഴുതിയ കവിത ചൊല്ലിയാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം ആരംഭിച്ചതെന്ന് കേട്ടപ്പോള്‍ ആദ്യം സ്‌നേഹ വിശ്വസിച്ചില്ല. പിന്നാലെ സ്‌കൂളിലെ അധ്യാപകരെ വിളിച്ചു, വായിച്ചത് തന്റെ കവിത തന്നെയാണെന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞ ശേഷമാണ് കാര്യങ്ങള്‍ വിശ്വസിക്കാനായതെന്ന് സ്‌നേഹ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

അധ്യാപിക ആവശ്യപ്പെട്ടത് അനുസരിച്ച് ലോക്ക്ഡൗണ്‍ സമയത്താണ് കവിത എഴുതിയത്. ഒട്ടേറെ കവിതകള്‍ എഴുതി അയച്ചിരുന്നു. അതിലൊന്നാണിത്. എന്നാല്‍ ബജറ്റ് അവതരണത്തില്‍ തന്റെ കവിത തിരഞ്ഞെടുത്ത് മന്ത്രി ചൊല്ലുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഏറെ സന്തോഷമുണ്ടെന്നും സ്‌നേഹ പറഞ്ഞു. 

മന്ത്രിയുടെ ബജറ്റ് പ്രസംഗം ആരംഭിച്ചത് മുതല്‍ സ്‌നേഹയ്ക്ക് അഭിനന്ദന പ്രവാഹമാണ്. ബജറ്റ് അവതരണം സ്‌നേഹ ലൈവായി കണ്ടിരുന്നില്ല. ചില സുഹൃത്തുക്കളും മറ്റും വിളിച്ചറിയച്ചതിന് ശേഷമാണ് ഫോണില്‍ ഇതിന്റെ വീഡിയോ കണ്ടത്. തന്റെ കവിത ഇത്തരത്തില്‍ സ്വീകരിക്കപ്പെടുമെന്ന് കരുതിയില്ലെന്നും സ്‌നേഹ പറഞ്ഞു. 

നേരം പുലരുകയും
സൂര്യന്‍ സര്‍വതേജസോടെ ഉദിക്കുകയും
കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും 
വെളിച്ചം ഭൂമിയെ സ്വര്‍ഗമാക്കുകയും ചെയ്യും
നാം കൊറോണയ്‌ക്കെതിരെ 
പോരാടി വിജയിക്കുകയും
ആനന്ദം നിറഞ്ഞ പുലരിയെ 
തിരികെ എത്തിക്കുകയും ചെയ്യും...

ദുരിതങ്ങളെ അതിജീവിച്ച് പ്രതീക്ഷകള്‍ പകരുന്ന സ്‌നേഹയുടെ ഈ വരികള്‍ ചൊല്ലിയാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. കോവിഡ് അടക്കമുള്ള വെല്ലുവിളികളെ അതിജീവിക്കുന്നതിന്റെ കാര്യത്തിലായാലും സമ്പദ്ഘടനയുടെ വീണ്ടെടുപ്പിന്റെ കാര്യത്തിലായാലും കേരളം പങ്കുവയ്ക്കുന്ന ആത്മവിശ്വാസത്തിന്റെ ഉന്മേഷം ഈ കൊച്ചുമിടുക്കിയുടെ വരികളിലുണ്ടെന്നും കവിത ചൊല്ലിക്കൊണ്ട് ധനമന്ത്രി പറഞ്ഞിരുന്നു. കോവിഡ് കാലത്ത് കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച അക്ഷര വര്‍ഷം പദ്ധതിയുടെ ഭാഗമായി എഴുതി നല്‍കിയ കവിതയാണിത്. 

സ്‌നേഹയുടെ കവിത ഏവരും ഇരുകൈയും നീട്ടി സ്വീകരിച്ചെങ്കിലും സ്‌നേഹ പഠിക്കുന്ന കുഴല്‍മന്ദം ജിഎച്ച്എസ് സ്‌കൂളിന്റെ അവസ്ഥ ഏറെ പരിതാപകരമാണ്. എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന വാടക കെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ കെട്ടിടത്തിന് പണം അനുവദിച്ചെങ്കിലും ഇതുവരെ നിര്‍മാണത്തിനുള്ള ജോലി ആരംഭിച്ചിട്ടില്ല. സ്‌കൂളിന്റെ ജോലികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന അഭ്യര്‍ഥനയാണ് സര്‍ക്കാരിനോടുള്ളതെന്നും സ്‌നേഹ പറയുന്നു.

ഡ്രൈവറായ അച്ഛനും അമ്മയും ചേച്ചിയും അടങ്ങുന്ന സ്‌നേഹയുടെ കുടുംബം കുഴല്‍മന്ദത്തെ കൊച്ചു വീട്ടിലാണ് താമസം.