കോഴിക്കോട്: കണ്ണിന് പരിക്കേറ്റ എല്‍കെജി വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിക്കാന്‍ മണിക്കൂറുകള്‍ വൈകിയതായി പരാതി. കോഴിക്കോട് പുതുപ്പാടി മണല്‍വയല്‍ എകെടിഎം സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിയ്ക്കാണ് ചികിത്സ ലഭിക്കാന്‍ വൈകിയത്. സംഭവം നടന്ന് മൂന്നുമണിക്കൂറിന് ശേഷമാണ് കുട്ടിയുടെ രക്ഷിതാക്കളെ വിവരമറിയിച്ചതും ആശുപത്രിയിലെത്തിച്ചതെന്നുമാണ് ആക്ഷേപം. 

ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് ഒരു സഹപാഠിയില്‍നിന്ന് കുട്ടിയുടെ ഇടതുകണ്ണിന് പേന കൊണ്ട് കുത്തേറ്റത്. എന്നാല്‍ സംഭവസമയത്ത് ക്ലാസിലുണ്ടായിരുന്ന അധ്യാപിക ഈ വിവരം ആരെയും അറിയിക്കുകയോ ചികിത്സ ഉറപ്പാക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ല. മറ്റു അധ്യാപകരെയും അധികൃതരെയും വിവരമറിയിച്ചില്ല. തുടര്‍ന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് അധ്യാപിക കുട്ടിയുടെ രക്ഷിതാക്കളെ വിവരമറിയിച്ചത്. രക്ഷിതാക്കളെത്തിയ ശേഷമാണ് കുട്ടിയെ ഈങ്ങാപ്പുഴയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 

കണ്ണിന്റെ കൃഷ്ണമണിക്ക് ഗുരുതര പരിക്കേറ്റ കുട്ടിയെ പിന്നീട് കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, പരിക്ക് ഗുരുതരമാണെന്നും കാഴ്ച തിരിച്ചുകിട്ടുമോ എന്നകാര്യം സംശയമാണെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. 

Content Highlights: Student injured at school, teacher did not provide emergency treatment