അഭിഷേക് | നിഥിനയെ കൊലചെയ്യാനായി ഉപയോഗിച്ച പേപ്പർ കട്ടർ| ഫോട്ടോ: മാതൃഭൂമി
പാലാ: സഹപാഠിയായ വിദ്യാര്‍ഥിനിയെ യുവാവ് കോളേജ് കാമ്പസിനുള്ളില്‍ കഴുത്തുമുറിച്ചു കൊന്നത് മുന്‍കൂട്ടി നടത്തിയ പദ്ധതി പ്രകാരമെന്ന നിഗമനത്തില്‍ പോലീസ്. പെണ്‍കുട്ടിയെ കൊലപ്പെടുത്തണം എന്ന് ഉദ്യേശിച്ചിരുന്നില്ല എന്നാണ് പ്രതിയായ അഭിഷേക് ബൈജു മൊഴി നല്‍കുന്നത്. നിഥിന മോളെ കൊലപ്പെടുത്താനായി ഉപയോഗിച്ച പേപ്പര്‍ കട്ടറില്‍ ഇടുന്നതിനായി അഭിഷേക് ഒരാഴ്ച മുമ്പ് കൂത്താട്ടുകുളത്തെ ഒരു കടയില്‍നിന്നും പുതിയ ബ്ലേഡ് വാങ്ങിയിരുന്നു. പഴയ ബ്ലേഡിന് മൂര്‍ച്ഛ പോരെന്ന് തോന്നിയതിനാലാണ് പുതിയ ബ്ലേഡ് വാങ്ങിയതെന്ന വിവരമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.
നിഥിനയുമായി അകന്ന സമയം അഭിഷേക് നിഥിനയുടേയും അമ്മയുടേയും ഫോണിലേക്ക് അസഭ്യ മെസേജുകളും ഭീഷണി സന്ദേശവും അയച്ചിരുന്നു. ഇതും പോലീസ് അന്വേഷിക്കുന്നുണ്ട്. മൂന്ന് മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. ഇതിനിടെ പ്രതി അഭിഷേക് ബൈജുവിനെ ശനിയാഴ്ച പാലാ സെന്റ് തോമസ് കേളേജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. അടുത്ത ദിവസങ്ങളില്‍ കൂത്താട്ടുകുളത്ത കടയിലത്തിച്ചും തെളിവെടുപ്പ് നടത്തിയേക്കും. അഭിഷേകിന്റെ വീട്ടില്‍ ഉള്‍പ്പെടെ പോലീസ് പരിശോധന നടത്തിയേക്കും.
ഇതിനിടെ നിഥിന മോളുടെ പോസ്റ്റുമാര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളേജില്‍ നടക്കും. മുതിര്‍ന്ന ഫോറന്‍സിക് സര്‍ജന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും പോസ്റ്റുമാര്‍ട്ടം നടത്തുക. പോസ്റ്റുമാര്‍ട്ടം നടപടികളുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കും. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം തലയോലപ്പറമ്പിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. അവിടെ കൂടുതല്‍ സൗകര്യം ഇല്ലാത്തതിനാല്‍ തുറവേലിക്കുന്നിലെ ബന്ധുവീട്ടിലായിരിക്കും സംസ്‌ക്കാരം നടക്കുക.
ഇന്നലയാണ് പാലാ സെയ്ന്റ് തോമസ് കോളേജ് വിദ്യാര്‍ഥിനി നിഥിനാ മോളെ സഹപാഠി കൂത്താട്ടുകുളം കോഴിപ്പിള്ളി ഉപ്പനായില്‍ പുത്തന്‍പുരയ്ക്കല്‍ അഭിഷേക് ബൈജു കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കോളേജില്‍ വെള്ളിയാഴ്ച രാവിലെ 11.25-നായിരുന്നു സംഭവം. പെണ്‍കുട്ടി അമ്മ കളപ്പുരയ്ക്കല്‍ കെ. ബിന്ദുവിനോട് ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് കൊലപാതകം. പഞ്ചഗുസ്തി ചാമ്പ്യനായ പ്രതി കൊലപാതകത്തിനുശേഷം ചോരതുടച്ച് സമീപത്ത് അക്ഷോഭ്യനായി ഇരിക്കുകയായിരുന്നു.
മൂന്നാംവര്‍ഷ ബി.വോക് ഫുഡ് പ്രോസസിങ് ടെക്‌നോളജി വിദ്യാര്‍ഥികളാണ് ഇരുവരും. വെള്ളിയാഴ്ച അവസാന സെമസ്റ്ററിന്റെ ആദ്യ ദിനത്തിലെ പരീക്ഷ കഴിഞ്ഞാണ് സംഭവം. 9.30 മുതല്‍ 12.30 വരെയായിരുന്നു പരീക്ഷ. 11 മണിയോടെ അഭിഷേക് പുറത്തിറങ്ങി വഴിയില്‍ നിന്നു. പരീക്ഷ കഴിഞ്ഞ് പുറത്തേക്കു പോവുകയായിരുന്ന നിഥിനയുടെ ഫോണ്‍ അഭിഷേക് കൈമാറി. ഇത് നേരത്തേ യുവാവ് പിടിച്ചുവാങ്ങിക്കൊണ്ടുപോയതായിരുന്നു. ഈ ഫോണില്‍ നിഥിന അമ്മയോടു സംസാരിക്കവേ അഭിഷേക് നീരസം പ്രകടിപ്പിക്കുകയും കയര്‍ക്കുകയും ചെയ്തു.
വാക്കേറ്റത്തിനൊടുവില്‍ പ്രതി യുവതിയെ കടന്നുപിടിച്ച് തള്ളിയിട്ടു. പെണ്‍കുട്ടിയെ ബലമായി അമര്‍ത്തിപ്പിടിച്ച് തെര്‍മോകോള്‍ മുറിയ്ക്കുന്ന കത്തി ഉപയോഗിച്ച് കഴുത്തിന്റെ വലത്തുഭാഗത്ത് മുറിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവംകണ്ട് ഓടിയെത്തിയ വിദ്യാര്‍ഥികളും സുരക്ഷാജീവനക്കാരും കോളേജ് അധികൃതരെ വിവരമറിയിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Content Highlights: Student murdered inside St Thomas College in Pala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..