ചെറുനെല്ലിപ്പുഴയില്‍ കാല്‍വഴുതിവീണ വിദ്യാര്‍ഥി മരിച്ചു; അപകടം സഹപാഠിയെ രക്ഷിക്കുന്നതിനിടെ


വഴുക്കലും വെള്ളം കുത്തിയൊലിച്ചുണ്ടായ കുഴികളുമുള്ള ഭാഗത്ത് പരിചയമില്ലാത്ത ഇവര്‍ ഇറങ്ങിയതാണ് അപകടത്തിന് ഇടയാക്കിയത്. ഈ ഭാഗത്ത് മൊബൈല്‍ കവറേജ് ഇല്ലാത്തതിനാല്‍ അപകടവിവരം പുറത്തറിയാനും വൈകി.

ചെറുനെല്ലിപ്പുഴയിലെ വെള്ളം കുത്തിയൊലിച്ചുണ്ടായ അപകടക്കുഴി. ഈ കുഴിയിൽ വീണാണ് അഖിൽ മരിച്ചത്, ഇൻസെറ്റിൽ അഖിൽ

നെന്മാറ: നെല്ലിയാമ്പതി ചെറുനെല്ലിപ്പുഴയില്‍ കുളിക്കുന്നതിനിടെ കാല്‍വഴുതി വീണ സഹപാഠിയെ രക്ഷിക്കുന്നതിനിടെ കയത്തില്‍വീണ് വിദ്യാര്‍ഥി മരിച്ചു. കാവശ്ശേരി കഴനി നടക്കാവ് വീട്ടീല്‍ റിട്ട. അധ്യാപകന്‍ എന്‍. ജയപ്രകാശന്റെ മകന്‍ അഖിലാണ് (22) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ നെല്ലിയാമ്പതി എസ്റ്റേറ്റിനകത്തുകൂടെ ഒഴുകുന്ന ചെറുനെല്ലിപ്പുഴയിലാണ് സംഭവം.

വ്യാഴാഴ്ച ടി.ടി.ഐ. പരീക്ഷ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് അഖിലും സഹപാഠികളായ കഴനി കല്ലേപ്പുള്ളി പൂവക്കോട് വീട്ടീല്‍ എസ്. അനുരാജ് (38), പുതുക്കോട് ആസിഫ് മന്‍സിലില്‍ എം. മുഹമ്മദ് റാഫി (19), കണ്ണനൂര്‍ കളത്തില്‍വീട്ടില്‍ ബി. ആദിത്യരാജ് (19) എന്നിവര്‍ നെല്ലിയാമ്പതിയിലേക്ക് വന്നത്.

ഇവര്‍ തോട്ടത്തിനകത്തുകൂടെ ഒഴുകുന്ന പുഴയിലേക്കെത്തി. കുത്തനെ വെള്ളമൊഴുകുന്ന ഭാഗത്ത് കുളിക്കാനായി അനുരാജ് ഇറങ്ങിയതും കാല്‍വഴുതി വെള്ളം ഒഴുകിയുണ്ടായ കുഴിയിലേക്ക് വീഴുകയായിരുന്നു. നീന്തലറിയാവുന്ന അഖില്‍ അനുരാജിനെ രക്ഷിക്കാനായി വെള്ളത്തിലേക്കിറങ്ങാന്‍ ശ്രമിച്ചതും മിനുസമേറിയ പ്രതലത്തില്‍ വഴുതി 15 അടി താഴ്ചയുള്ള കുഴിയിലേക്ക് വീണു.

ഇതിനിടെ അനുരാജ് പരിക്കുകളോടെ കരയ്ക്ക് കയറി. സുഹൃത്തുക്കള്‍ താഴേക്കിറങ്ങി വെള്ളക്കെട്ടില്‍ തിരഞ്ഞെങ്കിലും അഖിലിനെ കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്ന് പോലീസ് കണ്‍ട്രോള്‍റൂമിലേക്ക് വിളിക്കുകയായിരുന്നു. സംഭവമറിഞ്ഞ് തോട്ടത്തിലെ തൊഴിലാളികളും പാടഗിരി പോലീസും സ്ഥലത്തെത്തി നടത്തിയ തിരച്ചിലില്‍ നാലുമണിയോടെ മൃതദേഹം കുഴിയില്‍നിന്ന് കണ്ടെത്തി.

അഖിലിന്റെ അമ്മ: പി. ശാന്തകുമാരി (പ്രധാനാധ്യാപിക, ഗവ. ഗേള്‍സ് എച്ച്.എസ്.എസ്. ആലത്തൂര്‍). സഹോദരി: ആര്യ (ഇന്‍ഫോസിസ്, ബെംഗളൂരൂ). മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. പാടഗിരിപോലീസ് ഇന്‍സ്പെക്ടര്‍ പി.എം. ലിബി, നെല്ലിയാമ്പതി വനംറേഞ്ച് ഓഫീസര്‍ ആര്‍. കൃഷ്ണദാസ്, പോത്തുണ്ടി സെക്ഷന്‍ ഫോറസ്റ്റര്‍ ഗീരീഷ് തുടങ്ങിയവര്‍ സ്ഥലത്തെത്തി.

അപകടം സഞ്ചാരികള്‍ക്ക് പ്രവേശനമില്ലാത്ത ഭാഗത്ത്

നെല്ലിയാമ്പതി: വര്‍ഷകാലത്ത് വലിയ ശബ്ദത്തോടെ കുത്തിയൊഴുകുന്ന ചെറുനെല്ലിപ്പുഴ സ്വകാര്യ എസ്റ്റേറ്റിനകത്തായതിനാല്‍ സഞ്ചാരികള്‍ക്ക് പ്രവേശനമില്ലാത്ത ഭാഗമാണ്. നെല്ലിയാമ്പതി കേശവന്‍പാറ മുതലുള്ള വെള്ളം കമ്പിപ്പാലം വഴി ചുരംപാത മുറിച്ചുകടന്ന് ചെറുനെല്ലിപ്പുഴയിലെത്തിയാണ് പോത്തുണ്ടി അണക്കെട്ടിലേക്ക് ഒഴുകുന്നത്. അതുകൊണ്ടുതന്നെ എല്ലാസമയത്തും ഒഴുക്കുണ്ടാവും. വര്‍ഷം മുഴുവന്‍ വെള്ളമൊഴുകുന്നതിനാല്‍ ചെങ്കുത്തായ പാറക്കെട്ടുകള്‍ വെള്ളച്ചാട്ടങ്ങളാവും. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ പാറകളില്‍ കുഴികളും ഉണ്ടായിട്ടുണ്ട്.

ബന്ധുവിന്റെ എസ്റ്റേറ്റ് കൂടിയായതിനാലാണ് ടി.ടി.സി. പരീക്ഷ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ സഹപാഠികളുമൊത്ത് അഖില്‍ ചെറുനെല്ലിയിലെത്തിയത്. ചുരം പാതയിലെ എസ്റ്റേറ്റ് കെട്ടിടത്തിന് സമീപം കാര്‍ നിര്‍ത്തിയിട്ട് റബ്ബര്‍ തോട്ടത്തിലൂടെ 500 മീറ്റര്‍ നടന്നാണ് ഇവര്‍ പുഴയിലെത്തിയത്.

വഴുക്കലും വെള്ളം കുത്തിയൊലിച്ചുണ്ടായ കുഴികളുമുള്ള ഭാഗത്ത് പരിചയമില്ലാത്ത ഇവര്‍ ഇറങ്ങിയതാണ് അപകടത്തിന് ഇടയാക്കിയത്. ഈ ഭാഗത്ത് മൊബൈല്‍ കവറേജ് ഇല്ലാത്തതിനാല്‍ അപകടവിവരം പുറത്തറിയാനും വൈകി. സുഹൃത്തുകള്‍ മുകളിലേക്ക് കയറിയാണ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്കും തോട്ടത്തിലെ തൊഴിലാളികളെയും വിവരമറിയിച്ചത്.

തോട്ടത്തിലെ തൊഴിലാളികളുടെയും വനപാലകരുടെയും പോലീസിന്റെയും നേതൃത്വത്തില്‍ ഒരുമണിക്കൂറോളം കുഴികളില്‍ തിരച്ചില്‍ നടത്തിയശേഷമാണ് അഖിലിന്റെ മൃതദേഹം കണ്ടെത്തിയത്. കുത്തനൂര്‍ എച്ച്.എസ്.എസില്‍ അധ്യാപകനായിരുന്ന അഖിലിന്റെ അച്ഛന്‍ ജയപ്രകാശ് മേയ് 31-നാണ് വിരമിച്ചത്. പെരിങ്ങോട്ടുകുറിശ്ശി ജി.എച്ച്.എസ്.എസില്‍ പ്രധാനാധ്യാപികയായിരുന്ന അമ്മ ശാന്തകുമാരി വെള്ളിയാഴ്ചയാണ് ആലത്തൂര്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപികയായി ചുമതലയേറ്റത്.

അധ്യാപകരായ മാതാപിതാക്കളുടെ പാതയില്‍ അധ്യാപകനാകാന്‍ കൊതിച്ചാണ് അഖില്‍ ടി.ടി.ഐ.യ്ക്ക് ചേര്‍ന്നത്. സ്വപ്നങ്ങളും സന്തോഷസ്മരണകളും ബാക്കിയാക്കി അവന്‍ യാത്രയായി. ബെംഗളൂരുവിലുള്ള സഹോദരി ആര്യയും കുവൈത്തില്‍ ജോലിചെയ്യുന്ന ഭര്‍ത്താവ് ദീപുവും വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചു. അധ്യാപകരും വിദ്യാര്‍ഥികളും അടക്കം നിരവധിപേര്‍ കഴനി കല്ലേപ്പുള്ളിയിലെ വീട്ടിലും ആശുപത്രിയിലും എത്തി.

Content Highlights: student dies after falling into cherunelli river

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented