പ്രതീകാത്മകചിത്രം | Photo: Mathrubhumi
നടക്കാവ്: കോഴിക്കോട്ട് വിദ്യാര്‍ഥി ജീവനൊടുക്കി. നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖാ(19)ണ് ആത്മഹത്യ ചെയ്തത്. ചെന്നെ എസ്.ആര്.എം. കോളേജ് വിദ്യാര്‍ഥിയാണ്. ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. കോളേജ് അധികൃതര്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചിരുന്നില്ലെന്ന് കാണിച്ച് കുടുംബം നടക്കാവ് പോലീസില്‍ പരാതി നല്കി.
എസ്.ആര്.എം. കോളേജില്‍ റെസ്പിറേറ്ററി തെറാപ്പി കോഴ്സ് വിദ്യാര്‍ഥിയായിരുന്നു ആനിഖ്. തിങ്കളാഴ്ച ഫസ്റ്റ് സെമസ്റ്റര്‍ പരീക്ഷ നടക്കാനിരിക്കുകയാണ്. എന്നാല്‍ ഹാജര്‍ കുറവാണെന്ന് പറഞ്ഞ് ആനിഖ് പരീക്ഷ എഴുതാനുള്ള അനുമതി കോളേജ് അധികൃതര്‍ നിഷേധിച്ചിരുന്നു എന്നാണ് വിവരം.
പരീക്ഷയ്ക്ക് ഇരിക്കണമെങ്കില്‍ എണ്പതു ശതമാനം ഹാജര്‍ വേണമെന്നാണ് കോളേജ് അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ആനിഖിന് 67 ശതമാനം ഹാജരാണ് ഉണ്ടായിരുന്നത്. കോഴ്സിന് ചേര്‍ന്നയുടനേ ആനിഖിന് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുകയും കുറച്ച് അവധി എടുക്കേണ്ടിയും വന്നിരുന്നെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇക്കാര്യം അധികൃതരെ അറിയിച്ചിരുന്നെന്നും എന്നാല്‍ ഇത് അംഗീകരിക്കാനോ പരീക്ഷ എഴുതാന്‍ അനുമതി നല്‍കാനോ കോളേജ് അധികൃതര്‍ കൂട്ടാക്കിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സെമസ്റ്റര്‍ ഫീസും പരീക്ഷാഫീസും അടച്ചതിന് ശേഷമാണ് പരീക്ഷ എഴുതാനാകില്ലെന്ന വിവരം കുട്ടിയെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് പരീക്ഷ എഴുതാനാകാത്ത ദുഃഖവുമായി കഴിഞ്ഞ 20-ന് ആനിഖ് നാട്ടിലെത്തി. പിന്നീട് മടങ്ങിപ്പോകാന്‍ കൂട്ടാക്കിയില്ല. കടുത്ത മാനസിക സമ്മര്‍ദവും വിഷമവും ആനിഖിനുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: student commits suicide at kozhikode
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..