പ്രതീകാത്മക ചിത്രം
നെടുങ്കണ്ടം: കഞ്ഞിവെള്ളത്തില്‍നിന്ന് സ്വയം തയ്യാറാക്കിയ കള്ളുമായി ഹൈസ്കൂള്‍ വിദ്യാര്‍ഥി ക്ലാസിലെത്തി. ഇത് കൊണ്ടുവന്ന കുപ്പിയുടെ അടപ്പ് ഗ്യാസുമൂലം തെറിച്ചുപോയതിനെത്തുടര്‍ന്ന് കള്ള് ക്ലാസ്മുറി മുഴുവനും വീണു. വിദ്യാര്‍ഥികളുടെ യൂണിഫോമിലും കള്ളായി.
തുടര്‍ന്ന് വീട്ടിലേക്ക് 'മുങ്ങിയ' ഈ വിദ്യാര്‍ഥിയെ ഉപദേശിച്ച് നന്നാക്കാന്‍ കൗണ്‍സലിങ് നല്കാന് തീരുമാനിച്ചിരിക്കുകയാണ്.
ഇടുക്കി ജില്ലയിലെ ഒരു സര്‍ക്കാര്‍ വിദ്യാലയത്തിലാണ് സംഭവം. രാവിലെ സ്കൂളിലെത്തിയ വിദ്യാര്‍ഥി സ്വയം നിര്‍മിച്ച കള്ള് ബാഗില്‍ സൂക്ഷിച്ചിരുന്നു. ഇടയ്ക്ക് കള്ള് എടുത്ത് നോക്കി. ഗ്യാസ് നിറഞ്ഞ കുപ്പിയുടെ അടപ്പ് തെറിച്ച് ഇത് പുറത്തേക്കുവീണു. വിദ്യാര്‍ഥികളുടെ യൂണിഫോമിലും കള്ളായി. സഹപാഠികള്‍ അധ്യാപകരെ വിവരം അറിയിച്ചു.
അധ്യാപകര്‍ വന്നപ്പോഴേക്കും വിദ്യാര്‍ഥി സ്ഥലംവിട്ടു. ഇതോടെ അധ്യാപകര്‍ ഭീതിയിലായി. അവര്‍ കുട്ടിയെ തിരഞ്ഞ് വീട്ടിലെത്തി. തുടര്‍ന്നാണ് വിദ്യാര്‍ഥിക്ക് കൗണ്‍സലിങ് നല്‍കാനുള്ള നടപടി ആരംഭിച്ചത്. എക്സൈസ് നേതൃത്വത്തിലായിരിക്കും കൗണ്‍സലിങ്.
വിദ്യാര്‍ഥി മുന്‍പും വീടിന്റെ തട്ടിന്‍പുറത്തുവെച്ച് കള്ളുണ്ടാക്കിയെന്ന് വീട്ടുകാര്‍ അധ്യാപകരോട് പറഞ്ഞിട്ടുണ്ട്. അന്ന് കള്ള് സൂക്ഷിച്ചിരുന്ന പാത്രം പൊട്ടി തട്ടിന്‍പുറത്തുനിന്ന് താഴെ വീണപ്പോഴാണ് വിവരം അറിഞ്ഞത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..