തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കെഎസ്‌യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടറിയേറ്റിന് മുന്നില്‍ മാര്‍ച്ച് തടഞ്ഞ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ നീക്കാന്‍ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ആകെ മൂന്നുവതവണയാണ് പോലീസ് കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരേ ജലപീരങ്കി പ്രയോഗിച്ചത്. 

നേരത്തെ യൂണിവേഴ്‌സിറ്റി കോളേജിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നായിരുന്നു കെഎസ്‌യു അറിയിച്ചിരുന്നത്. എന്നാല്‍ അവസാനനിമിഷം സെക്രട്ടറിയേറ്റിന്റെ നോര്‍ത്ത് ഗേറ്റിലേക്കാണ് മാര്‍ച്ച് നടത്തിയത്. യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നാണ് കെഎസ്‌യുവിന്റെ ആവശ്യം. 

ബുധനാഴ്ച രാത്രിയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എം.എ. വിദ്യാര്‍ഥിയും കെഎസ്‌യു പ്രവര്‍ത്തകനുമായ നിതിന്‍ രാജിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ ഏട്ടപ്പന്‍ മഹേഷ് എന്ന എസ്എഫ്‌ഐ നേതാവിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനം. നിതിന്റെ സുഹൃത്തായ സുദേവിനെയും ഇവര്‍ മര്‍ദിച്ചിരുന്നു. ആക്രമണത്തില്‍ നിതിന്റെ ഇടതുകൈയിലും മുഖത്തും സാരമായി പരിക്കേറ്റു. ഈ സംഭവത്തിന് പിന്നാലെ ഏട്ടപ്പന്‍ മഹേഷ് നിതിനെയും സുഹൃത്തിനെയും ഹോസ്റ്റല്‍ മുറിയില്‍ കയറി ഭീഷണിപ്പെടുത്ത ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. 

Content Highlights: student attacked in university college hostel; ksu protest march turns violent in thiruvananthapuram