റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ
ഇടുക്കി: ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ ഇസ്രായേലില്‍ മലയാളി യുവതി കൊല്ലപ്പെട്ടത് ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ചുകൊണ്ടിരിക്കെ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് (32)ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് സൗമ്യ കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന വീടിന് മുകളിലേക്ക് ഹമാസ് റോക്കറ്റ് പതിച്ചത്.
ഗാസ മുനമ്പ് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഇസ്രായേലിലെ അഷ്‌കലോണിലെ ഒരു വീട്ടിലായിരുന്നു സൗമ്യ ഉണ്ടായിരുന്നത്. ആക്രമണത്തില്‍ സൗമ്യ ഉള്‍പ്പടെ വീട്ടിലുണ്ടായിരുന്നു രണ്ടു സ്ത്രീകള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്.
പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ഇവര്‍ താമസിച്ചിരുന്ന കെട്ടിടത്തിന് മുകളിലേക്കാണ് റോക്കറ്റ് വന്ന് പതിച്ചത്. വീട്ടിലുണ്ടായിരുന്ന സൗമ്യ പരിചരിച്ചുകൊണ്ടിരുന്ന വൃദ്ധയും കൊല്ലപ്പെട്ടു. വീട് പൂര്‍ണ്ണമായും തകരുകയും ചെയ്തു.
അപകടസമയത്ത് ഭര്‍ത്താവ് സന്തോഷുമായി വീഡിയോ കോളിലൂടെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു സൗമ്യയെന്ന് സന്തോഷിന്റെ സഹോദരന്‍ സജി പറഞ്ഞു. 'സംസാരിക്കുന്നതിനിടെ പെട്ടെന്നാണ് ഫോണ്‍ ഡിസ്‌കണക്ടായത്. വീണ്ടും അവളെ വിളിച്ചെങ്കിലും കിട്ടിയില്ല. ഉടന്‍ തന്നെ സമീപത്തുള്ള ബന്ധുവിനെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് സംഭവം അറിയുന്നത്' സജി പറഞ്ഞു.
നിരന്തരം വെടിയൊച്ചകള്‍ കേള്‍ക്കുന്നുണ്ടെന്നും തന്റെ ജീവന്‍ അപടത്തിലാണെന്നും സന്തോഷിനെ സൗമ്യ സംസാരിക്കുന്നതിനിടെ അറിയിച്ചതായും ബന്ധുക്കള്‍ പറഞ്ഞു.
ഏഴ് വര്‍ഷമായി സൗമ്യ ഇസ്രായേലില്‍ ജോലി ചെയ്യുന്നുണ്ട്. രണ്ടു വര്‍ഷം മുമ്പാണ് അവസാനമായി വീട്ടിലെത്തിയത്. ഡീന്‍ കുര്യാക്കോസ് എംപിയുടെ സഹായത്തോടെ തങ്ങള്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. മൃതദേഹം വീട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നുണ്ടെന്നും സൗമ്യയുടെ ഭര്‍തൃസഹോദരനായ സജി അറിയിച്ചു.
സൗമ്യയുടെ കുടുംബവുമായി സംസാരിച്ചിട്ടുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനല്‍കിയിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ട്വിറ്ററില്‍ കുറിച്ചു. സൗമ്യ-സന്തോഷ് ദമ്പതികള്‍ക്ക് ഏഴു വയസുള്ള ഒരു മകനുണ്ട്.
കഞ്ഞിക്കുഴി പഞ്ചായത്തിലെ മുന്‍ പഞ്ചായത്ത് മെമ്പര്‍ സതീശന്റേയും സാവിത്രിയുടേയും മകളാണ് സൗമ്യ. മൃതദേഹം നിലവില്‍ അഷ്‌ക്കലോണിലെ ബര്‍സിലായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..