മറക്കില്ല ഇടുക്കി; പൂതക്കുഴി സിറ്റിയിൽനിന്നുയർന്ന ശബ്ദം, പാർലമെൻറിലെ ആദ്യ ദിനം തന്നെ മുല്ലപ്പെരിയാർ


പി.ടി.തോമസ് | ഫോട്ടോ: മാതൃഭൂമി

ഉപ്പുതോട്: പാലാ പ്ലാശ്ശനാലിൽനിന്ന് 1958-ലാണ് പുതിയാപറമ്പിൽ തോമസ് ഇടുക്കിയിലെ ഹൈറേഞ്ച് ഗ്രാമമായ ഉപ്പുതോട്ടിലേക്ക് കുടിയേറിയെത്തിയത്. കാടുവെട്ടിത്തെളിച്ച് കൃഷിചെയ്തു. നാലുവർഷങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ കുടുംബവും ഇവിടേക്കെത്തി. അന്നുമുതൽ ഇന്നുവരെ പി.ടി. സന്പൂർണമായും ഇടുക്കിക്കാരനാണ്. ഉപ്പുതോട്ടിലെ പൂതക്കുഴി സിറ്റിയിൽനിന്ന് നിയമസഭയിലും ലോക്‌സഭയിലുംവരെ ആ ശബ്ദമെത്തി.

വിദ്യാഭ്യാസം മുടങ്ങി; കലാലയങ്ങളിലെ തീപ്പൊരിയായി

‌പൂതക്കുഴി സിറ്റിയിലെത്തുമ്പോൾ പി.ടി.തോമസിന് 12 വയസ്സായിരുന്നു പ്രായം. അടുത്തെങ്ങും ഒരു സ്കൂളില്ല. അതോടെ വിദ്യാഭ്യാസം മുടങ്ങി. ഇതിനിടെ ജ്യേഷ്ഠൻ ഔസേപ്പച്ചന്റെ മേൽനോട്ടത്തിൽ സിറ്റിയിൽ ഒരു ചായക്കട തുടങ്ങിയിരുന്നു. അവിടെ സഹായിയായി നിൽക്കുന്ന പി.ടി.യെ സുഹൃത്തും അയൽവാസിയുമായ കവലവഴിക്ക് സാവിയോ ഓർക്കുന്നുണ്ട്. ആസമയം ബീഡിതെറുത്തുവിറ്റ് വട്ടച്ചെലവിനുള്ള കാശും പി.ടി. സമ്പാദിക്കുന്നുണ്ടായിരുന്നു. അഞ്ചുവർഷം അങ്ങനെ തള്ളിനീക്കി. എന്നാൽ, പഠിക്കണമെന്ന മോഹം ചാരംനീക്കി പുറത്തുവന്നുകൊണ്ടേയിരുന്നു.

പതിനാറാം വയസ്സിൽ 15 കിലോമീറ്റർ അകലെയുള്ള പാറത്തോട് സെന്റ് ജോർജ് ഹൈസ്കൂളിൽപോയി എട്ടാം ക്ലാസിൽ ചേർന്നു. ഇത്രയുംദൂരം ദിവസവും നടന്നുപോയി, തിരികെവന്നു. അവിടെയായിരുന്നു വിദ്യാർഥി രാഷ്ട്രീയത്തിന്റെ തുടക്കവും. കെ.എസ്.യു.വിന്റെ തീപ്പൊരി നേതാവായി. ഒരിക്കൽ സ്കൂളിലെത്തിയ എ.കെ.ആന്റണി അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാനിടയായി. നിലപാടുകളിൽ വ്യക്തതയുള്ള യുവപ്രവർത്തകനെ അദ്ദേഹം ശ്രദ്ധിച്ചു. അഭിനന്ദിച്ചു.പി.ടി. പിന്നെയും പഠനംതുടർന്നു. തൊടുപുഴ ന്യൂമാൻ, തിരുവനന്തപുരം മാർ ഇവാനിയോസ്, എറണാകുളം മഹാരാജാസ്, കോഴിക്കോട്, എറണാകുളം ഗവ.ലോ കോളേജുകൾ എന്നിവിടങ്ങളിൽ പഠനം നടത്തി. കെ.എസ്.യു., എൻ.എസ്.യു.ഐ., യൂത്ത് കോൺഗ്രസ് എന്നിവയുടെ തലപ്പത്തെത്തി. എം.എൽ.എ.യും എം.പിയുമായി. ഉപ്പുതോടിന്റെ അഭിമാനമായി.

അന്നേ നേതാവ്

ചെറുപ്പത്തിൽ പഠനംമുടങ്ങിയ നാളുകളിൽ പി.ടി.യുമായി ചങ്ങാത്തം തുടങ്ങിയതാണ്. പി.ടി.തോമസിനൊപ്പം ഇടുക്കി തിയേറ്ററിൽ നടന്നുപോയി സിനിമ കണ്ടിരുന്നു. പത്തും ഇരുപതും ചെറുപ്പക്കാർക്കൊപ്പം ആണ് സിനിമയ്ക്കുപോയിരുന്നത്. പി.ടി.തോമസ് ആണ് മുൻപിൽ. അന്നും അദ്ദേഹം ഒരു നേതാവായിരുന്നു.

-സാവിയോ, സുഹൃത്ത്, അയൽക്കാരൻ

വികസനത്തിന്റെ മുഖം

രണ്ട് വട്ടം എം.എൽ.എ., ഒരിക്കൽ എം.പി. ഇക്കാലയളവിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് ജില്ലയിൽ നടപ്പാക്കിയത്. തൊടുപുഴ മണ്ഡലത്തിലെ വികസന മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കാനും അദ്ദേഹത്തിനായി. ദീർഘ വീക്ഷണവും വികസന കാഴ്ചപ്പാടുമുള്ള ജനപ്രതിനിധിയായി കൂടിയാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇടുക്കി ഡി.സി.സി. പ്രസിഡൻറ് എന്ന നിലയിലും അദ്ദേഹം മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്.

ചങ്കായിരുന്നു തൊടുപുഴ

1991-ലാണ് അദ്ദേഹം തൊടുപുഴയിൽനിന്ന് നിയമസഭയിലേക്ക് എത്തുന്നത്. പിന്നീട് അവസരം ലഭിച്ചത് 2001-ൽ. ഈ 10 വർഷ കാലയളവിൽ നിരവധി വികസപ്രവർത്തനങ്ങളാണ് അദ്ദേഹം മണ്ഡലത്തിൽ നടപ്പാക്കിയത്. മൂപ്പിൽ കടവ് പാലമാണ് അതിൽ പ്രധാനപ്പെട്ടത്. ഇടുങ്ങിയ ഇരുമ്പുപാലത്തിൽക്കൂടി സഞ്ചരിച്ചുകൊണ്ടിരുന്ന തൊടുപുഴയുടെ യാത്രാദുരിതം പരിഹരിക്കുന്നതിൽ ആ പാലം വലിയ പങ്കുവഹിച്ചു. പിന്നെയും ധാരാളം പദ്ധതികൾ. തൊടുപുഴയിലെ റവന്യൂ ടവർ അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു. എന്നാൽ, പല കാരണങ്ങളാൽ അത് നടപ്പായില്ല.

ആദ്യദിനം മുല്ലപ്പെരിയാർ

2009-ലാണ് ഇടുക്കി മണ്ഡലത്തിൽനിന്ന് അദ്ദേഹം പാർലമെന്റിലേക്ക് എത്തുന്നത്. പതിനഞ്ചാം ലോക്‌സഭയിലെ ആദ്യദിനം തന്നെ മുല്ലപ്പെരിയാറിൽ ഇടുക്കിയുടെ ആശങ്കയാണ് ഉന്നയിച്ചത്. ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാർ നേരിടേണ്ടിവരുന്ന വംശീയ അതിക്രമങ്ങളേക്കുറിച്ച് ആദ്യം പാർലമെന്റിൽ സംസാരിച്ചതും അദ്ദേഹം.

ഇക്കാലഘട്ടം ഇടുക്കിക്കും നേട്ടമായിരുന്നു. ജില്ലയിലെ കമ്പനി തൊഴിലാളികൾക്കായി ഇ.എസ്.ഐ.യുടെ ഒരു ബ്രാഞ്ച് ഓഫീസ് തൊടുപുഴയിൽ തുടങ്ങാൻ അദ്ദേഹം മുന്നിട്ടിറങ്ങി. അടിമാലിയിലേയും മൂന്നാറിലേയും ഇ.എസ്.ഐ. ഡിസ്‌പെൻസറി, മൂലമറ്റത്തെ എഫ്.സി.ഐ. ഗോഡൗൺ, നെടുങ്കണ്ടത്തെ റെയിൽവേ പാസഞ്ചർ റിസർവേഷൻ സെന്റർ തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രമഫലമായാണ് യാഥാർഥ്യമായത്.

ഇടുക്കി പാക്കേജിലെ 460 കോടി, ഇടുക്കിയിലെ എൻ.സി.സി. ബറ്റാലിയൻ, അരിക്കുഴ കാലിത്തീറ്റ ഫാക്ടറി, നിർമലാസിറ്റിയിലെ ചില്ലിങ് പ്ലാന്റ് നവീകരണം, ഇടുക്കിയിലാകെ സ്‌പൈസസ് ബോർഡിന്റെ 30 ഫീൽഡ് ഓഫീസുകൾ, മൂവാറ്റുപുഴയിലും പൈനാവിലും ഇ.സി.എച്ച്.എസ്. പോളി ക്ലിനിക്ക്, മണ്ഡലത്തിലാകെ 66 മൊബൈൽ ടവറുകൾ, പട്ടയമില്ലാത്ത ഭൂമിയിൽ തൊഴിലുറപ്പ്, ഇന്ത്യയിൽ ആദ്യമായി രാജീവ്ഗാന്ധി എൽ.പി.ജി. വിതരണ സ്‌കീമിൽപ്പെടുത്തി 42 പാചക വാതക വിതരണ ഏജൻസികൾ തുടങ്ങിയ പദ്ധതികളുടെ പിന്നിൽ അദ്ദേഹത്തിന്റെ വിയർപ്പുണ്ട്. കൂടാതെ ദേശീയപാതകൾ ഉൾപ്പടെയുള്ള റോഡുകളുടെ വികസനത്തിന് ചുക്കാൻ പിടിച്ചു.

ഉപ്പുതോടിന്റെ പ്രിയപ്പെട്ട പാപ്പച്ചൻ

പൂതക്കുഴി സിറ്റിയിൽ പുതിയാപറമ്പിൽക്കാരുടെ കെട്ടിടത്തിനോട് ചേർന്ന് ഒരു ലൈബ്രറിയുണ്ട്. ജീവാ ലൈബ്രറി. ഈ ലൈബ്രറിയും പി.ടി. തോമസും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. വായനാ തത്പരനായിരുന്ന പി.ടി.യാണ് ഉപ്പുതോട്ടിന്റെ സാംസ്കാരിക കേന്ദ്രമായി ഇതിനെ വളർത്തിയത്. ഈ ലൈബ്രറിയിൽ പ്രവർത്തിച്ചുതുടങ്ങിയ പി.ടി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗവുമായിട്ടുണ്ട്. ഇപ്പോഴും ഉപ്പുതോടുകാരുടെ പാപ്പച്ചൻ എന്ന പി.ടി. തോമസ് തന്നെയാണ് ജീവ ലൈബ്രറിയുടെ രക്ഷാധികാരി. അദ്ദേഹത്തിന്റെ ശ്രമഫലമായി ലൈബ്രറിക്ക് സ്വന്തമായി രണ്ടുനിലക്കെട്ടിടമുണ്ടായി. ഈ ലൈബ്രറിക്ക് സ്ഥലം നല്കിയതും പി.ടി.യുടെ കുടുംബമാണ്. എത്ര തിരക്കുണ്ടെങ്കിലും എല്ലാ വർഷവും ഓണാഘോഷത്തിന് പാപ്പച്ചൻ ലൈബ്രറിയിലെത്താറുണ്ടായിരുന്നത് നാട്ടുകാർ ഓർമിക്കുന്നു.

പി.ടി. വീട്ടിലെത്തുമെന്നറിഞ്ഞാൽ സന്ദർശകരുടെ നീണ്ടനിര നേരത്തേ തന്നെ വീട്ടുമുറ്റത്ത് കാണാം. എല്ലാവരേയും കണ്ടതിനുശേഷമേ അദ്ദേഹം മടങ്ങാറുള്ളൂ. ചാലിസിറ്റി വെടിക്കാമറ്റം റോഡിലൂടെ സഞ്ചരിക്കുമ്പോൾ പി.ടി.തോമസിനെ ഓർമവരും. നിർമാണം അസാധ്യമായിരുന്ന പ്രദേശത്തുകൂടി ഒരു പാത വെട്ടിത്തുറക്കാൻ അദ്ദേഹമാണ് മുൻകൈ എടുത്തത്. ഉപ്പുതോട്ടിൽനിന്നു ചെങ്കുത്തായ പാറക്കെട്ടുകളിലൂടെ വാഹനസഞ്ചാരയോഗ്യമായ ഒരു പാത നിർമിക്കുക എന്നത് ഏറെ ശ്രമകരമായിരുന്നു. പി.ടി.തോമസ് തൊടുപുഴ എം.എൽ. എ.ആയിരുന്ന സമയത്താണ് ചാലിസിറ്റി-ഉപ്പുതോട്-വെട്ടിക്കാമറ്റം റോഡ് നിർമിക്കുന്നത്. ഉപ്പുതോട് നിവാസികളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പ്രഥമ പാതയായിരുന്നു അത്. ഇതിന് ചുക്കാൻപിടിച്ച പി.ടി. തോമസിനെ നാട്ടുകാർ ഇപ്പോഴും നന്ദിയോടെയാണ് സ്മരിക്കുന്നത്.

ജ്യേഷ്ഠന് പിന്നാലെ അനുജനും

അച്ഛൻ മരിച്ചതിനുശേഷം പി.ടിക്കും കുടുംബത്തിനും താങ്ങും തണലുമായി നിന്നത് മൂത്ത സഹോദരൻ ഔസേപ്പച്ചനായിരുന്നു. കഴിഞ്ഞ നവംബർ 16-നായിരുന്നു സഹോദരൻ ഔസേപ്പച്ചന്റെ മരണം. ആ സമയം പി.ടി. വെല്ലൂരിൽ അർബുദ ചികിത്സയിലായിരുന്നു. സഹോദരനെ കാണാൻ അനാരോഗ്യം വകവെക്കാതെ പി.ടി. നാട്ടിലെത്തി. അന്നായിരുന്നു അവസാനമായി ജന്മനാട്ടിലെത്തിയത്. സഹോദരൻ മരിച്ച് 35 ദിവസങ്ങൾക്കുശേഷം പി.ടി.യും യാത്രയായി.

Content Highlights: Remembering PT Thomas; A strong voice from Idukki

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section
Most Commented