തിരുവനന്തപുരം: വൃക്കയും കരളും വിറ്റ് വിശപ്പടക്കേണ്ടി വന്നില്ല, തെരുവുഗായകൻ റൊണാൾഡിനെ തേടി മന്ത്രി ആന്റണി രാജുവും പി.ടി. തോമസ് എം.എൽ.എയും എത്തി. 'വിൽക്കാനുണ്ട് വൃക്കയും കരളും' എന്ന ബോർഡുമായി മുച്ചക്ര സൈക്കിളിൽ സഹായം തേടി അലഞ്ഞ റൊണാൾഡ് എന്ന തെരുവുഗായകന്റെ ജീവിതം മാതൃഭൂമി ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് മന്ത്രിയും എം.എൽ.എയും അദ്ദേഹത്തിന് സഹായവുമായെത്തിയത്. ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരം മ്യൂസിയം വളപ്പിൽ ഇരുവരും റൊണാൾഡിനെ കണ്ടു.

റൊണാൾഡിന്റെ ജയിലിലായ മകന് നിയമസഹായം നൽകുമെന്നും രോഗബാധിതനായ ഒരു മകന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി ആന്റണി രാജു ഉറപ്പു നൽകി.

Antony Raju Meets Ronald
മന്ത്രി ആന്‌റണി രാജു റൊണാള്‍ഡിനെ കണ്ടപ്പോള്‍ | ഫോട്ടോ: മാതൃഭൂമി

റൊണാള്‍ഡിന് വീടുവെച്ചു നല്‍കാന്‍ ചിലര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതിന് ആവശ്യമായ ഭൂമി ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും പി.ടി. തോമസ് എം.എല്‍.എ. അറിയിച്ചു. റൊണാള്‍ഡിന്റെ ജയിലിലായ മകന് നിയമസഹായവും ഒരു മകന് വൈദ്യസഹായവും ഉറപ്പുനല്‍കുമെന്ന്‌ അദ്ദേഹം പറഞ്ഞു. 

Ronald's tricycle
റൊണാള്‍ഡിന്‌റെ വണ്ടി | ഫോട്ടോ: മാതൃഭൂമി

തെരുവില്‍ പാട്ടുപാടി ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്ന റൊണാള്‍ഡിന് ആദ്യം ഭാര്യയെ നഷ്ടമായി. പിന്നാലെ ഒരു മകന്‍ ജയിലിലാവുകയും ഒരുമകന്‍ രോഗബാധിതനാവുകയും ചെയ്തു. വൈകാതെ കാലുകള്‍ തളര്‍ന്നുപോയ റൊണാള്‍ഡിന്റെ ജീവിതം കോവിഡ് വ്യാപനവും നിയന്ത്രണങ്ങളും കൂടുതല്‍ ദുസ്സഹമാക്കി. ഒടുവില്‍ വില്‍ക്കാനുണ്ട് വൃക്കയും കരളും എന്ന ബോര്‍ഡുമായി തെരുവിലേക്കിറങ്ങേണ്ടി വന്നു. റൊണാള്‍ഡിന്റെ കരളലിയിക്കുന്ന ജീവിതം മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തതോടെ നിരവധി പേരാണ് സഹായവുമായി രംഗത്തെത്തിയത്. 

മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് വൃക്കയും കരളും വില്‍ക്കാനുണ്ടെന്ന ബോര്‍ഡ് സൈക്കിളില്‍ നിന്ന് റൊണാള്‍ഡ് മാറ്റി.

Content Highlights: Ronald, Street Singer, Thiruvananthapuram, P T Thomas, Antony Raju