-
കോഴിക്കോട്: പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റില്‍ മത്സ്യവില്‍പനയുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. വ്യാഴാഴ്ച രാവിലെ എസ്.ടി.യു.-സി.ഐ.ടി.യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേയ്ക്ക് നയിച്ചത്.
പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റിലെ മത്സ്യ വില്‍പനക്കാര്‍ തമ്മിലാണ് വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായത്. ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഇരുവിഭാഗത്തിലും പെട്ട പത്തുപേരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിപിടിയുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പേരാമ്പ്രയില്‍ ലീഗിന്റെ തൊഴിലാളി യൂണിയനായ എസ്ടിയുവില്‍നിന്ന് ഒരുവിഭാഗം തൊഴിലാളികള്‍ സിഐടിയുവില്‍ ചേര്‍ന്നിരുന്നു. വ്യാഴാഴ്ച രാവിലെ മാര്‍ക്കറ്റില്‍ മത്സ്യ വില്പന നടത്താന്‍ തങ്ങള്‍ക്കും അവസരം വേണമെന്ന ആവശ്യവുമായി സിപിഎം ലോക്കല്‍ സെക്രട്ടിയുടെ നേതൃത്വത്തില്‍ സിഐടിയു പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു.
ഇവരെ നിലവില്‍ മാര്‍ക്കറ്റില്‍ കച്ചവടം നടത്തിവന്ന എസ്.ടി.യു വിഭാഗം തടഞ്ഞു. തുടര്‍ന്നുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ ഉത്തരവാദപ്പെട്ട സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ നൂറോളം ആളുകളുമായി തൊഴിലാളികളെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് പേരാമ്പ്രയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് യുഡിഎഫ് അറിയിച്ചു.
സംഘര്‍ഷ സ്ഥലത്തുണ്ടായിരുന്നവര്‍ ക്വാറന്റീനില്‍ പ്രവേശിക്കണം
കോവിഡ് രോഗവ്യാപനത്തിന്റെ സാഹചരും നിലനില്‍ക്കവെ പേരാമ്പ്രയില്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ജില്ലാ ഭരണകൂടം കാണുന്നത്. സംഘര്‍ഷ പ്രദേശത്ത് ഉണ്ടായിരുന മുഴുവന്‍ ആളുകളും റൂം ക്വാറന്റീനില്‍ പ്രവേശിക്കണം. ഇവര്‍ അതാത് പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുകയും ഏഴ് ദിവസത്തിന് ശേഷം കോവിഡ് ടെസ്റ്റിന് വിധേയരാകുകയും ചെയ്യണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Content Highlights: Street fight between two factions in Perambra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..