കൊച്ചി: കാക്കനാട്ട് തെരുവുനായ്ക്കളെ കമ്പിയില്‍ കുരുക്കി കൊല്ലുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. നായ്ക്കൾക്ക് വിഷം കുത്തിവച്ചതായും പരാതിയുണ്ട്. വ്യാഴാഴ്ച രാവിലെ തൃക്കാക്കര, കാക്കനാട് ഗ്രീൻഗാർഡൻ റോഡിലാണ് സംഭവം.

കെ.എൽ 40 രജിസ്‌ട്രേഷൻ വാനിലെത്തിയ മൂന്നംഗ സംഘം കമ്പികൊണ്ട് നായ്ക്കളെ കഴുത്തിൽ കുരുക്കി വിഷം കുത്തിവച്ച് കൊലപ്പെടുത്തി വാനിലേക്ക് വലിച്ചെറിയുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് തൊട്ടടുത്ത വീട്ടിനു മുന്നിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞത്. 

നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ നഗരസഭയുടെ നിർദ്ദേശപ്രകാരമാണ് നടപടി എന്നാണ് നായ്പിടിത്തക്കാർ നൽകിയ വിശദീകരണം. എന്നാൽ നായപിടിത്തത്തിന് ആരെയും നിയോഗിച്ചിട്ടില്ലെന്നാണ് നഗരസഭയുടെ പ്രതികരണം. 

സംഭവത്തിൽ മൃഗസ്‌നേഹികളുടെ സംഘടനയായ എസ്.പി.സി.എ നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പോലീസ് കേസെടുത്തു. നായപിടിത്തക്കാരിൽ നിന്ന് സിറിഞ്ചുകളും വിഷപദാർഥങ്ങളും പിടികൂടി. പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. 

കൊലപ്പെടുത്തിയ നായ്ക്കളെ തൃക്കാക്കര നഗരസഭയോട് ചേർന്നുള്ള പുരയിടത്തിൽ കുഴിച്ചിട്ടതായി ഇവർ സമ്മതിച്ചു. ഇവയെ പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തണമെന്ന് മൃഗസ്‌നേഹികൾ ആവശ്യപ്പെട്ടു.

സംഭവം നഗരസഭയുടെ അറിവോടെ അല്ലെന്നും നായപിടിത്തക്കാർക്കെതിരെ നഗരസഭ പരാതി നൽകുമെന്നും തൃക്കാക്കര സഗരസഭ ചെയർ പേഴ്‌സൺ അജിത തങ്കപ്പൻ മാതൃഭൂമിയോട് പറഞ്ഞു. 

നായ്ക്കളോടുളള ക്രൂരതയ്‌ക്കെതിരെ ദിവസങ്ങൾക്കുമുമ്പ് ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. നായ്ക്കളുടെ വന്ധ്യംകരണം പോലും ശാസ്ത്രീയമായി വേണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.

Content Highlights: Cruelty towards Street dogs