കുന്നിക്കോട് : മകന്‍ ഉണ്ടായിട്ടും കുറെ പൂച്ചകളായിരുന്നു ഇന്നലെവരെ ഈശ്വരിയമ്മ(70)യുടെ കൂട്ട്. തെരുവുനായ കടിച്ചെടുത്ത മുറിവില്‍ പുഴുവരിച്ച വേദനയേക്കാള്‍ വലുതായിരുന്നു വാര്‍ധക്യത്തിലെ ആ ഒറ്റപ്പെടല്‍. അവശയായി കിടപ്പിലായതോടെ നാട്ടുകാരുടെ പരാതിയില്‍ കളക്ടര്‍ ഇടപെട്ട് ബുധനാഴ്ച ഇവരെ ആശുപത്രിയിലാക്കി.

തലവൂര്‍ ഞാറയ്ക്കാട് ചാമല പീലിക്കോട് കോളനിയിലെ ശ്രീവിലാസം വീട്ടില്‍ തനിച്ചായിരുന്നു ഈശ്വരിയമ്മ. ഒരുമാസംമുന്‍പ് തെരുവുനായയുടെ കടിയേറ്റതോടെ പരസഹായം വേണമെന്നായി. മകനും ബന്ധുക്കളുമൊക്കെ ഉണ്ടെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. അയല്‍വാസികളും നാട്ടുകാരും ചേര്‍ന്നാണ് ഇതുവരെ ചികിത്സിച്ചത്. നായകടിച്ച മുറിവ് ഉണങ്ങാതെ പുഴുവരിച്ചതോടെ മണ്‍തറയില്‍ പായവിരിച്ചും പഴന്തുണികള്‍ കൂട്ടിയിട്ടും ഒരേകിടപ്പായി. കൂട്ടിന് കുറെ പൂച്ചകളും. നാട്ടുകാര്‍ നല്‍കുന്ന ഭക്ഷണമാണ് ജീവന്‍ നിലനിര്‍ത്തിയത്.

സ്ഥിതി വഷളാകുമെന്ന് ബോധ്യമായതോടെ നാട്ടുകാര്‍ ആരോഗ്യപ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും വിവരം അറിയിച്ചെങ്കിലും ആരും വകവെച്ചില്ല. ഉടനെ കളക്ടറെ ഫോണില്‍ പരാതി അറിയിച്ചു. പിന്നാലെ തലവൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ ആംബുലന്‍സുമായി സ്ഥലത്തെത്തി. ഈശ്വരിയമ്മയുടെ ഒപ്പംപോകാന്‍ നാട്ടുകാര്‍ തയ്യാറായെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ വിട്ടുനിന്നതോടെ നാട്ടുകാരും പ്രതിഷേധം അറിയിച്ച് പിന്‍വാങ്ങി. തര്‍ക്കത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഈശ്വരിയമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി വഴിയില്‍ ഇരുത്തേണ്ടിവന്നു.

ഒടുവില്‍ തലവൂര്‍ പി.എച്ച്.സി.യിലെ മെഡിക്കല്‍ ഓഫീസര്‍ ഇടപെട്ടാണ് ആശാ പ്രവര്‍ത്തകയെ ഒപ്പം അയച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എസ്.രാകേഷും പോലീസും സ്ഥലത്തെത്തിയിരുന്നു. ഈശ്വരിയമ്മ ഇപ്പോള്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സയിലാണ്. ചികിത്സ പൂര്‍ത്തിയായാല്‍ അധികൃതര്‍ ഇടപെട്ട് സംരക്ഷണം ഒരുക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

40 വര്‍ഷത്തോളം കശുവണ്ടിത്തൊഴിലാളിയായിരുന്നു ഈശ്വരിയമ്മ. അധികൃതരുടെ ഇടപെടലുണ്ടായാലേ ഇനി ഇവരുടെ തുടര്‍ സംരക്ഷണം സാധ്യമാകൂവെന്ന് നാട്ടുകാര്‍ പറയുന്നു.

Content Highlight: street dog bite orphaned mother